കൊച്ചി: കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സായ ഡി.എം ന്യൂറോളജിയിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ മോപ് അപ്പ് കൗൺസലിംഗ് നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറലിനും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ഒഴിവുള്ള എല്ലാ സീറ്റുകളിലും പ്രവേശനത്തിന് മോപ് അപ് കൗൺസലിംഗ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി വൈക്കം സ്വദേശി ഡോ. എസ്. പാർവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ഈ കോഴ്സിനു ചേർന്ന വിദ്യാർത്ഥിക്ക് എംയിസിൽ പ്രവേശനം ലഭിച്ചപ്പോഴാണ് ഒഴിവ് വന്നത്.
ഒ.സി.ഐ വിദ്യാർത്ഥികൾക്ക് എൻ.ആർ.ഐ സീറ്റ്
തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒ.സി.ഐ വിദ്യാർത്ഥികൾക്ക് സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് ജൂൺ രണ്ടിന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ: 04712525300
സി.യു.ഇ.ടി ബിരുദ പരീക്ഷ
തിരുത്തലുകൾക്ക് അവസരം
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് ആവശ്യമായ തിരുത്തലുകൾ മേയ് 31 വരെ വരുത്താം. പരീക്ഷാനടത്തിപ്പിനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് cuet.samarth.ac.in എന്ന വെബ്സെറ്റിലെ കറക്ഷൻ ലിങ്കിലൂടെ വിദ്യാർത്ഥികൾക്ക് തിരുത്തലുകൾക്കുള്ള അവസരം നൽകിയത്. ഇതിന് പ്രത്യേക ഫീസ് ഇല്ല. അതേസമയം പേര്, മൊബൈൽ നമ്പർ, രക്ഷിതാക്കളുടെ പേര്, നാഷണാലിറ്റി, ആധാർ കാർഡ് നമ്പർ, ഇമെയിൽ, ജനനതീയതി, വിലാസം എന്നിവയിൽ മാറ്റം വരുത്താൻ അനുവാദമില്ല.
എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം കോഴ്സ്
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ 2022-24 അദ്ധ്യയന വർഷത്തേക്ക് എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന് മേയ് 30നകം അപേക്ഷിക്കാം. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരമുള്ള കോഴ്സിന് 50 ശതമാനം മാർക്കിൽ ഡിഗ്രിയും KMAT/CMAT/CAT യോഗ്യത ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ www.kittsedu.orgൽ. ഫോൺ:9446529467, 0471-2329539
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |