കണ്ണൂർ: പൊതുസ്ഥലങ്ങളുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്നയിടങ്ങളിൽ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി ചെറുവന മാതൃകകൾ സൃഷ്ടിക്കുന്ന നവകേരളം പച്ചത്തുരുത്ത് വ്യാപന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലോക പരിസ്ഥിതി ദിനമായ 5 ന് കണ്ണൂർ ജില്ലയിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ അയ്യപ്പൻകാവിൽ വൈകിട്ട് 4 ന് വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം. മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ പദ്ധതി വിശദീകരണം നടത്തും. പച്ചത്തുരുത്ത് ബ്രോഷർ പ്രകാശനം ടി.ശിവദാസൻ എം.പി നിർവഹിക്കും. സണ്ണി ജോസഫ് എം.എൽ.എ, കെ.സുധാകരൻ എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.
പച്ചത്തുരുത്ത് 136 ഏക്കറിൽ
മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള 136 ഏക്കർ ഭൂമിയുടെ ഒരു ഭാഗത്താണ് നവകേരളം പച്ചത്തുരുത്ത് ഒരുക്കുന്നത്. ഇതുൾപ്പെടെ ഇവിടെ ജൈവ വൈവിധ്യ ഉദ്യാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തിൽ തുടക്കമിടുന്നത്- ഡോ. ടി.എൻ.സീമ,സംസ്ഥാന കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |