വിവാഹശേഷം കേരളത്തിലെത്തിയ നയൻതാരയും വിഘ്നേശ് ശിവനും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് ഇരുവരും ക്ഷേത്രത്തിൽ തൊഴാനെത്തിയത്. ആഗ്രഹസാഫല്യത്തിനായി ഭക്തർ നടത്തുന്ന പ്രധാനവഴിപാടായ ചാന്താട്ടവും നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്.
ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും ആദ്യം പോയത് തിരുപ്പതി ക്ഷേത്രത്തിൽ തൊഴാനായിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കൊച്ചിയിലെത്തിയത്. നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ഇരുവരും കൊച്ചിയിലെത്തിയത്. തിരുവല്ലയിലാണ് നയൻതാരയുടെ കുടുംബവീട്. അടുത്ത ബന്ധുക്കളെയെല്ലാം കണ്ട ശേഷമാകും താരം തിരുവല്ലയിൽ നിന്നും മടങ്ങുന്നത്.
കടുത്ത ദൈവ വിശ്വാസികളാണ് നയൻതാരയും വിഘ്നേശ് ശിവനും. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും തിരുപ്പതിയിലും കന്യാകുമാരി ക്ഷേത്രത്തിലും ചോറ്റാനിക്കര മകംതൊഴലിനുമൊക്കെയെത്തിയത് വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |