SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 AM IST

സ്വത്തുക്കൾ തേടി ദേവസ്വം ബോർഡ് വാരണാസിയിൽ

Increase Font Size Decrease Font Size Print Page

db

സ്വന്തം സ്വത്തുക്കൾ എവിടെയൊക്കെയുണ്ടെന്ന അന്വേഷണത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്ഥലമായിട്ടും സ്ഥാപനങ്ങളായിട്ടും കോടികളുടെ ആസ്തി ശേഖരമുണ്ടെങ്കിലും അതെല്ലാം കണ്ടുപിടിക്കാൻ വലിയ പരിശ്രമം ആവശ്യമായി വന്നിരിക്കുന്നു. കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും സ്വത്തുക്കളുണ്ട്. തെളിവുകൾ ഉണ്ടെങ്കിലല്ലേ അവകാശവാദമുന്നയിക്കാൻ കഴിയൂ. തെളിവുകൾ രേഖകളായി വേണം. അടുത്തിടെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം മാനുവൽ വായിച്ചുനോക്കി. അപ്പോഴാണ് അറിയുന്നത് വാരണാസിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കൊട്ടാരങ്ങളുണ്ടെന്ന്. നൂറ്റാണ്ടുകളുടെ പഴമയും പ്രൗഢിയുമുണ്ടതിന്. അങ്ങിങ്ങ് ചില സിമന്റ് തേപ്പുകൾ ഇളകിയിട്ടുണ്ട്. ഇഷ്ടികകൾ തെളിഞ്ഞു കാണാം. ഒരു കൊട്ടാരത്തിൽ പതിനെട്ട് മുറികൾ. മറ്റൊന്നിൽ പന്ത്രണ്ട് മുറികൾ. നോട്ടവും സംരക്ഷണവുമില്ലാതെ കിടക്കുന്ന കെട്ടിടങ്ങളെപ്പറ്റി ദേവസ്വം മാനുവൽ അല്ലാതെ മറ്റ് രേഖകളൊന്നുമില്ല.

ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ് കാശി മഹാരാജാവ് തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണത്രേ കൊട്ടാരങ്ങൾ. തിരുവിതാംകൂർ രാജാവ് കാശി സന്ദർശിക്കുമ്പോൾ ക്ഷേത്രത്തിന് മുന്നിലെ ഗംഗാനദിക്ക് മറുകരെയായിരുന്നു താമസിച്ചിരുന്നത്. നദിയിലെ വെള്ളം ഉയരുമ്പോൾ രാജാവിന് ക്ഷേത്രത്തിലെത്താൻ കഴിയുമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ കാശി രാജാവ് കൊട്ടാരങ്ങൾ തിരുവിതാംകൂർ രാജാവിന് സമ്മാനിക്കുകയായിരുന്നു.

ദേവസ്വം ബോർഡ് ഭരണസമിതികൾ പലതും മാറി വന്നെങ്കിലും വാരണാസിയിൽ രണ്ട് കൊട്ടാരങ്ങളുള്ളതായി ആരുടെയും ശ്രദ്ധയിൽ പെട്ടില്ലെന്നാണ് അറിവ്. ദേവസ്വം മാനുവൽ വായിച്ചിരുന്നെങ്കിൽ കൊട്ടാരങ്ങളെക്കുറിച്ച് പണ്ടേ അറിവ് കിട്ടുമായിരുന്നു. ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ സീനിയർ അഭിഭാഷകനാണ്. കേസുകൾ വാദിക്കാൻ പഴമയുള്ള പല രേഖകളും വായിച്ചിട്ടുള്ളതിനാൽ ദേവസ്വം മാനുവൽ വായിക്കുന്നതിൽ കൗതുകം തോന്നിയിരിക്കണം. അങ്ങനെ ഒരു വായനയിലാണ് വാരണാസിയിൽ രണ്ട് കൊട്ടാരങ്ങളും തമിഴ്നാട് ചെങ്കോട്ടയ്ക്കടുത്ത് പൻപൊളിയിലെ നെൽപ്പാടവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുണ്ടെന്ന് അറിഞ്ഞത്.

കൊട്ടാരങ്ങൾ നേരിട്ട് കാണാനായി പ്രസിഡന്റസും ഉദ്യോഗസ്ഥരും ഇക്കഴിഞ്ഞ നാലിന് വാരണാസിയിൽ പോയി. കാശിവിശ്വനാഥ ക്ഷേത്രത്തിന് എണ്ണൂറ് മീറ്റർ അടുത്താണ് കൊട്ടാരങ്ങൾ. ഇവയുടെ സംരക്ഷണത്തിനായി മലയാളികളുടെ യോഗം വിളിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് വാരണാസി സത്രം സംരക്ഷണസമിതി രൂപീകരിച്ചു. നാൽപ്പത് പേർ പങ്കെടുത്ത യോഗത്തിൽ നിന്ന് ഏഴംഗ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. കൊട്ടാരങ്ങളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി.

നിലവിലെ കൊട്ടാരം രൂപഭംഗിയോടെ നിലനിൽക്കുന്നതാണ്. വഴിയിൽ നാനൂറ് മീറ്റർ വരെ ഓട്ടോറിക്ഷകളെത്തും. തുടർന്ന് ഇരുചക്രവാഹനങ്ങൾക്കുള്ള വീതി മാത്രമാണ് റോഡിനുള്ളത്. പന്ത്രണ്ട് മുറികളുളള കൊട്ടാരത്തിലെ രണ്ട് മുറികൾ പ്രദേശവാസികൾ കയ്യേറിയിട്ടുണ്ട്. അവരെ ഒഴിപ്പിക്കും. ഇഷ്ടിക കൊണ്ട് നിർമ്മിച്ച രണ്ടു നിലകളിലായുള്ള പുറംഭിത്തികൾക്കും മേൽക്കൂരയ്ക്കും കേടുപാടുണ്ട്. പതിനെട്ട് മുറികളുള്ള കൊട്ടാരത്തിൽ ഹനുമാൻ ക്ഷേത്രമുണ്ട്. ഇവിടുത്തെ പൂജാരി മൂർത്തിക്കും നോഡൽ ഓഫീസർ സുബ്രഹ്മണ്യനും ദേവസ്വം ബോർഡ് വർഷങ്ങളായി ശമ്പളം നൽകി വരികയാണ്. വർഷങ്ങളായി രണ്ടു പേർക്ക് ശമ്പളം കൊടുത്തുകൊണ്ടിരുന്നിട്ടും കൊട്ടാരങ്ങൾ എവിടെയാണെന്നും എങ്ങനെയുണ്ടെന്നും തിരക്കാൻ കഴിഞ്ഞകാല ദേവസ്വം ഭരണസമിതികൾ തയ്യാറായില്ല.

കൊട്ടാരങ്ങൾ പുനരുദ്ധരിച്ചശേഷം മുറികൾ കാശിവിശ്വനാഥ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് വാടകയ്ക്ക് നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനം. ദിവസവും അന്നദാനം ഏർപ്പെടുത്തും.

ദേവസ്വം ബോർഡിന്റെ സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള എല്ലാ സ്വത്തുക്കളും തിരിച്ചുപിടിക്കുമെന്നാണ് പ്രസിഡന്റ് കെ. അനന്തഗോപൻ പറയുന്നത്. ഇതിനായി ദേവസ്വം മാനുവലും രേഖകളും പരിശോധിച്ചുവരികയാണ്. ബീഹാറിലെ ഗയയിലും ദേവസ്വം ബോർഡിന് സ്വത്തുക്കളുണ്ടെന്നാണ് മാനുവൽ വ്യക്തമാക്കുന്നത്. ചെങ്കോട്ട പൻപൊളിയിൽ ഇരുപത്തെട്ട് ഏക്കർ സ്ഥലം ബോർഡിന്റേതായി ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇത് പാട്ടക്കരാർ അടിസ്ഥാനത്തിൽ കർഷകർക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം.

അന്യസംസ്ഥാനങ്ങളിലെ സംരക്ഷണമില്ലാതെ കിടക്കുന്ന സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ നടപടികൾ തുടരുമ്പോൾ തന്നെ കേരളത്തിൽ ദേവസ്വം ബോർഡിന്റേതായി നിരവധി സ്വത്തുക്കൾ തിരിച്ചുപിടിക്കാനുണ്ട്. അതിൽ പ്രധാനമാണ് തിരുവാഭരണ പാതയിലെ കയ്യേറ്റം. മുൻകാലങ്ങളിലെ ഭരണസമിതികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം കയ്യേറപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. കളക്ടർമാരുടെ നേതൃത്വത്തിൽ തിരുവാഭരണപാതയിലെ കയ്യേറ്റം തിരിച്ചുപിടിക്കാൻ അതിരു കല്ലുകളിട്ടിരുന്നു. കയ്യേറിയവരിൽ ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ ഉന്നത സ്വാധീനമുള്ളവരുണ്ട്. അതുകൊണ്ട് ഭൂമി തിരിച്ചുപിടിക്കൽ നിലച്ചിരിക്കുകയാണ്. സ്വത്തുക്കളെല്ലാം കണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമ്പോൾ തിരുവാഭരണപാതയും വീണ്ടെടുക്കാനുള്ള ആർജവം ദേവസ്വം ബോർഡിനുണ്ടാകുമോ എന്നാണറിയേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TRAVANCORE DEWASWOM BOARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.