വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഏകാധിപത്യം ലോകം നയിക്കുമെന്ന് ഷി മുന്നറിയിപ്പ് നൽകിയെന്ന് ബൈഡൻ പറഞ്ഞു. യു.എസ് നേവൽ അക്കാഡമിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച ബൈഡനെ അഭിനന്ദിക്കാനായാണ് ഷി വിളിച്ചത്. 21ാം നൂറ്റാണ്ടിൽ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നും ഏകാധിപത്യം ലോകം ഭരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ഥിതിഗതികളെല്ലാം പെട്ടെന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന് സമവായം ആവശ്യമാണ്. അതിന് സമയമെടുക്കും. പക്ഷെ, അതിന് നമ്മുടെ പക്കൽ സമയവുമില്ലെന്ന് ഷി പറഞ്ഞു. എന്നാൽ, അദ്ദേഹം പറഞ്ഞത് തെറ്റാണ്.
ബിരുദം നേടി നിങ്ങൾ പുറംലോകത്തേയ്ക്ക് ഇറങ്ങുകയാണ്. അമേരിക്കൻ സൈന്യത്തിന്റെ അഭിമാനമാണ് നിങ്ങളേവരും. നിങ്ങൾ ജനാധിപത്യ സംരക്ഷകർ കൂടിയാണ്. അതുകൊണ്ടാണ് ഭരണഘടന മുമ്പാകെ തന്നെ നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തതെന്നും ബൈഡൻ പറഞ്ഞു.
@ ഉവാൾഡെ, ദുഃഖത്തിൽ പങ്കുചേർന്ന് ബൈഡനും
അമേരിക്കയിലെ ഉവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ വെടിവയ്പിൽ മരിച്ച 19 കുട്ടികളുടെയും രണ്ട് അദ്ധ്യാപികമാരുടെയും കുടുംബാംഗങ്ങളെ കണ്ടു നേരിട്ട് അനുശോചനം രേഖപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡൻ. പ്രഥമവനിതയായ ജിൽ ബൈഡനും ഒപ്പമുണ്ടായിരുന്നു.
ഉവാൾഡെക്കാരുടെ വേദനയിൽ പങ്കുചേരുന്നു.രാജ്യം നടുങ്ങിയിരിക്കുകയാണ്. നാമെല്ലാം അവർക്കൊപ്പം ഉണ്ടായിരിക്കണമെന്നും ബൈഡൻ പറഞ്ഞു.
@ തോക്ക് ലോബിക്കെതിരെ നടപടിയെടുക്കണം
അതേസമയം, രാജ്യത്തെ തോക്ക് ലോബിക്കെതിരെ നടപടിയെടുക്കണമെന്ന് ആൾക്കൂട്ടം ബൈഡനോട് അഭ്യർത്ഥിട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോടൊപ്പം പള്ളിയിൽ പ്രാർത്ഥിച്ച് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ജനങ്ങൾ ബൈഡനെ സമീപിച്ചത്.
നമുക്ക് മാറ്റങ്ങൾ വേണമെന്നും ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ജനങ്ങൾ ബൈഡനോട് അഭ്യർത്ഥിച്ചു. ഇത് അവസാനിപ്പിക്കുമെന്ന് ബൈഡൻ ജനക്കൂട്ടത്തോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |