സ്കോട്ട്ലൻഡിലെ തന്നെ ഏറ്റവും ചെലവേറിയ ബംഗ്ലാവ് എന്ന ഖ്യാതിയുള്ള അബർഡീൻഷെയറിലെ ഡാൽഹെബിറ്റി ഹൗസ് വില്‌പനയ്ക്ക്. 7.5 ദശലക്ഷം പൗണ്ടിന് (72 കോടി രൂപ) ആണ് ബംഗ്ലാവ് വില്‌പനയ്ക്ക് വച്ചിരിക്കുന്നത്. ഡയാന രാജകുമാരിയുമായുള്ള ബന്ധമാണ് വീടിനെ ശ്രദ്ധേയമാക്കുന്നത്. ഡയാനയുടെ മുത്തശ്ശിയുടെ ബംഗ്ലാവ് നിലനിന്നിരുന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
പത്തേക്കർ സ്ഥലത്ത് 30000 അടി സ്ക്വയർ ഫീറ്റിലാണ് ബംഗ്ലാവിന്റെ നിർമ്മാണം. എട്ടു മുറികളും ജീവനക്കാർക്കുള്ള താമസസൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്പാ, ടെന്നീസ് കോർട്ട്, സ്വിമ്മിംഗ് പൂൾ, തടാകം എന്നിവയും വീടീന്റെ ഭാഗമാണ്. സമ്മർഹൗസും ബംഗ്ലാവിനെ കൂടുതൽ ആഡംബരപൂർണമാക്കുന്നു.
ബംഗ്ലാവിലേക്ക് പ്രവേശിക്കുമ്പോൾ അതിഥികളെ സ്വീകരിക്കുന്ന ഹാളിലെ താഴികക്കുടമുള്ള സ്റ്റെയിൻഡ് ഗ്ലാസ് കപ്പോള ആകർഷണീയമാണ്.
26 അതിഥികളെ ഉൾക്കൊള്ളാവുന്ന ഡൈനിംഗ് ഹാളിൽ പാർട്ടികൾ നടത്താനും സൗകര്യമുണ്ട്. അതിഥികൾക്കും ഉടമകൾക്കും സ്റ്റീം ബാത്ത്,. മസാജ് എന്നിവയ്ക്കുള്ള സൗകര്യമുണ്ട്. ലൈബ്രറി, കോക്‌ടെയിൽ ബാർ, റീഡിംഗ് ലോഞ്ച് എന്നിവയും ബംഗ്ലാവിന്റെ പ്രത്യേകതയാണ്.