SignIn
Kerala Kaumudi Online
Friday, 26 April 2024 2.09 PM IST

കേരളകൗമുദിയുടെ പിൻബലം രാഷ്ട്രീയ നിക്ഷ്പക്ഷത: ദീപു രവി

deepu-ravi

തിരുവനന്തപുരം: കേരളകൗമുദിയുടെ എക്കാലത്തെയും പിൻബലം അതിന്റെ രാഷ്ട്രീയ നിഷ്‌പക്ഷതയിൽ വിശ്വാസമുറപ്പിച്ച വായനക്കാരാണെന്നും ,അവരോടല്ലാതെ മറ്റാരോടും വിധേയത്വമില്ലാത്തതു കൊണ്ടാണ് മറയില്ലാത്ത സത്യങ്ങൾ മുഴക്കത്തോടെ പറയാൻ കേരളകൗമുദിക്ക് കഴിയുന്നതെന്നും ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു. മഹാ കവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികത്തിന്റെയും,കേരള കൗമുദി 111-ാം

വാർഷികത്തിന്റെയും ആഘോഷ ചടങ്ങിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഞങ്ങളോട് പലപ്പോഴും പലരും ചോദിക്കാറുണ്ട്. എന്താണ് നിങ്ങളുടെ രാഷ്ട്രീയം? ജാതിയെന്താണെന്ന് ചോദിച്ചതിന്, കണ്ടിട്ട് മനസിലാകാത്തത് എങ്ങനെ പറഞ്ഞാൽ മനസിലാകുമെന്ന ഗുരുദേവന്റെ മറുചോദ്യമേ ഞങ്ങൾക്കും ചോദിക്കാനുള്ളു. കേരളകൗമുദിയുടെ രാഷ്ട്രീയം അതിന്റെ മുഖപ്രസംഗ പേജിൽ മാത്രമല്ല, മുഖ്യവാർത്തകളിലും കാണാൻ കഴിയും. ഇടതു സർക്കാരിന്റെ വികസനനയങ്ങളെ പിന്തുണയ്ക്കുമ്പോൾ മറുപക്ഷം ഞങ്ങളെ കമ്മിയെന്നു വിളിക്കും. കോൺഗ്രസിന്റെ -കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചിത്രം പ്രസിദ്ധീകരിക്കുമ്പോൾ ചിലർ ഞങ്ങളെ കൊങ്ങി എന്നുവിളിക്കും. നരേന്ദ്ര മോദി സർക്കാരിന്റെ വിദേശ നയത്തെ പ്രകീർത്തിച്ച് മുഖപ്രസംഗം എഴുതുമ്പോൾ അവരുടെ എതിർപക്ഷം സംഘി എന്ന് വിളിക്കും. ഇതൊന്നും അല്ലെങ്കിൽപ്പിന്നെ ഏതു പക്ഷമെന്നാണ് മറ്റു പലരുടെയും സംശയം. അവരുടെ ആലോചനകളിലൊന്നും ജനപക്ഷം എന്നൊരു പക്ഷത്തിന് ഇടം കിട്ടുന്നില്ല എന്നതാണ് ഞങ്ങളുടെ ഖേദം. ഈ ജനപക്ഷമാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങൾക്ക് മാദ്ധ്യമ രംഗമല്ലാതെ മറ്റൊരു പ്രവർത്തനമേഖലയില്ല. വിദേശ വരുമാനമില്ല. സാമ്പത്തിക പിൻബലം നൽകാൻ വ്യവസായ സംരംഭങ്ങളില്ല. രാഷ്ട്രീയ ഫണ്ടുകളില്ല. ഇതൊന്നുമില്ലാതെ ഇക്കാലത്ത് ഒരു പത്രസ്ഥാപനത്തിന് എങ്ങനെ നിലനിൽക്കാനും വളരാനും കഴിയുമെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ 111-ാം വാർഷികം തന്നെയാണ്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സുപ്രീംകോടതി വിധിയനുസരിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപ നൽകാതെ അവരെ തെക്കുവടക്ക് നടത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ക്രൂരവിനോദം ചോദ്യം ചെയ്ത് കേരളകൗമുദി പ്രധാന വാർത്ത നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് മണിക്കൂറുകൾക്കകം. അതിന്റെ ഗുണമായിരുന്നു അടുത്ത ദിവസത്തെ ഞങ്ങളുടെ മുഖ്യവാർത്ത - മിന്നൽവേഗം 450 പേർക്ക് അഞ്ചുലക്ഷം വീതം. ഇതാണ് കേരളകൗമുദിയുടെ ജനപക്ഷ രാഷ്ട്രീയം. കേരളകൗമുദി വിരൽചൂണ്ടുന്ന ജനകീയ വിഷയങ്ങളിൽ അന്നു തന്നെ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന സർക്കാരിനോട് നന്ദിയുണ്ട്. അതേസമയം, യാത്രക്കാർക്ക് മരണക്കെണിയാകുന്ന റോഡ് പണിയെക്കുറിച്ച് വിമർശിക്കുന്നതും ഞങ്ങൾതന്നെ. അതായിരുന്നു ജൂൺ ആറിന് ഞങ്ങളുടെ വാർത്ത.ഒരേ രാഷ്ട്രീയ കക്ഷിയെ അവരുടെ നിലപാടുകൾക്ക് അനുസരിച്ച് പിന്തുണയ്ക്കാനും വിമർശിക്കാനും ഞങ്ങൾക്ക് കഴിയുന്നത് ശരിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നതു കൊണ്ടാണ്. ആ ശരിപക്ഷമാണ് കേരളകൗമുദിയുടെ രാഷ്ട്രീയപക്ഷം. ഇതുതന്നെയാണ് ഞങ്ങളുടെ പ്രതിജ്ഞയും വാഗ്‌ദാനവും.

111 എന്നത് ഒരു കൗതുക സംഖ്യയാണ്. പക്ഷേ, ഞങ്ങൾക്ക് ഈ പിറന്നാൾ ഒരു ജന്മവാർഷികത്തിന്റെ കൗതുകവേളയല്ല. ലോക ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെയും പ്രിയ ശിഷ്യനായ കുമാരനാശാന്റെയും ദർശനത്തിന്റെ പ്രകാശം ഏറ്റുവാങ്ങിയ കേരളകൗമുദിക്ക് ഇതൊരു പുനർസമർപ്പണ വേളയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ ഭിന്നതകൾ വീണ്ടും ഉടലെടുക്കുന്ന ഇക്കാലത്ത് മനുഷ്യത്വത്തിനായി ശബ്ദിക്കുകയെന്ന ധർമ്മം തിരിച്ചറിഞ്ഞാണ് ഈ പുനർസമർപ്പണം. ശൃംഗാര കവിതകളിൽ നിന്ന് കുമാരനാശാനെ ചിന്താവിഷ്ടനായ കുമാരുവാക്കിയത് ഗുരുദേവനാണ്. തിരിച്ചറിവിന്റെ പ്രകാശം പരത്തുന്നത് ആരോ, അയാളാണ് ഗുരു. ആ മഹാഗുരുവിന്റെ അനുഗ്രഹമാണ് കേരളകൗമുദി നയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEEPU RAVI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.