കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ പി സി ജോർജ് തിരുവനന്തപുരത്തുണ്ടെന്ന് മകൻ ഷോൺ ജോർജ്. പി സി ജോർജ് ഒളിവിലാണെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഷോൺ. പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
'പി സി ജോർജ് തിരുവനന്തപുരത്തുണ്ട്. പിണറായിയുടെ പൊലീസിന് നിന്നുകൊടുക്കേണ്ട കാര്യമുണ്ടോ? ഞങ്ങൾ നിയമപരമായാണ് മുന്നോട്ട് പോകുന്നത്. അറസ്റ്റ് ചെയ്യില്ലെന്ന് കമ്മീഷണർ പത്രസമ്മേളനത്തിൽ പറഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം മാറിയെങ്കിൽ തീരുമാനം പൊലീസിന്റെയല്ല, മറിച്ച് പിണറായി വിജയന്റേതാണ്. അത് അനുസരിക്കാനും പ്രീണന അറസ്റ്റിന് നിന്നുകൊടുക്കാനും ഞങ്ങൾക്ക് താത്പര്യമില്ല. പി സി ജോർജിന്റെ ഫോൺ ഒരാഴ്ചയായി സ്വിച്ച് ഓഫാണ്. അദ്ദേഹത്തിന്റെ നമ്പർ ലോകത്തുള്ള എല്ലാ മനുഷ്യർക്കും അറിയാം. ഫോൺ ഓൺ ചെയ്താൽ വൃത്തികേടും തെറിവിളിയും മാത്രമാണ്. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മറ്റൊരു നമ്പർ കയ്യിലുണ്ട്'- ഷോൺ ജോർജ് പറഞ്ഞു.
അതേസമയം, ഒളിവിൽ പോയ പി സി ജോർജിനെ അറസ്റ്റുചെയ്യാൻ തെരച്ചിൽ ശക്തമാക്കി പൊലീസ്. ഈരാറ്റുപേട്ടയിലെ വീട്ടിലടക്കം ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.
മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ നീങ്ങുന്നതെന്നുമാണ് പി സി ജോർജ് ആരോപിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വെണ്ണലയിലും സമാന രീതിയിലുളള പരാമർശങ്ങൾ ആവർത്തിച്ചെന്ന പരാതിയെത്തുടർന്ന് ഈ മാസം 10നാണ് പാലാരിവട്ടം പൊലീസ് ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |