ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ രണ്ടാമൂഴത്തിന് ശ്രമിക്കുന്നതിനിടെ 140 പ്രചാരണ റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇതേ രീതിയിൽ പ്രചാരണം നടത്തിയ മറ്റൊരാളുണ്ട്. മോദിയുമായി ഏറെ സാമ്യമുള്ള ഒരാൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയുടെ അത്രതന്നെ റാലികളാണ് അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്‌ഷനിൽ ട്രംപും നടത്തിയത്.
2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം 'അമേരിക്കയെ ഒരിക്കൽ കൂടി മഹത്തരമാക്കൂ' എന്ന വാചകത്തെ ചുറ്റിപറ്റി ആയിരുന്നു. ഇന്ത്യയിലേക്ക് വരുമ്പോൾ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ പ്രചാരണം 'നമോ ഒരിക്കൽ കൂടി' എന്നാണ്. 'നമോ' എന്നത് മോദി അനുകൂലികൾ വിളിക്കുന്ന മോദിയുടെ ചുരുക്കപ്പേരാണ്.
2016ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജയത്തിലെത്താൻ ട്രംപ് ഏറ്റവും കൂടുതൽ ഉപയോഗിച്ച കാര്യങ്ങളിലൊന്ന് അമേരിക്കയുടെ തെക്കുള്ള അയൽരാജ്യം മെക്സിക്കോയെ വിമർശിക്കുകയെന്നതായിരുന്നു. മെക്‌സിക്കോക്കെതിരായ വാക്കുകൾ കൊണ്ട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തു. ഏറെക്കുറെ അതേ പാതയിൽ തന്നെയായിരുന്നു 2019ൽ മോദിയും. ഇവിടെ പാകിസ്ഥാനെയും ഭീകരവാദത്തെയും ആണ് മോദി ഇത്തരത്തിൽ പ്രചാരണത്തിനായി ഉപയോഗിച്ചത്. പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ താനാണ് കാര്യക്കാരൻ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ മോദി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ പ്രചാരണങ്ങളിൽ ട്രംപിന്റെ നിരവധി അപരന്മാരെ കാണാൻ കഴിയുമായിരുന്നു. തെളിഞ്ഞ മഞ്ഞ നിറത്തിലുള്ള വിഗ്ഗുകളും ചുവപ്പിച്ച തൊലിയും ചുവന്ന ടൈയുമായി ട്രംപുമാർ പ്രചാരണങ്ങളിൽ നിറഞ്ഞു. വെള്ളത്താടിയും കണ്ണടയും ധരിച്ച മോദിമാരുടെ മുഖംമൂടികൾ പ്രചാരണങ്ങളിൽ ബി.ജെ.പി സജവീമായി ഉപയോഗിച്ചിരുന്നു.
തിരഞ്ഞെടുപ്പ് റാലികളിൽ ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാൻ ഡൊണാൾഡ് ട്രംപിനും നരേന്ദ്രമോദിക്കും ഇരു ഒരു പ്രത്യേക കഴിവാണുള്ളത്.
മോദിയുടെയും ട്രംപിന്റെയും റാലികളിൽ പ്രധാന വസ്ത്രം തൊപ്പികളാണ്. അവിടെ അത് 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ' തൊപ്പികളാണെങ്കിൽ ഇവിടെ അത് 'നാമോ എഗെയിൻ' പതിച്ച തലപ്പാവുകളാണ്. നരേന്ദ്ര മോദി ധരിക്കുന്നത് പോലെയുള്ള വെയിസ്റ്റ് കോട്ടും ധരിച്ചുകൊണ്ടാണ് പലരും പ്രചാരണങ്ങളിൽ എത്തുന്നത്.
സോഷ്യമീഡിയയിൽ എറ്റവും കൂടുതൽ ഫോളോവേർസ് ഉള്ള നേതാക്കളാണ് ട്രംപും മോദിയും. ട്രംപിനെപ്പോലെതന്നെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങാൻ സോഷ്യൽ മീഡിയയാണ് മോദിയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ട്രംപിന്റെ ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണം 60.4 മില്ല്യൺ ആണെകിൽ തൊട്ടുപിറകിലുള്ള മോദിക്ക് 47.3 മില്ല്യൺ ഫോളോവേർസ് ഉണ്ട്.
മോദി വാർത്താസമ്മേളനം നടത്താതും മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തതും ഇന്ത്യയിൽ ചർച്ചാവിഷയമാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനുവദിച്ച രണ്ട് അഭിമുഖങ്ങളും വിവാദവും ആയിരുന്നു. മോദി ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലും മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകിയിരുന്നില്ല. മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്ന കാര്യത്തിലും മോദി ട്രംപിന്റെ ഉറ്റ തോഴനാണ്. തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാത്തവരെയും തന്റെ പാർട്ടിയോട് അടുപ്പം കാണിക്കുന്നവരെയുമാണ് മോദി ഇതിനായി തിരഞ്ഞെടുക്കുക. ഫോക്സ് ന്യൂസിനോട് മാത്രം അടുപ്പം കാണിക്കുന്ന ട്രംപും ഇതേ സ്വഭാവക്കാരനാണ്.
'മോദി മോദി' എന്ന് വിളിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് റാലികളിൽ ജനങ്ങൾ നരേന്ദ്രമോദിയെ വരവേൽക്കുന്നത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ 'യു.എസ്.എ, യു.എസ്.എ' വിളികളിലൂടെയാണ് ട്രംപ് ജനങ്ങളെ കൈയിലെടുത്തത്.
ജനങ്ങളെ കൈയിലെടുക്കാൻ ഇരുനേതാക്കൾക്കും പ്രത്യേകം കഴിവുണ്ട്. തന്റെ പ്രസംഗത്തിൽ പാകിസ്ഥാനെയും തീവ്രവാദ പ്രശ്നത്തെയും ഉൾപ്പെടുത്താൻ മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 'അവരുടെ രാജ്യത്തുപോയി തീവ്രവാദികളെ ഞങ്ങൾ കൊന്നത് തെറ്റാണോ?' .മോദിയുടെ ചോദ്യത്തിന് മറുപടിയായി ആയിരം 'ഇല്ലാ, ഇല്ലാ' വിളികൾ മുഴങ്ങി. എതിർപാർട്ടികളേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും വിമർശിക്കാൻ മോദി മറന്നില്ല.
എതിർപ്പാർട്ടിയായ കോൺഗ്രസിന്റെ കുടുംബവാഴ്ചയെയും ഉപരിവർഗ മനോഭാവത്തെയും പലപ്പോഴും മോദി ഉന്നം വയ്ക്കാറുണ്ട്. ട്രംപ് ആകട്ടെ ഹിലരിയെയും ഭർത്താവും മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റനെയും വിമർശിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. ഡെമോക്രാറ്റ് പാർട്ടിക്കാരുടെ അപ്പർ ക്ലാസ്സ് ചിന്താഗതിയെയും ട്രംപ് ഉന്നം വെയ്ക്കുന്നു.
മോദിയുടെ വിമർശനങ്ങൾ പലതും അതിര് കടക്കുന്നവയാണെന്നും സഭ്യമല്ലാത്തതാണെന്നും പലപ്പോഴും പ്രതിപക്ഷം ആരോപിക്കാറുമുണ്ട്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു അഴിമതിക്കാരനായാണ് മരണമടഞ്ഞതെന്നുള്ള മോദിയുടെ വാക്കുകൾ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സെനറ്റർ ജോൺ മക്കയിനെതീരെ ട്രംപ് തൊടുത്ത വിമർശനങ്ങളെയാണ് ഇത് ഓർമ്മിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |