SignIn
Kerala Kaumudi Online
Thursday, 19 September 2024 3.28 PM IST

വയനാടൻ വഴികളിൽ വായനയുടെ വസന്തം വിടർത്തി സുഷമ

Increase Font Size Decrease Font Size Print Page
clara

കൽപ്പറ്റ: ''ആട് ജീവിതം കൊണ്ടുവന്നോ?''

എൺപത് വയസിലും പഴയ ഹെഡ് മിസ്ട്രസിന്റെ സ്വരത്തിൽ ക്ളാരമ്മ ടീച്ചറുടെ ചോദ്യം.

''ആട് ജീവിതം മേച്ചേരിയിലെ നീതുവിന്റെ പക്കലാണ്. വായിച്ചുതീർന്നില്ല'' - സുഷമയുടെ മറുപടി.

''പിന്നെന്താണ് എനിക്ക് ?''ടീച്ചറുടെ ചോദ്യം.

ഒഡീസിയെന്ന് സുഷമ.

''ഹോമറിന്റെ?''.

''അതെ.വിവർത്തനം സി.മാധവൻ പിളള.''

പുസ്തകം ക്ളാരമ്മ ടീച്ചർക്ക് നൽകിയെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തി സുഷമ ഇറങ്ങി. സന്ധ്യ കഴിഞ്ഞു. ഇനിയും ആറ് വീടുകളിൽ പോകണം. മാനം കറുത്തിരുണ്ടു. മഴ പെയ്തേക്കും. ഭാരിച്ച പുസ്തക ബാഗ് തോളിൽ തൂക്കി സുഷമ ഇടുങ്ങിയ ഗ്രാമപാതകളിലേക്ക്....

വെളളമുണ്ട പബ്ളിക് ലൈബ്രറിയിലെ വനിതാ,വയോജന പുസ്തക വിതരണ കേന്ദ്രത്തിലെ ലൈബ്രേറിയനാണ് കട്ടയാട് മെതിയടി പുത്തൻവീട്ടിൽ പി.പി.സുഷമ (54) പതിനഞ്ച് വർഷമായി ആഴ്ചയിൽ ഒരിക്കൽ ഒാരോ വീട്ടിലും പുസ്തക ബാഗുമായി എത്തും. വരിക്കാർക്ക് പുസ്തകങ്ങൾ നൽകും. നടന്നാണ് പുസ്തക വിതരണം. ഉച്ചയ്ക്ക് തുടങ്ങുന്ന യാത്ര ഇരുട്ട് പരക്കും വരെ. പിന്നെ വഴിയുടെ ഒാരം ചേർന്ന് വീട്ടിലേക്ക്. ചെന്നിട്ട് വേണം വീട്ടുകാര്യങ്ങൾ നടത്താൻ. ഭർത്താവ് വേലായുധന് ആക്രികച്ചവടം. ഹൃദ്രോഗിയാണ്. മകൻ സുധീഷ് ലോട്ടറി വിൽപ്പനക്കാരൻ. സുഷമയ്ക്ക് വരുമാനം മാസം 3820 രൂപ.

വെളളമുണ്ട, എട്ടേനാൽ, ഒഴുക്കൻമൂല, പിളേളരി, ആലഞ്ചേരി, ഏഴേനാൽ എന്നിവിടങ്ങളിലാണ് പുസ്തകം എത്തിക്കുന്നത്. ആഴ്ചയിൽ ഏഴ് ദിവസവും യാത്ര . തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടിൽ ഏറെയും. ഇവരെ കണ്ടെത്താൻ ഞായറാഴ്ചയും പോകണം. കൊവിഡ് കാലത്തായിരുന്നു സുഷമയ്ക്ക് തിരക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുഷമ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു.

1991ൽ കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ടുതോടിൽ നിന്ന് മാധവന്റെ കൈപിടിച്ച് ചുരം കയറിയതാണ്. പത്താംക്ലാസ് വരെ മാത്രം പഠിച്ച സുഷമ നല്ല വായനക്കാരിയാണ്.

1936ൽ വി.കെ.നാരായണൻ നായർ വെളളമുണ്ട എ.യു.പി സ്‌കൂളിന്റെ ഒരു മുറിയിൽ തുടങ്ങിയതാണ് വെളളമുണ്ട പബ്ളിക് ലൈബ്രറി. ഇപ്പോൾ വയനാട് ജില്ലയിലെ ഏറ്റവും പഴക്കമുളള ലൈബ്രറി. ജില്ലയിലെ നാല് എ പ്ളസ് ഗ്രേഡ് ലൈബറികളിലൊന്ന്. രണ്ടുനില കെട്ടിടം. 3614 മെമ്പർമാർ. 231 ആജീവനാന്ത മെമ്പർമാർ. 19,049 പുസ്തകങ്ങൾ.1800 പുസ്തകങ്ങൾ റഫറൻസിനാണ്.

എം.മോഹനകൃഷ്ണൻ പ്രസിഡന്റും എം.സുധാകരൻ സെക്രട്ടറിയും. 38 വർഷമായി എം.നാരായണനാണ് ലൈബ്രേറിയൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: READING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.