മികച്ച അഭിപ്രായത്തോടെ പ്രകാശൻ പറക്കട്ടെ എന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നു. ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ദിലീഷ് പോത്തനും മാത്യു തോമസ് പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം എല്ലാ തിയേറ്ററിലും നിറഞ്ഞ സദസിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
ഹിറ്റ് മേക്കേഴ്സ് എന്റർടെയ്ൻമെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജുവർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അച്ഛൻ - മകൻ ബന്ധത്തെ രസകരമായും ആഴത്തിലും സിനിമയിൽ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി കൊണ്ട് സമ്പന്നമായ ചിത്രം എന്റർടൈൻമെന്റിൽ നിന്ന് ഫാമിലി ഡ്രാമയിലേക്ക് മാറുന്നതാണ് പ്രേക്ഷകർക്ക് ഏറ്റവും രസകരമാകുന്നത്.
അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു സാധാരണ കുടുംബത്തിന്റെ കഥ ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറയുന്ന ചിത്രത്തിൽ കൗമാരക്കാരുടെ പ്രശ്നങ്ങളും ചിന്തകളും പ്രണയവും ഒക്കെ ചർച്ചയാകുന്നുണ്ട്. ധ്യാൻ ശ്രീനിവാസനും അജു വർഗീസും അതിഥി വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.