SignIn
Kerala Kaumudi Online
Friday, 26 April 2024 6.20 PM IST

ജില്ലയിൽ നിന്നും ഏഴുപേർ സിവിൽ സർവീസിലേക്ക്

an

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ തലസ്ഥാന ജില്ലയ്‌ക്ക് തിളക്കമാർന്ന വിജയം. സംസ്ഥാനത്ത് ആകെ വിജയിച്ച 25 പേരിൽ ഏഴ് പേരും ജില്ലയിൽ നിന്നുള്ളവരാണ്. നൂറാം റാങ്ക് നേടിയ ഉപ്പളം റോഡ് നിർമ്മലയിൽ കിരൺ.പി.ബിക്കാണ് ജില്ലയിൽ നിന്നുള്ള ഉയർന്ന മാർക്ക്. 108-ാം റാങ്ക് നേടിയ ആറാമട പുന്നയ്‌ക്കാമുകൾ സ്വദേശി റോജ എസ്.രാജനാണ് തൊട്ടുപിന്നിൽ. 278-ാം റാങ്ക് നേടിയ മലയിൻകീഴ് പെരുകാവ് ബാലത്തിൽ ജിതിൻ കൃഷ്ണ.ബി, 317-ാമത് റാങ്ക് നേടിയ പി.എം.ജി സ്വദേശി ഹൃദ്യ എസ്.വിജയൻ, 463-ാം റാങ്ക് നേടിയ ശ്രീകാര്യം ചെറുവയ്ക്കൽ റോസ് ഗാർഡൻസിൽ അഞ്‌ജലി ഭാവന, 477-ാം റാങ്ക് നേടിയ പേട്ട ചായകുടി ലെയിൻ അഞ്ജനത്തിൽ ആതിര എസ്.കുമാർ,523-ാമത് റാങ്ക് നേടിയ കവടിയാർ ആശ്രമയിൽ പ്രപഞ്ച്‌ എന്നിവരാണ് ജില്ലയിൽ നിന്ന് സിവിൽ സർവീസിൽ ഇടം നേടിയവർ.

റാങ്കുകാരി റോജയുടെ ലക്ഷ്യം ഐ.എഫ്.എസ്

തിരുവനന്തപുരം: ഐ.എ.എസ് എന്ന മൂന്നക്ഷരത്തെ കഠിനാദ്ധ്വാനത്തിലൂടെ കൈയെത്തി പിടിച്ചിരിക്കുകയാണ് റോജ രാജൻ. സിവിൽ സർവീസ് പരീക്ഷയിൽ 108-ാം റാങ്കാണ് ഇരുപത്താറുകാരി റോജ കരസ്ഥമാക്കിയത്. തിരുവനന്തപുരം ഐ ലേൺ ഐ.എ.എസിൽ നിന്നും സിവിൽ സർവീസ് പരിശീലനം നേടിയ റോജ തന്റെ രണ്ടാം ശ്രമത്തിലാണ് ഈ ഉയർന്നവിജയം കരസ്ഥമാക്കിയത്. ഹരിത.വി.കുമാർ സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയപ്പോൾ മുതൽ ഐ.എ.എസ് മോഹത്തിന് പുറകെയായിരുന്നു റോജയുടെ യാത്ര. പ്ലസ് ടു ബയോമാത്‌സ്‌ കഴിഞ്ഞ് പാപ്പനംകോട് എസ്.സി.ടി എൻജിനിയറിംഗ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബിരുദം നേടിയ റോജ തിരുവനന്തപുരം ടെക്നോപാർക്ക് ടാറ്റ എലക്സിയിൽ ഒരു വർഷം ജോലിചെയ്തു. തുടർന്നാണ് ഐ.എ.എസ് പരിശീലനത്തിന് പോകുന്നതും ഇപ്പോൾ റാങ്ക് നേടുന്നതും. ഐ.എഫ്.എസാണ് റോജയുടെ സ്വപ്നം. നിരുപമ മേനോൻ ആണ് തന്റെ റോൾ മോഡലെന്നും അതിനാലാണ് ഐ.എഫ്.എസ് തിരഞ്ഞെടുത്തതെന്നും റോജ പറയുന്നു. പുന്നയ്ക്കാമുകൾ നന്ദനം വീട്ടിൽ റോജയുടെ അച്ഛൻ രാജൻ.ബി.എസ് മണ്ണന്തല ഗവ പ്രസ് റിട്ടയേർഡ് ജീവനക്കാരനാണ്. ഇപ്പോൾ വെള്ളയമ്പലത്ത് സ്വന്തമായി നടത്തുന്ന ന്യൂ-ലൈൻ പ്രിന്റിങ് പ്രസ് നോക്കി നടത്തുകയാണ് അച്ഛനും അമ്മയും.

അഞ്ജനത്തിൽ സിവിൽ സർവീസുകാർ രണ്ട്

തിരുവനന്തപുരം: പേട്ട ചയക്കുടി ലെയിനിലെ അഞ്ചനം വീട്ടിൽ ഇപ്പോൾ സിവിൽ സർവീസുകാർ രണ്ടാണ്. റിട്ട എസ്.പി ശശികുമാറിന്റെയും ഷീബയുടെയും മൂത്തമകൾ അഞ്ചനയാണ് 2017ൽ 590ാം റാങ്ക് നേടി അഞ്ചനം വീട്ടിൽ സിവിൽ സർവീസിന്റെ മധുരും ആദ്യം നുണയിക്കുന്നത്. ഇന്നിപ്പോൾ ഇളയമകൾ ആതിര (25) ആ മധുരം ഇരട്ടിയാക്കി. 477ാം റാങ്കാണ് സോഫ്റ്റ് വെയർ എൻജിനിയറായ ആതിരക്ക് ലഭിച്ചത്. ശ്രീകാര്യം സി.ഇ.ടിയിലെ പഠനം കഴിഞ്ഞയുടൻ ടാറ്റ എലക്സിൽ ജോലി ലഭിച്ചു. ഒരു വർഷത്തോളം ജോലി തുടർന്നു, ഇത് മടുത്തതോടെയാണ് ഒരു സർക്കാർ ജോലി നേടണമെന്ന് ആഗ്രഹിച്ചതെന്ന് ആതിര പറയുന്നു. അങ്ങനെയാണ് ചേച്ചിയെ മാതൃകയാക്കി പഠനം തുടങ്ങുന്നത്.

ചേച്ചിയിപ്പോൾ കസ്റ്റംസിലെ ജോയിന്റ് ഡയറക്ടറാണ്. താൻ പഠിക്കാൻ അത്ര മിടുക്കിയൊന്നുമായിരുന്നില്ല, ശരാശരി വിദ്യാർത്ഥിയായിരുന്നു. സിവിൽ സർവീസിലേക്ക് തിരിഞ്ഞതോടെയാണ് പഠനം അൽപ്പം സീരിയസാക്കിയത്. ആറുമണിക്കൂർ വരെ പഠിക്കാൻ ചെലവഴിച്ചിരുന്നു. പിന്നെ കിട്ടുന്ന സമയത്തും പഠിച്ചു. അത് ഗുണം ചെയ്‌തു. ഐ.ആർ.എസിനോാടാണ് താത്പ്പര്യം. ആതിരയെ അഭിനന്ദിക്കാൻ മുൻ ഡി.ജി.പി ഋഷിരാജ് സിംഗും പേട്ടയിലെ വീട്ടിലെത്തിയിരുന്നു.

317-ാം റാങ്കിന്റെ മധുരം നുണഞ്ഞ് ഹൃദ്യ

തിരുവനന്തപുരം: ഇനി ഹൃദ്യയ്ക്ക് ശ്വാസംവിടാം. സമാധാനത്തോടെ ചിരിക്കാം. സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ ചിരിക്കുകയാണ് ഈ പത്തനംതിട്ടക്കാരി. 317ാം റാങ്കാണ് പത്തനംതിട്ട ഇടക്കുളം റാന്നി സ്വദേശി ഹൃദ്യ.എസ്.വിജയൻ നേടിയത്. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ബി.എസ്.സി മാത്‍സ് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഹൃദ്യ സിവിൽ സർവീസ് പരിശീലനം നേടിയതും ഈ അഭിമാന നേട്ടം കൈവരിച്ചതും. ഇടക്കുളം ഹൃദ്യം വീട്ടിൽ റിട്ടയേർഡ് തഹസിൽദാർ വിജയന്റെയും പത്തനംതിട്ട കളക്ടറേറ്റ് ജൂനിയർ സുപ്രണ്ട് സിന്ധുവിന്റെയും മകളാണ് ഈ മിടുക്കി. തിരുവനന്തപുരം ഫോർച്ച്യൂൺ, ലീഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടിയ ഹൃദ്യ തന്റെ മൂന്നാം ശ്രമത്തിലാണ് ഉജ്ജ്വലവിജയം നേടിയത്. അനിയത്തി ഹിദ പ്ലസ്ടു വിദ്യാർത്ഥിയാണ്.

അഞ്ജലിക്കും തിളക്കം

തിരുവനന്തപുരം: ശ്രീകാര്യം സ്വദേശിയായ അഞ്ജലി ഭാവന നേടിയത് ഓൾ ഇന്ത്യ ലെവലിൽ 463-ാം റാങ്കാണ്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ ഡോ.പി.പി.സൗഹൃദന്റെയും ഡോ.ടി.ഭാവനയുടെയും ഏക മകളാണ് ഹൈ കോർട്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അഞ്ജലി. തിരുവനന്തപുരം ഐ.എ.എസ് അക്കാഡമിയിലാണ് അഞ്ജലി തന്റെ സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയത്. അഞ്ജലിയുടെ സ്വപ്നം ഇന്ത്യൻ ഫോറിൻ സർവീസാണ് (ഐ.എഫ്.എസ്). ഉയർന്ന റാങ്ക് നേടിയെങ്കിലും തന്റെ സ്വപ്നമായ ഐ.എഫ്.എസിലേക്കുള്ള ദൂരം ഇനിയും ബാക്കിയാണെന്ന് അഞ്ജലി പറയുന്നു. വരും പരീക്ഷകളിൽ മികച്ച റാങ്ക് നേടി തന്റെ സ്വപ്നമായ ഐ.എഫ്.എസിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് അഞ്ജലി. റാങ്ക് തിളക്കത്തിൽ അഞ്ജലിയുടെ കുടുംബം സന്തുഷ്ടമാണെങ്കിലും മകളുടെ സ്വപ്നമായ ഐ.എഫ്.എസ് നേടാൻ അവൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് ഈ കുടുംബം.

നാലാം ശ്രമത്തിൽ പ്രപഞ്ചിന് 523ാം റാങ്ക്

തിരുവനന്തപുരം:നാലാമത്തെ ശ്രമത്തിൽ പ്രപഞ്ചിന് 523ാം റാങ്ക് ലഭിച്ച സന്തോഷത്തിലാണ്.രണ്ടാമത്തെ ശ്രമത്തിൽ ലഭിച്ച 607ാം റാങ്കിൽ പ്രപഞ്ചിന് ജോലി ലഭിച്ചു. ഇന്ത്യൻ റെയിൽവേ ട്രാഫിക്ക് സർവ്വീസിൽ ഇപ്പോൾ ലക്നൗവിലാണ് പ്രപഞ്ച് ജോലി ചെയ്യുന്നത്. മുൻ എക്സൈസ് മന്ത്രി എം.ആർ രഘുചന്ദ്ര ബാലിന്റെയും ഓമനയുടേയും മകനാണ് പ്രപഞ്ച്.സെന്റ് തോമസ് സ്കൂളിലും സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് എക്ണോമിക്സിൽ ബിരുദവും നേടിയിട്ടു.നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഓഡിറ്റ് സർവ്വീസിലോ റവന്യൂ സർവ്വീസിലോ ജോലി ലഭിക്കാനാണ് സാദ്ധ്യത.വരുന്ന മുറയ്ക്ക് തിര‌ഞ്ഞെടുക്കുമെന്ന് പ്രപഞ്ച് പറഞ്ഞു.

ജിതിൻ കൃഷ്ണന് 278 റാങ്കിന്റെ നേട്ടം

മലയിൻകീഴ് പെരുകാവ് ബാലത്തിൽ ജിതിൻ കൃഷ്ണൻ.ബിയും 278-ാം റാങ്ക് നേട്ട തിളക്കത്തിലാണ്.ഐ.ഐ.ടി ഗുവാഹത്തിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയാണ്.മൂന്നാമത്തെ ശ്രമത്തിലാണ് ഈ നേട്ടം.ഏജീസ് ഓഫീസ് മുൻ ജീവനക്കാരൻ സോമസുന്ദരവും രമാദേവി ദമ്പതികളുടെ മകനാണ് ജിതിൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.