SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

ഡി.വൈ.എഫ്.ഐ മാർച്ചിൽ സംഘർഷം; എ.എ.റഹിമിനെ വലിച്ചിഴച്ചു

Increase Font Size Decrease Font Size Print Page
aa-rahim

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ചേർന്ന് സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ സംഘർഷം. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം എം.പി അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്നലെ രാവിലെ ജന്ദർ മന്ദിറിൽ നിന്നു പാർലമെന്റിലേക്ക് നടന്ന മാർച്ചിനിടയിലാണ് സംഭവം. മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, മയൂഖ് വിശ്വാസ് തുടങ്ങിയ നേതാക്കളുടെ വസ്ത്രങ്ങൾ വലിച്ച് കീറിയതായും പൊലീസ് കൈരളി ടി. വി. റിപ്പോർട്ടർ അശ്വിന്റെ കരണത്തടിച്ചതായും ആരോപണമുണ്ട്.

റഹിമിനെയും ഒപ്പമുണ്ടായിരുന്നവരെയും വാഹനത്തിൽ കയറ്റി മണിക്കൂറുകളോളം ചുറ്റിക്കറങ്ങിയ പൊലീസ്

ഹരിയാന അതിർത്തിയിലെ ദ്വാരകാ സെക്ടർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന്‌ വൈകുന്നേരം 5.30യോടെയാണ് ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി.

തോറ്റ് പിന്മാറില്ല:എ. എ. റഹിം

ജനാധിപത്യ രീതിയിൽ നടത്തിയ പ്രതിഷേധ സമരത്തെ പൊലീസ് അടിച്ചമർത്തുകയായിരുന്നുവെന്ന് എ. എ. റഹിം ആരോപിച്ചു. എത്ര നിഷ്ഠുരമായാണ് പൊലീസ് പെരുമാറിയത്.അതിനെയെല്ലാം ചെറുക്കാൻ വിദ്യാർത്ഥികളും യുവജനങ്ങളും മുന്നോട്ട് വരും. എം.പിയാണെന്ന് കൂടെയുള്ളവർ പറയുമ്പോഴും പൊലീസ് ക്രൂരമായി വലിച്ചിഴക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ കണികപോലും കാണിക്കാൻ നരേന്ദ്രമോദി സർക്കാർ തയ്യാറായില്ലെന്ന് റഹിം പറഞ്ഞു.

രാജ്യസഭാ ചെയർമാൻ

ഇടപെടണം: എം.പി മാർ

അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത അഡ്വ. എ. എ. റഹിം എം.പിയെയും സഹപ്രവർത്തകരെയും പ്രകോപനമൊന്നുമില്ലാതെ മർദ്ദിക്കുകയും വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയും ചെയ്ത നടപടിയിൽ എം.പിമാരായ എളമരം കരിം, ജോൺ ബ്രിട്ടാസ്, വി.ശിവദാസൻ, എ.എം ആരിഫ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പ്രതിഷേധിച്ചു. എ.എ റഹിം എം.പിയെ ഒരു കാരണവുമില്ലാതെ കടുത്ത വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യസഭാ ചെയർമാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും എം.പിമാർ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, AARAHIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY