കൊച്ചി: നടിയെ ആക്രമിച്ച് പൾസർ സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമയുമായ ശരത് ജി. നായരുടെ കൈയിലെത്തിയെന്ന് പ്രത്യേകം അന്വേഷണ സംഘം. കേസിൽ ശരത്തിനെ 15-ാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശരത്തിന്റെ കൈയിൽ ദൃശ്യങ്ങൾ എങ്ങനെയെത്തിയെന്ന വിവരം പുറത്തുവന്നിട്ടില്ല. ഐ.പി.സി 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
റിപ്പോർട്ട് വേഗത്തിൽ നൽകിയത് തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന. തുടരന്വേഷണത്തിൽ ശരത്തിനെ മാത്രമേ പ്രതി ചേർത്തിട്ടുള്ളൂ. കേസിൽ ഇതുവരെ 15 പേരെയാണ് പ്രതിചേർത്തത്. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി. രണ്ടു പേരെ നേരത്തെ വെറുതേവിട്ടിരുന്നു. അങ്കമാലി മജിട്രേട്ട് കോടതി ഈ റിപ്പോർട്ട് സെഷൻസ് കോടതിക്ക് അടുത്ത ദിവസം കൈമാറും.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വിട്ടിൽ എത്തിച്ചത് ശരത്തായിരുന്നെന്നും ഇവിടെവച്ച് ദിലീപും സുഹൃത്തുക്കളും ദൃശ്യങ്ങൾ കണ്ടെന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങൾ കൈയിലില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് ശരത് പറയുന്നത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ദിലീപ് എട്ടാം പ്രതിയായി തുടരും. തുടരന്വേഷണത്തിൽ ദിലീപിനെതിരെ നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കാവ്യയെ സാക്ഷിയായാണ് അധികകുറ്റപത്രത്തിലും ഉൾപ്പെടുത്തിയത്.
സർക്കാർ സ്വന്തക്കാരെ രക്ഷിച്ചെന്ന് കെ.കെ. രമ
നടി അക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ച് സർക്കാർ സ്വന്തക്കാരെ രക്ഷിക്കുകയാണെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ടി.പിയെ വധിച്ച ക്വട്ടേഷൻ സംഘങ്ങളുടെ വക്കീലായിരുന്ന രാമൻപിള്ള കേസിൽ അകപ്പെടുമെന്ന ഘട്ടത്തിലാണ് ആഭ്യന്തരവകുപ്പ് കേസ് അട്ടിമറിക്കാൻ തുടങ്ങിയത്.
ടി.പി കേസ് പ്രതികളായ കൊടിസുനി, കിർമാണി മനോജ്, എം.സി. അനൂപ് എന്നിവർക്കായി വാദിച്ച, സി.പി.എമ്മിന്റെ സ്വന്തം വക്കീലായിരുന്നു രാമൻപിള്ള. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനും ഫോൺകാൾ രേഖകളടക്കം നശിപ്പിക്കാനും കൂട്ടുനിന്നെന്ന് കണ്ടെത്തി ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത്. രാമൻപിള്ള പ്രതിയായാൽ സി.പി.എമ്മിന്റെ കള്ളിക്കളികൾ വെളിച്ചത്താകുമെന്ന ഭയമാണ് ഇതിന് കാരണം. കേസ് അട്ടിമറിക്കെതിരെ ഡബ്ലിയു.സി.സി പോലും മൗനത്തിലായത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |