SignIn
Kerala Kaumudi Online
Thursday, 19 September 2024 4.19 AM IST

സംവിധാനങ്ങളുടെ പരാജയം

Increase Font Size Decrease Font Size Print Page

photo

ലോറികൾ ചരക്കിറക്കാൻ തൊഴിലാളികളെയും കാത്ത് മണിക്കൂറുകൾ കിടക്കേണ്ടിവരുന്നത് സാധാരണമാണ്. എന്നാൽ ആലുവയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശരവേഗത്തിലെത്തിച്ച വൃക്ക ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം നാലുമണിക്കൂറോളം അനാഥമായി ശസ്‌ത്രക്രിയാമുറിയിൽ സൂക്ഷിക്കേണ്ടിവന്ന ഞെട്ടിപ്പിക്കുന്ന സംഭവം മറ്റൊരിടത്തും നടന്നിട്ടുണ്ടാവില്ല. കേരളകൗമുദിയാണ് ഇതുസംബന്ധിച്ച വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത്. സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നിനു പിറകെ ഒന്നായി ഉണ്ടായ പാകപ്പിഴകൾക്കൊടുവിൽ വൃക്ക അതിനായി തിരഞ്ഞെടുക്കപ്പെട്ട രോഗിയിൽ തുന്നിപ്പിടിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ പതിനൊന്നര മണിയോടെ ആ ഹതഭാഗ്യൻ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട് . എന്നാൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ കാലതാമസം ചർച്ചയായിട്ടുണ്ട്.

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കുന്നതിൽ പ്രഥമദൃഷ്ട്യാ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് യൂറോളജി, നെഫ്രോളജി വകുപ്പുമേധാവികളെ കൈയോടെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സാധാരണ നടപടിക്രമം മാത്രമാണിത്. ഇപ്പോഴത്തെ ഒച്ചപ്പാട് അടങ്ങുന്നതിനു പിന്നാലെ സസ്‌പെൻഷനിൽ കഴിയുന്നവർ തിരികെയെത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ഇനി ആർക്കും ഈ സ്ഥിതിയുണ്ടാകരുതെന്നും ആരോഗ്യവകുപ്പുമന്ത്രി വീണാജോർജ് പ്രതികരിച്ചതായി വായിച്ചു. ഇതുകൊണ്ടൊന്നും എന്തെങ്കിലും മാറ്റമുണ്ടാകുമന്നു കരുതാനാവില്ല. സംവിധാനങ്ങളുടെ പരാജയമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കണ്ടത്. ഇത് ആദ്യത്തേതല്ല. ഒരിക്കലും അവസാനത്തേതുമാകില്ല. അവിടെത്തെ സംവിധാനങ്ങൾ അങ്ങനെയൊക്കെയാണ്. സംവിധാനം നേരെയായിരുന്നെങ്കിൽ വൃക്കയുമായെത്തിയവർ ഓപ്പറേഷൻ തിയേറ്റർ തിരഞ്ഞ് ഓടിപ്പാഞ്ഞു നടക്കേണ്ടിവരുമായിരുന്നില്ല. തിയേറ്റർ അടച്ചുപൂട്ടി ചുമതലപ്പെട്ടവർ സ്ഥലം വിടുമായിരുന്നില്ല. തിയേറ്റർ തുറന്നുകിട്ടിയിട്ടും ശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ വൈകുമായിരുന്നില്ല. ശസ്ത്രക്രിയ നടത്തേണ്ട ഡോക്ടർമാർ എത്താൻ നാലുമണിക്കൂർ കാത്തുനിൽക്കേണ്ടിവരുമായിരുന്നില്ല. അതിവേഗ ഇന്റർനെറ്റ് സൗകര്യമുള്ള ഇക്കാലത്ത് ആംബുലൻസിന്റെ സഞ്ചാരപഥം അറിയാൻ യാതൊരു വിഷമവുമില്ല. ശനിയാഴ്ച രാത്രി ആലുവ രാജഗിരി ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ അർഹതയുള്ള രോഗികൾക്കായി നൽകാൻ തയ്യാറായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് രണ്ടു ഡോക്ടർമാർ അങ്ങോട്ടു കുതിച്ചു. സമയം തെല്ലും പാഴാക്കാതെ വൃക്കയുമായി എത്തുകയും ചെയ്തു. ഇക്കാര്യത്തിൽ ആംബുലൻസ് ഡ്രൈവറും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള പൊലീസുദ്യോഗസ്ഥരും കാണിച്ച ആത്മാർത്ഥതയുടെ ഒരു കണികയെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്ടർമാരും ജീവനക്കാരും കാണിച്ചില്ലെന്നത് ഞെട്ടലോടെയേ കാണാനാവൂ. ഇതുപോലുള്ള അവസരങ്ങളിൽ ആശുപത്രിയിലെ സകല വിഭാഗങ്ങളും എത്ര ഐക്യത്തോടെയും മനുഷ്യത്വപരമായുമാണ് പ്രവർത്തിക്കാറുള്ളത് എന്നതിന് അനേകം ഉദാഹരണങ്ങളുണ്ട്. സസ്‌പെൻഷനിലായ വകുപ്പുമേധാവികൾക്കും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്കുമൊക്കെ പറയാൻ ന്യായീകരണങ്ങളുണ്ടാവും. പക്ഷേ തങ്ങളുടെ അനാസ്ഥകൊണ്ടു മാത്രമാണ് ശസ്ത്രക്രിയ പൂർത്തിയാകാൻ കാലതാമസമുണ്ടായതെന്ന സത്യം അവർ അംഗീകരിക്കുക തന്നെ വേണം.

വൃക്കമാറ്റിവയ്ക്കലിനു വിധേയനായ തിരുവനന്തപുരം കാരക്കോണം കുമാർ ഭവനിൽ റിട്ടയേഡ് ഐ.ടി.ഐ ഇൻസ്ട്രക്ടർ ജി. സുരേഷ്‌കുമാർ മെഡിക്കൽ നെഗ്ളിജൻസിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ്. മാറ്റിവയ്ക്കപ്പെടുന്ന വൃക്കയിലൂടെ പുതിയൊരു ജീവിതത്തിലേക്കു തിരിച്ചുവരാമെന്ന പ്രതീക്ഷയോടെയായിരിക്കും ആ അറുപത്തിരണ്ടുകാരൻ ശസ്ത്രക്രിയാ മുറിയിലേക്കു കടന്നിട്ടുണ്ടാവുക. എന്താണ് സംഭവിച്ചതെന്നുപോലും അറിയാതെ എന്നന്നേയ്ക്കുമായി ആ ജീവിതത്തിന് വിരാമമായി.

സുരേഷ്‌കുമാറിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് ബന്ധുക്കൾ നിയമനടപടിക്ക് ഒരുങ്ങുമെന്നാണു സൂചനകൾ. മരിച്ച സുരേഷ്‌കുമാർ ദീർഘകാലം ശാഖാ സെക്രട്ടറിയായിരുന്നു. ആശുപത്രി അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിന് എസ്.എൻ.ഡി.പി ശാഖാ പ്രവർത്തകർ തയാറെടുക്കുന്നുണ്ട്.

മരിച്ച വ്യക്തിയുടെ ആശ്രിതർക്ക് ഉയർന്ന തോതിൽ നഷ്ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്. അങ്ങനെയൊരു പ്രവണത വളർന്നു വന്നാലേ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനത്തിൽ നിന്ന് ആശുപത്രികളും ഡോക്ടർമാരും വിട്ടുനിൽക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KIDNEY TRANSPLANT PATIENTS DEATH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.