SignIn
Kerala Kaumudi Online
Saturday, 21 September 2024 5.14 AM IST

എൻ. രാമചന്ദ്രൻ എന്ന സവ്യസാചി

Increase Font Size Decrease Font Size Print Page

n-ramachandran

ഏതു മലയാളിയുടെയും സ്ഥായിയായ അഭിമാനമാണ് ദിനപത്രങ്ങൾ. എന്നാൽ ഇന്ന് കെ. ബാലകൃഷ്ണനെപ്പോലെ എൻ. രാമചന്ദ്രനെപ്പോലെ കെ. കാർത്തികേയനെയും ചുമ്മാറിനെയും പോലെ ശ്രേഷ്ഠമായി പത്രപ്രവർത്തനം നടത്താനറിയാവുന്ന എത്രപേരുണ്ട് ? പെട്ടെന്ന് ആരേയും കണ്ടെത്താനാവുന്നില്ല.

ശ്രീകണ്ഠൻനായർ, എൻ. രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ, എം.എസ്. മണി, കെ. പങ്കജാക്ഷൻ തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തിയിരുന്ന പ്രിയങ്കരമായ ഒരു കാലമുണ്ടായിരുന്നെനിക്ക്. അതുകൊണ്ട് തന്നെയാണ് ആ കുറവിനെക്കുറിച്ചു ചിന്തിച്ചുപോയത്. കേരള ജനത ആനുകാലിക രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹ്യ സാംസ്കാരിക മാറ്റങ്ങളെക്കുറിച്ചും ആധികാരികമായി മികവോടെ സംസാരിക്കുന്ന നാളുകളായിരുന്നു അവ. അതിനു പ്രേരകമായത് കേരളകൗമുദിയും ബാലന്റെ കൗമുദി വാരികയുമൊക്കെയായിരുന്നു. വൈകുന്നേരങ്ങളിലെ ഒത്തുചേരലുകൾക്കിടയിൽ എന്തെല്ലാം വിഷയങ്ങളായിരുന്നു പൊന്തിവന്നിരുന്നത്. പത്രപ്രവർത്തനരംഗത്തെ അതികായകന്മാരായിരുന്ന ബാലനും രാമചന്ദ്രനുമൊക്കെയായി എത്രയെത്ര ജ്ഞാനസമ്പന്നമായ സദസുകൾ.

എൻ. രാമചന്ദ്രൻ അധികം സംസാരിക്കാത്ത, ഏറെ എഴുതുമായിരുന്ന ഇരുത്തംവന്ന പത്രപ്രവർത്തകനായിരുന്നു. പത്രപ്രവർത്തനം രാമചന്ദ്രന്റെ പൈതൃകസമ്പത്തായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ നാരായണനും അമ്മ മന്ദാകിനിയും പത്രപ്രവർത്തന രംഗത്തുള്ളവരായിരുന്നു. ഒരു ഓയിൽ മില്ലിൽ ജോലിയായിരുന്ന നാരായണനെ സി.വി. കുഞ്ഞുരാമനാണ് അവിടെനിന്നും പിടിച്ചിറക്കി 'നവഭാരതം' പത്രത്തിലെത്തിച്ചത്. അമ്മ മന്ദാകിനി അന്ന് അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകയായിരുന്നു. 'സഹോദരി" എന്ന മാസി​ക അവർ പ്രസിദ്ധീകരി​ച്ചുവരി​കയായി​രുന്നു. അങ്ങനെ അച്ചടി​മാദ്ധ്യമങ്ങളുടെ മദ്ധ്യത്തിലായി​രുന്നു രാമചന്ദ്രന്റെ വളർച്ച. യൂണി​വേഴ്സി​റ്റി​ കോളേജി​ലും മധുര അമേരി​ക്കൻ കോളേജി​ലും അദ്ദേഹം പഠിച്ചി​രുന്നു. തി​രുവനന്തപുരം ലാ കോളേജി​ൽ ചേർന്ന ശേഷമാണ് രാമചന്ദ്രന്റെ ജീവി​തത്തി​ലെ വഴി​ത്തി​രി​വുണ്ടാകുന്നത്. കോളേജി​ൽ പരീക്ഷാഫീസ് അടച്ചി​ട്ട് പരീക്ഷ എഴുതാതെ രാമചന്ദ്രൻ നേരെപോയത് കൊല്ലത്ത് ടി​.കെ. ദിവാകരന്റെ തി​രഞ്ഞെടുപ്പ് പ്രചാരണത്തിനായി​രുന്നു. അതോടെ നി​യമപഠനം നി​ന്നു. ഇല്ലായി​രുന്നെങ്കി​ൽ നി​യമബി​രുദമെടുത്ത് അദ്ദേഹം ഒന്നാംതരം അഭി​ഭാഷകനാകുമായി​രുന്നു. അല്ലെങ്കി​ൽ ഉന്നതനായ ഒരു ന്യായാധി​പനാകുമായി​രുന്നു. കൂർമ്മബുദ്ധി​യോടെ വി​ഷയങ്ങളെ ക്രമീകരി​ച്ചു വ്യാഖ്യാനി​ക്കാനും അതി​നെ പഴുതുകൾക്കി​ടയി​ല്ലാതെ പറഞ്ഞും എഴുതി​യും ഫലി​പ്പി​ക്കാനും രാമചന്ദ്രന് നി​ഷ്‌പ്രയാസം കഴി​യുമായി​രുന്നു.

കൊല്ലത്ത് എത്തി​യ രാമചന്ദ്രൻ ശ്രീകണ്ഠൻചേട്ടൻ എന്ന് എല്ലാവരും ഏറെ സ്നേഹപൂർവം വി​ളി​ക്കുന്ന ശ്രീകണ്ഠൻനായരോടൊപ്പമാണ് പ്രവർത്തനം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തര കേരളത്തി​ൽ കെ.എസ്.പി​ പി​ളരുകയും ആർ.എസ്.പി​ വളരുകയും ചെയ്തു. 'നവഭാരത'ത്തിൽ പത്രാധിപസമിതി അംഗമായിരുന്ന രാമചന്ദ്രനെ ശ്രീകണ്ഠൻനായർ ട്രേഡ് യൂണിയൻ രംഗത്തേക്കു കൈപിടിച്ചുയർത്തി. എ.ഡി. കോട്ടൺമിൽ സമരകാലത്ത് രാമചന്ദ്രൻ അവിടത്തെ തൊഴിലാളി യൂണിയന്റെ ആക്ടിംഗ് പ്രസിഡന്റായി. പിന്നെ കുറെനാളുകൾ രാമചന്ദ്രന്റെ തീഷ്‌ണമായ പ്രസംഗങ്ങളും സമരമുന്നേറ്റങ്ങളും കൊല്ലത്തെ രാഷ്ട്രീയ ചിന്താഗതികളെ ഏറെ സ്വാധീനിച്ചിരുന്നു. കൊല്ലം, ചവറ സമരങ്ങൾ അടിച്ചമർത്താനുള്ള ഭരണവർഗത്തിന്റെ ക്രൂരതയ്‌ക്കെതിരെ പൊരുതിനിന്ന രാമചന്ദ്രന് രണ്ടുവർഷം ഒളിവിൽ കഴിയേണ്ടിവന്നു. ആ ഒളിവുജീവിതം തികഞ്ഞ തന്റേടത്തിന്റേതാണ്. കൊല്ലത്തുനിന്ന് അർദ്ധരാത്രിയിൽ റെയിൽവേ പാളത്തിലൂടെ നടന്നാണ് രാമചന്ദ്രൻ തിരുവനന്തപുരത്ത് എത്തിയത്. അങ്ങനെ എത്തിച്ചേർന്നത് കേരളകൗമുദിയിൽ. രാഷ്ട്രീയക്കാരുടെ ഒളിവ് ജീവിതത്തിന് കേരളകൗമുദി പത്രം ഓഫീസ് സുരക്ഷിതമായിരുന്നു. പ്രതിരോധങ്ങളില്ലാത്ത കേരളകൗമുദിയുടെ മുന്നേറ്റ കാലമായിരുന്നു അത്. അവിടെ നിന്നാണ് എൻ. രാമചന്ദ്രൻ എന്ന പ്രഗല്‌ഭനായ പത്രപ്രവർത്തകന്റെ ഉയിർത്തെഴുന്നേല്പ്. പത്രാധിപർ കെ. സുകുമാരന്റെ ഗുരുതുല്യമായ പ്രേരണയും പത്രധർമ്മത്തെക്കുറിച്ചുള്ള വിശകലനങ്ങളും ഒരു ചൈതന്യ സംക്രമണമായി എൻ. രാമചന്ദ്രനിൽ വ്യാപൃതമാവുകയായിരുന്നു.

വായനയുടെ കാര്യത്തിൽ രാമചന്ദ്രൻ അതീവ തത്‌പരനായിരുന്നു. പരന്ന വായനയുടെ പ്രതിഫലനം എഴുത്തിലും സംസാരത്തിലും നന്നായി പ്രതിഫലിച്ചിരുന്നു. ഒരു കാര്യം തുറന്നു പറയാൻ എനിക്കഭിമാനമുണ്ട്. എന്റെ ആദ്യത്തെ അസംബ്ളി പ്രസംഗത്തെക്കുറിച്ചാണ്. പ്രസംഗദിവസത്തിന് മുമ്പ് ഞാൻ എൻ. രാമചന്ദ്രനെ ചെന്നുകണ്ടു. എം.എസ്. മണിയുമുണ്ടായിരുന്നു. അന്ന് എനിക്കു കിട്ടിയ ഉപദേശങ്ങളും രാഷ്ട്രീയ വിശകലന രീതികളും നിയമസഭയുടെ അന്തസിനെക്കുറിച്ചുള്ള മുന്നറിയിപ്പും എനിക്കു എക്കാലവും പ്രയോജനപ്പെട്ടിട്ടുണ്ട്. നിയമസഭയിൽ അന്നത്തെ എന്റെ പ്രസംഗം പ്രസക്തമാവുകയും ചെയ്തു. പില്ക്കാലത്തും പല അവസരങ്ങളിലും രാഷ്ട്രീയമായ ചർച്ചകളും ഉപദേശങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ ജനപ്രതിനിധിയായിരിക്കുമ്പോഴോ ഭരണാധികാരിയായിരിക്കുമ്പോഴോ എന്നോട് ഒരു ശുപാർശ പോലും രാമചന്ദ്രൻ നടത്തിയിട്ടില്ലെന്ന കാര്യം എടുത്തുപറയേണ്ടതാണ്. രാഷ്ട്രീയമായ എന്റെ ചില തീരുമാനങ്ങൾ ഒഴിവാക്കുന്നതിന് രാമചന്ദ്രന്റെ നിലപാട് പ്രേരകമായിട്ടുണ്ട്. അതൊക്കെയും നല്ലതിനായിരുന്നെന്ന് കാലം തെളിയിക്കുകയും ചെയ്തു.

ആർ.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ടി.കെ. ദിവാകരന്റെ മകൻ മുൻമന്ത്രി ബാബു ദിവാകരൻ എൻ. രാമചന്ദ്രനെക്കുറിച്ചുള്ള ഓർമ്മകളുടെ ആധികാരിക സങ്കേതമാണ്. മന്ത്രിയായ ടി.കെയ്ക്ക് ഔദ്യോഗിക വസതി അനുദവിച്ചുകിട്ടുന്നതുവരെ രാമചന്ദ്രന്റെ വീട്ടിലായിരുന്നു താമസം. അന്നാണ് എൻ. രാമചന്ദ്രൻ എന്ന പ്രതിഭാശാലിയായ, പ്രശ്നങ്ങളെ ആഴത്തിൽ പഠിക്കുന്ന മറ്റൊരു ആർ.എസ്.പി നേതാവിന്റെ സാന്നിദ്ധ്യം ബാബു കൂടുതൽ പ്രയോജനപ്പെടുത്തിയത്. ആ വളർച്ചയെക്കുറിച്ചു ബാബു പറയുമായിരുന്നു.

കേരളകൗമുദിയിൽ ചരിത്രം സാക്ഷിയാകുന്ന രണ്ടു എഡിറ്റോറിയലുകളുണ്ടായിട്ടുണ്ട്. ഈ രണ്ടു എഡിറ്റോറിയലുകളിലെ വസ്തുതകളും വാദമുഖങ്ങളും അതിന്റെ ശക്തിപ്രസരണങ്ങളും തന്നെയാണ് കെ.ആർ.നാരായണനെയും ഡോ.എ.പി.ജെ അബ്ദുൾ കലാമിനെയും ഇന്ത്യൻ പ്രസിഡന്റ് പദവിയിലേക്ക് ഉയർത്താൻ അന്നത്തെ രാഷ്ട്രീയ, ഭരണനേതൃത്വങ്ങളെ പ്രേരിപ്പിച്ചത്. പത്രാധിപർ കെ. സുകുമാരനുമായി ചേർന്ന് വിഷയങ്ങൾ ഗാഢമായി പഠിക്കുകയും വിലയിരുത്തുകയും അതിന്റെ പ്രായോഗികനേട്ടം പൊതുനന്മയ്ക്കാണെന്ന് രാമചന്ദ്രന് ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു. ഋജുവും ശക്തവുമായ ഭാഷയും കർമ്മപന്ഥാവിൽ നിന്നു വ്യതിചലിക്കാത്ത ആശയപ്രകാശന മികവും രാമചന്ദ്രനിൽ കണ്ടതുകൊണ്ടാണ് കേരളകൗമുദിയുടെ മുഖപ്രസംഗങ്ങൾ എഴുതാൻ രാമചന്ദ്രന് അവസരങ്ങളുണ്ടായതും.

കേരളകൗമുദിയിലായിരിക്കുമ്പോൾ തന്നെ കൗമുദി, കേരളശബ്ദം എന്നീ വാരികകളിലും ഇംഗ്ളീഷ് പ്രസിദ്ധീകരണമായ ലിങ്കിലും അദ്ദേഹം തുടർച്ചയായി എഴുതിയിരുന്നു. കൗമുദി വാരികയിലെ 'കഴിഞ്ഞ ആഴ്ച"യും കേരളശബ്ദത്തിലെ 'ചക്രവാളം" പംക്തിയും ലിങ്കിലെ കേരളാ ലെറ്ററും ഭൂത - വർത്തമാന സംഭവങ്ങളെയും അപൂർവ വ്യക്തിത്വങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിശാലവീക്ഷണങ്ങളായിരുന്നു.

2014 ജൂൺ ഒൻപതിന് എൻ. രാമചന്ദ്രൻ നിര്യാതനായി. പത്രലോകം വിലപിച്ചുനിന്ന ഒരു നാൾ. പില്ക്കാലത്ത് രാമചന്ദ്രൻ ഫൗണ്ടേഷൻ നിലവിൽവന്നു. പത്രപ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ സാംസ്കാരിക പ്രവർത്തനം, കായികരംഗം എന്നീ മേഖലകളിൽ മികവ് തെളിയിക്കുന്നവർക്ക് അവാർഡുകൾ ഫൗണ്ടേഷൻ നൽകിവരുന്നു.

എൻ. രാമചന്ദ്രൻ തീരുമാനങ്ങളെടുക്കുന്നതിൽ കാലതാമസം ഒഴിവാക്കിയിരുന്നു. ഉറച്ച തീരുമാനങ്ങളായിരുന്നു അവ. സ്വന്തം ആശയങ്ങളോട് മറ്റൊന്നിനെയും കൂട്ടിച്ചേർക്കുന്ന സ്വഭാവക്കാരനല്ലായിരുന്നു. ജനങ്ങളുടെ മുമ്പിൽ വാർത്തകൾ ചമയങ്ങളില്ലാതെ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. മലയാള ഭാഷയേയും സാഹിത്യത്തേയും പുണർന്നുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഏറെക്കാലം വയലാർ ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റായിരുന്ന രാമചന്ദ്രൻ അതിന്റെ പ്രവർത്തനങ്ങളിൽ കാണിച്ചിരുന്ന ഔത്സുക്യം തന്നെയാണ് അതിന് തെളിവ്.

പത്രാധിപരുമായുള്ള ഏറെ അടുപ്പവും അദ്ദേഹം രാമചന്ദ്രനിൽ അർപ്പിച്ചിരുന്ന വിശ്വാസവും ഒരു കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ശ്രീകൃഷ്ണന്റെ മുമ്പിലെ സവ്യസാചിയായിരുന്നു കേരളകൗമുദിയിൽ എൻ.രാമചന്ദ്രൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: N RAMACHANDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.