SignIn
Kerala Kaumudi Online
Saturday, 02 July 2022 10.02 PM IST

2024 ആകുമ്പോഴേയ്ക്കും മോദിയുടെ പ്രതിച്ഛായ മങ്ങും; അങ്ങനെ ചിന്തിക്കാൻ കോൺഗ്രസിന് ഒരു കാരണമുണ്ട്

narendra-modi

രാജസ്ഥാനിലെ ഉദയ്‌പൂരിൽ മൂന്നു ദിവസം നീണ്ട കോൺഗ്രസിന്റെ ചിന്തൻ ശിബിരം ഒരു വഴിപാടു പോലെ നടത്തി അവസാനിപ്പിച്ചു. കാതലായ ഒരു വിഷയവും അവിടെ ചർച്ച ചെയ്യപ്പെട്ടില്ല ; ഒരു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തിയതുമില്ല. രാജ്യത്തിന്റെ നാനാഭാഗത്തു നിന്ന് വന്ന നേതാക്കൾ ഏതാനും ആശയങ്ങൾ മുന്നോട്ടുവച്ചു. അവയെക്കുറിച്ച് തൊലിപ്പുറമേ ചില ചർച്ചകളും നടന്നു

ഒരു കുടുംബത്തിൽ നിന്ന് ഒരാളേ മത്സരിക്കാവൂ, ഒരു നേതാവ് ഒരു സമയം ഒരു പദവിയേ കൈയാളാവൂ, നേതാക്കൾക്ക് പ്രായപരിധി ഏർപ്പെടുത്തണം എന്നൊക്കെ ചില ചില്ലറ ആവശ്യങ്ങൾ ഉയർന്നു വരാതിരുന്നില്ല. പക്ഷേ അവയ്ക്കൊന്നും തൃപ്തികരമായ ഒരു പരിഹാരവുമുണ്ടായില്ല. പട്ടിക സമുദായക്കാർക്കും സ്ത്രീകൾക്കും മറ്റു ദുർബല വിഭാഗങ്ങൾക്കും പാർട്ടിയിൽ മുന്തിയ പരിഗണന നൽകണമെന്ന മട്ടിൽ ഒരു ഒഴുക്കൻ തീരുമാനമാണ് ഉണ്ടായത്.

മുമ്പും ഇതുപോലുള്ള പല തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം ഏട്ടിലെ പശുവായി പുല്ലു തിന്നാതെയും പാൽ ചുരത്താതെയും അവശേഷിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഇപ്പോഴത്തെ തീരുമാനങ്ങളും ഏതാണ്ട് അതേരീതിയിൽ പര്യവസാനിക്കാനാണ് സാദ്ധ്യത. തീവ്രദേശീയ വികാരവും ഹിന്ദുത്വവും ആളിക്കത്തിച്ച് ബി.ജെ.പി സൃഷ്ടിക്കുന്ന വൈകാരികതയെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കാതലായ ഒരു ചർച്ചയും ഉദയ്‌പൂരിൽ നടന്നില്ല.

പ്രാദേശിക കക്ഷികളെ തടുത്തുകൂട്ടി ഒരു മഴവിൽ സഖ്യമെങ്കിലും രൂപീകരിക്കുന്നതിനെക്കുറിച്ചും കാര്യമായ ചിന്തയൊന്നും ഉണ്ടായില്ല. ഗംഗാസമതലത്തിൽ പാർട്ടിക്ക് നഷ്ടപ്പെട്ട ബഹുജന അടിത്തറ എങ്ങനെ വീണ്ടെടുക്കാം, സംഘടനാ സംവിധാനം എങ്ങനെ ശക്തമാക്കാം എന്നതിനെക്കുറിച്ചും പ്രത്യേകിച്ച് യാതൊരു തീരുമാനവും ഉണ്ടായില്ല. മൂന്നു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുന്ന പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷ സ്ഥാനത്ത് ആരെ അവരോധിക്കണം എന്ന കാര്യത്തിൽ പോലും വ്യക്തമായ ഒരു തീരുമാനവും ഉണ്ടായില്ല. വരുന്ന ഒക്ടോബർ മാസം രാഹുൽ ഗാന്ധി എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ.

2024 ലെ പൊതു തിരഞ്ഞെടുപ്പാകുമ്പോഴേക്കും നരേന്ദ്രമോദിയുടെ പ്രതിഛായ മങ്ങുമെന്നും ഇപ്പോൾ ഭിന്നിച്ചു നിൽക്കുന്ന പ്രാദേശികകക്ഷികൾ കൂടി കോൺഗ്രസിന്റെ കൊടിക്കീഴിൽ ഒരു സുശക്തമായ മുന്നണി രൂപീകരിക്കുമെന്നും ഒടുവിൽ ഒരു മൂന്നാം യു.പി.എ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും നേതാക്കൾ വെറുതേയെങ്കിലും മോഹിക്കുന്നു. ഇത്തരം ദുർബലമായ പ്രതീക്ഷകളാണ് ഇപ്പോൾ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ജവഹർലാൽ നെഹ്‌റുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയ 1960 കളുടെ തുടക്കം മുതൽ കോൺഗ്രസ് പാർട്ടി ക്രമാനുഗതമായി തളരുകയാണ്. അക്കാലത്ത് പ്രതിപക്ഷ പാർട്ടികൾ തുലോം ദുർബലമായതുകൊണ്ടു കോൺഗ്രസിന്റെ ശൈഥില്യം അത്രതന്നെ പ്രകടമായില്ലെന്നു മാത്രം. നെഹ്റുവിന്റെ മരണശേഷം സംസ്ഥാനങ്ങളിൽ വിമതപ്രവർത്തനം ശക്തമാവുകയും കേരള കോൺഗ്രസ്, ജനകോൺഗ്രസ്, ഉത്കൽ കോൺഗ്രസ്, ഭാരതീയ ക്രാന്തിദൾ, ബംഗ്ളാ കോൺഗ്രസ് എന്നിങ്ങനെ നിരവധി പ്രാദേശികപാർട്ടികൾ രൂപീകൃതമാവുകയും ചെയ്തു.

1967 ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി അതിശക്തമായ വെല്ലുവിളി നേരിട്ടു. പല വടക്കേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടുമന്ത്രിസഭ അധികാരത്തിൽ വന്നു. അതിനുശേഷം 1969 ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പിളർന്നു. 1971 ലെ തിരഞ്ഞെടുപ്പിൽ സംഘടനാ കോൺഗ്രസും മറ്റു പ്രതിപക്ഷപാർട്ടികളും ചേർന്നുണ്ടാക്കിയ മുന്നണിക്കു മേൽ ഇന്ദിരാ കോൺഗ്രസ് വലിയ വിജയം നേടിയെങ്കിലും പാർട്ടി സംഘടനയ്ക്കുണ്ടായ ക്ഷതം ഒരിക്കലും പരിഹരിക്കപ്പെട്ടില്ല. അതിലുപരി കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യം തീർത്തും ഇല്ലാതായി. ഹൈക്കമാൻഡ് സംസ്കാരം ശക്തമായി. മുഖ്യമന്ത്രിമാരെ ഡൽഹിയിൽ നിന്ന് വാഴിക്കുന്ന പതിവ് തുടങ്ങിവച്ചു. പ്രധാനമന്ത്രിയോടുള്ള കൂറും വിശ്വസ്തതയും മാത്രമായി കോൺഗ്രസ് നേതാവിനു വേണ്ട അടിസ്ഥാന യോഗ്യത.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധി പോലും പരാജയപ്പെട്ടു. 1978 ജനുവരി ഒന്നിന് പാർട്ടി വീണ്ടും പിളർന്നു. മുതിർന്ന നേതാക്കളധികം സംഘടനാപക്ഷത്തും ബഹുജനപിന്തുണ ഇന്ദിരാഗാന്ധിക്കുമായിരുന്നു. അതോടെ ഉൾപ്പാർട്ടി ജനാധിപത്യം തീരെയും ഇല്ലാതായി. ഇന്ദിര കല്പിക്കും മറ്റുള്ളവർ അനുസരിക്കും എന്ന നില വന്നു. 1984 ൽ ഇന്ദിരാ ഗാന്ധിയുടെയും 1991 ൽ രാജീവ് ഗാന്ധിയുടെയും ദാരുണമായ കൊലപാതകങ്ങൾക്കു ശേഷം സഹതാപ തരംഗത്താൽ പാർട്ടി അധികാരത്തിൽ വന്നെങ്കിലും മുമ്പ് സംഭവിച്ച ക്ഷതങ്ങളെ അതിജീവിക്കാൻ കഴിഞ്ഞില്ല.

എൺപതുകളുടെ അവസാനം മണ്ഡൽ - മസ്‌ജിദ് രാഷ്ട്രീയം ഉത്തരേന്ത്യയെ ഇളക്കിമറിച്ചു. കോൺഗ്രസിന്റെ പ്രധാന വോട്ടുബാങ്കുകളായ ദളിത്, ബ്രാഹ്മണ, മുസ്ളിം വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു പോയി. ഷാബാനു കേസും ബാബറി മസ്‌ജിദും മുൻ നിറുത്തി ബി.ജെ.പി പ്രധാന പ്രതിപക്ഷമായി വളർന്നു. മറുഭാഗത്ത് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രാഷ്ട്രീയ ജനതാദളും വൻശക്തികളായി മാറി. 1996 ആകുമ്പോഴേക്കും ഭാരതീയ ജനതാപാർട്ടി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

1998 ലും 1999 ലും എ.ബി. വാജ്‌പേയി കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ചു. അതോടെ കോൺഗ്രസിന്റെ ശൈഥില്യം ത്വരിതഗതിയിലായി. 1989 നു ശേഷം ഗംഗാ സമതലത്തിൽ നിന്ന് കോൺഗ്രസ് പാർട്ടി തുടച്ചു നീക്കപ്പെട്ടു. 2004 ലും 2009 ലും കോൺഗ്രസ് നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭകൾ അധികാരത്തിൽ വന്നെങ്കിലും പാർട്ടിക്ക് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിക്കാനോ സംഘടനയെ ചലനാത്മകമാക്കാനോ സാധിച്ചില്ല. നെഹ്റുവിനെപ്പോലെയോ ഇന്ദിരയെപ്പോലെയോ സ്വന്തം നിലയ്ക്ക് വോട്ടു സമാഹരിക്കാൻ കഴിവുള്ള ഒരു നേതാവും ഇല്ലാതെ പോയി. 2014 ലും 2019 ലും കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി. ക്രമേണ സംസ്ഥാനങ്ങളും പാർട്ടിയെ കൈവിട്ടു. നിലവിൽ രാജസ്ഥാനിലും ഛത്തിസ്‌ഗഢിലും മാത്രമാണ് കോൺഗ്രസ് നയിക്കുന്ന സർക്കാരുകളുള്ളത്.

ഒരുകാലത്ത് ശക്തിദുർഗ്ഗമായിരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സ്ഥിതി ഇപ്പോൾ പരിതാപകരമാണ്. 1967 ൽ നഷ്ടപ്പെട്ട സംസ്ഥാനമാണ് തമിഴ്‌നാട്. പിന്നീടൊരിക്കലും അവിടെ തിരിച്ചു വരവ് സാദ്ധ്യമായില്ല. ഒന്നുകിൽ ഡി.എം.കെയുടെ അല്ലെങ്കിൽ അണ്ണാ ഡി..എം.കെയുടെ വാലായി പ്രവർത്തിക്കേണ്ട ഗതികേടാണ് അവിടെ പാർട്ടിക്കുള്ളത്. എക്കാലത്തും കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ആന്ധ്രപ്രദേശ്. അവിടെ ഇപ്പോൾ പാർട്ടിക്ക് മേൽവിലാസം തന്നെ ഇല്ലാതായിരിക്കുന്നു. തെലുങ്കാനയിലും കേരളത്തിലും കർണാടകത്തിലും കോൺഗ്രസാണ് പ്രധാന പ്രതിപക്ഷം. പക്ഷേ യഥാക്രമം തെലുങ്കാന രാഷ്ട്രസമിതിയും മാർക്‌സിസ്റ്റ് പാർട്ടിയും ബി.ജെ.പിയും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ പാർട്ടി പണിപ്പെടുന്നു. മഹാരാഷ്ട്ര നിയമസഭയിൽ കോൺഗ്രസ് നാലാം സ്ഥാനത്താണ്.

ഗുജറാത്തിൽ 1989 മുതൽ ഇങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളും തോറ്റുകൊണ്ടേയിരിക്കുന്നു. എല്ലാ സംസ്ഥാനത്തു ഗ്രൂപ്പിസം ശക്തമാണ്. മുതിർന്ന നേതാക്കൾ സ്ഥാനമാനങ്ങൾക്കുവേണ്ടി കലഹിക്കുകയും ആദ്യത്തെ അവസരത്തിൽ ബി.ജെ.പിയിലേക്കോ മറ്റേതെങ്കിലും പാർട്ടിയിലേക്കോ കൂറുമാറുകയും ചെയ്യുന്നു. ജ്യോതിരാദിത്യ സിന്ധ്യ മുതൽ കെ.വി.തോമസ് വരെ ഉദാഹരണങ്ങൾ നിരവധിയാണ്. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ 23 നേതാക്കൾ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് മാറി നിൽക്കുന്നു. പാർട്ടി നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുകയും ചെയ്യുന്നു. അവരിൽ ചിലർ പാർട്ടി വിട്ടു പോകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. മറ്റുള്ളവർ അകത്തുനിന്ന് ഗുണദോഷിച്ച് കോൺഗ്രസിനെ നന്നാക്കാം എന്നു വ്യാമോഹിക്കുന്നവരാണ്.

ബി.ജെ.പിയോട് എതിർപ്പുള്ള പ്രാദേശിക കക്ഷികൾ കൂടി കോൺഗ്രസിന്റെ ദൗർബല്യത്തെക്കുറിച്ച് ബോദ്ധ്യമുള്ളവരാണ്. തൃണമൂൽ കോൺഗ്രസും ബിജു ജനതാദളും തെലുങ്കാന രാഷ്ട്രസമിതിയും വൈ.എസ്.ആർ കോൺഗ്രസും ആം ആദ്‌മി പാർട്ടിയുമൊന്നും കോൺഗ്രസിന്റെ മേൽക്കോയ്മ അംഗീകരിക്കാൻ തയ്യാറല്ല. കോൺഗ്രസ് കൂടാരത്തിൽ നിൽക്കുന്ന പാർട്ടികൾ എൻ.സി.പിയും രാഷ്ട്രീയ ജനതാദളും ഡി.എം.കെയും ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗും മാത്രമാണ്. അവർ തന്നെയും എക്കാലവും ഉണ്ടാകുമെന്ന് ഉറപ്പില്ല. ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് പറയുമ്പോഴും ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസിനോടു തൊട്ടുകൂടായ്‌മ വച്ചുപുലർത്തുന്നു. സമാജ് വാദി പാർട്ടിയുടെയും ബഹുജൻ സമാജ് പാർട്ടിയുടെയും നിലപാടും ഒട്ടും വ്യത്യസ്തമല്ല.

2024 ആകുമ്പോഴേക്കും ഒരു ദേശീയ ബദൽ രൂപീകരിക്കുക കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ശ്രമസാദ്ധ്യമായ ഒന്നല്ല. പ്രാദേശിക കക്ഷികളുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് അവരുമായി ഒരു സീറ്റുധാരണയിലെങ്കിലും എത്താൻ കഴിഞ്ഞാൽത്തന്നെ വലിയ നേട്ടമായിരിക്കും. അതിനു മുമ്പ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും നഷ്ടപ്പെട്ട രാഷ്ട്രീയ വിലപേശൽ ശക്തി വീണ്ടെടുക്കാനും കഴിയണം. അതിന് ഇപ്പോഴുള്ള നേതൃത്വം തീരെയും അപ്രാപ്തമാണ്. നെഹ്റു കുടുംബത്തിൽ ശക്തനായ ഒരു നേതാവുമില്ല. പുറത്തു നിന്ന് ഒരു നേതാവിനെ ആലോചിക്കാനും കഴിയില്ല. ഇനി അങ്ങനെയൊരു നേതാവ് ഉയർന്നു വന്നാലും അണികളുടെ അംഗീകാരം നേടിയെടുക്കുക അതിലും ദുഷ്‌കരമാണ്.

ചിന്തൻ ശിബിറിനു ശേഷവും പാർട്ടിയിൽ ഗുണപരമായ യാതൊരു മാറ്റവും ഉണ്ടായി കാണുന്നില്ല. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ രാജിവച്ചു. അഞ്ചുവർഷം മുമ്പ് കൊട്ടുംകുരവയുമായി കോൺഗ്രസുകാർ എതിരേറ്റു കൊണ്ടുവന്ന നേതാവാണ് അദ്ദേഹം. പട്ടേൽ ബി.ജെ.പിയിലേക്കോ ആം ആദ്‌മിയിലേക്കോ പോകുന്നത് എന്ന ചോദ്യമേ അവശേഷിക്കുന്നുള്ളൂ. ഈയിടെ തിരഞ്ഞെടുപ്പു കഴിഞ്ഞ് വലിയ പരാജയം ഏറ്റുവാങ്ങിയ പഞ്ചാബിൽ മുൻ പ്രതിപക്ഷ നേതാവും പി.സി.സി അദ്ധ്യക്ഷനുമായിരുന്ന സുനിൽ ജാഖർ രാജിവച്ചു.

മുതിർന്ന നേതാവും മുൻ ലോക്‌സഭാ സ്പീക്കറുമായിരുന്ന ബൽറാം ജാഖറുടെ മകനാണ് സുനിൽ. ബി.ജെ.പി വച്ചുനീട്ടുന്ന രാജ്യസഭാംഗത്വം സ്വീകരിച്ച് അങ്ങോട്ടു പോകാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും ഛത്തിസ്‌ഗഢിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് മാറാൻ കാത്തുനിൽക്കുകയാണ്. മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പോയി. മറ്റു പലരും പോകാൻ തയ്യാറെടുത്തു നിൽക്കുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ കോൺഗ്രസ് മുക്തഭാരതം എന്ന സ്വപ്നം സഫലമാക്കാൻ അമിത് ഷായും സംഘവും അധികകാലം കാത്തിരിക്കേണ്ടി വരില്ല.

(അഡ്വ. എ. ജയശങ്കർ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARENDRA, MODI, 2024, MODI YOGI, NATIONAL, NEWS360, NEWS 360, EXPLAINER, OPINION, KERALA KAUMUDI, KAUMUDI, ELECTION, NATIONALS, NATIONAL, POLITICS, BJP, CONGRES
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.