ഓസ്റ്റിൻ : കഴിഞ്ഞ ദിവസം യു.എസിൽ ടെക്സസിലെ യൂവാൽഡീ നഗരത്തിലെ റോബ് എലിമെന്ററി സ്കൂളിൽ നടന്ന വെടിവയ്പിൽ 19 കുട്ടികളും 2 അദ്ധ്യാപകരും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി സാൽവഡോർ റാമോസ് ( 18 ) ആക്രമണത്തിന് മുന്നേ തന്റെ പദ്ധതി ഓൺലൈൻ ചാറ്റിംഗിലൂടെ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്.
തന്റെ മുത്തശ്ശിയുടെ മുഖത്ത് വെടിവച്ചെന്നും ഒരു എലിമെന്ററി സ്കൂൾ ആക്രമിക്കാൻ പദ്ധതിയുണ്ടെന്നും ഒരു ജർമ്മൻ പെൺകുട്ടിയ്ക്കാണ് റാമോസ് സന്ദേശമയച്ചത്. ആക്രമണത്തിന് തൊട്ടുമുന്നേയായിരുന്നു ഇത്. ഹൈസ്കൂൾ ബിരുദം നേടാനാകാത്തതിൽ റാമോസിനെ മുത്തശ്ശി വഴക്കു പറഞ്ഞിരുന്നു. ഇതായിരിക്കാം ഇരുവരും തമ്മിൽ കലഹക്കിലേക്ക് നയിച്ചതെന്ന് കരുതുന്നു. മുത്തശ്ശിയുടെ നില ഇപ്പോഴും ഗുരുതരമാണ്.
അതേ സമയം, സ്കൂൾ കെട്ടിടത്തിനുള്ളിൽ റാമോസ് 40 മിനിറ്റിലേറെ ചെലവഴിച്ചെന്ന് ചില ദൃക്‌സാക്ഷികൾ ആരോപിച്ചു. തങ്ങൾ ആവശ്യപ്പെട്ടിട്ടും പൊലീസ് കെട്ടിടത്തിലേക്ക് കയറാൻ വൈകിയെന്നും ഇവർ ആരോപിച്ചു. കുട്ടികളെയും അദ്ധ്യാപകരെയും ഒരു ക്ലാസ് മുറിയിലേക്ക് കയറ്റി റാമോസ് തടഞ്ഞുവയ്ക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.