ന്യൂഡൽഹി: യോഗ വ്യക്തികൾക്കും സമൂഹത്തിനും മാത്രമല്ല പ്രപഞ്ചത്തിനാകെയും സമാധാനം പ്രദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മൈസൂരു കൊട്ടാരത്തിന് മുന്നിൽ നടന്ന എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ 15,000 പേർക്കൊപ്പം യോഗയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 79 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളും ചേർന്ന് സംഘടിപ്പിച്ച 'ഗാർഡിയൻ യോഗ റിംഗി'ന്റെ ഭാഗമായാണ് മൈസൂരുവിലും ചടങ്ങ് സംഘടിപ്പിച്ചത്.
അച്ചടക്കത്തിന്റെയും ധ്യാനത്തിന്റെയും സിദ്ധാന്തത്തിലൂന്നിയ യോഗ ആത്മാവിൽ പരിവർത്തനമുണ്ടാക്കും. ചിന്തയിലും പ്രവൃത്തിയിലും അറിവിലും ഭക്തിയിലും ഉൗന്നിയ നല്ലൊരു മനുഷ്യനെ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 'യോഗ മനുഷ്യരാശിക്ക് വേണ്ടി' എന്ന കാഴ്ചപ്പാട് ആഗോളതലത്തിൽ ഏറ്റെടുത്തതിന് ഐക്യരാഷ്ട്ര സഭയ്ക്കും വിവിധ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ രാജ്യത്തെ 75 പ്രമുഖ സ്ഥലങ്ങളിൽ കൂട്ട യോഗ പ്രകടനങ്ങളും സംഘടിപ്പിച്ചു. വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത, കോർപ്പറേറ്റ് സ്ഥാപനങ്ങളും പൗരസമൂഹ സംഘടനകളും രാജ്യത്തുടനീളം യോഗാഭ്യാസം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |