SignIn
Kerala Kaumudi Online
Thursday, 19 February 2026 8.40 AM IST

കെട്ടിട നമ്പർ തട്ടിപ്പിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ അന്വേഷണവും

Increase Font Size Decrease Font Size Print Page
corp
corp

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ പൊലീസ് അന്വേഷണത്തിനും കോർപ്പറേഷനിലെ ആഭ്യന്തര അന്വേഷണത്തിനും പുറമെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അന്വേഷണവും ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് റീജ്യണൽ ജോ.ഡയറക്ടർ ഡി.സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനിയുടെയും സസ്‌പെൻഷനിലായ മൂന്ന് ജീവനക്കാരുടെയും നിലവിൽ ജോലി ചെയ്യുന്ന അഞ്ച് ജീവനക്കാരുടെയും മൊഴിയെടുത്തു. സസ്‌പെൻഷനിലായ ഒരാളുടെ മൊഴി അടുത്ത ദിവസം എടുക്കും. തദ്ദേശസ്വയംഭരണ ഡയറക്ടറാണ് അന്വേഷണത്തിന് നിർദ്ദേശം നൽകി. സഞ്ചയ സോഫ്റ്റ് വെയറിന്റെ ലോഗിൻ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആവശ്യമെങ്കിൽ ക്രമേക്കേട് നടന്ന കമ്പ്യൂട്ടറുകളും പരിശോധിക്കും .

അഡീഷണൽ സെക്രട്ടറി കെ. മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചു. ജീവനക്കാരിൽ നിന്ന് മൊഴിയെ‌ടുത്തു. അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയത്. സോഫ്റ്റ് വെയറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഐ.കെ.എമ്മും അന്വേഷണം നടത്തുന്നുണ്ട്.

# സി.പി.എമ്മിന് അതൃപ്തി

കെട്ടിട നമ്പർ തട്ടിപ്പും ജീവനക്കാരുടെ സമരവും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയതിൽ സി.പി.എമ്മിൽ കടുത്ത അതൃപ്തി. ജീവനക്കാരുടെ സമരം കോർപ്പറേഷൻ ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് സി.പി.എം നിർദ്ദേശം. സി.പി.എം കൗൺസിലർമാരുമായി ഇക്കാര്യം പാർട്ടി ജില്ലാനേതൃത്വം ചർച്ച ചെയ്തിരുന്നു. നേരത്തെ മേയർ ഡോ. ബീനാഫിലിപ്പ് ജീവനക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടുകയും ജീവനക്കാർ കൂട്ട അവധിയെടുക്കുകയും ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാർ. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല കൂട്ടധർണ നടത്തും. ജീവനക്കാർ ഇന്നലെ ഉച്ചയ്ക്കും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് പാർട്ടി നിർദ്ദേശം.

ജീവനക്കാരുടെ സി.പി.എം അനുകൂല യൂണിയനായ കെ.എം.സി.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയും രണ്ട് അംഗങ്ങളുമാണ് സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായത്. ഒരാൾ കോൺഗ്രസ് അനുകൂല സംഘടനയായ കെ.എം.സി.എസ്.എ സംസ്ഥാന ഭാരവാഹിയാണ്. സംഘടനാ ഭാരവാഹികളെ തിടുക്കപ്പെട്ട് സസ്പെൻഡ് ചെയ്യേണ്ടിയിരുന്നില്ലെന്ന വിലയിരുത്തലും ഉണ്ട്.

@ യു.ഡി.എഫ് സമരം ശക്തമാക്കും; നിയമ നടപടികളിലേക്കും

സമരം ശക്തമാക്കാൻ യു.ഡി.എഫ്. കൗൺസിൽ പാർട്ടി യോഗം തീരുമാനിച്ചു. നിയമ നടപടികളും സ്വീകരിക്കും. നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകും. പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷനായി. സി.സി.സി.സെക്രട്ടറി പി.എം.അബ്ദുറഹ്‌മാൻ, എസ്.കെ.അബൂബക്കർ ,എം.സി. സുധാമണി, കെ.നിർമ്മല, ആയിശ.ബി.പാണ്ടികശാല, മനോഹരൻ മങ്ങറിൽ, ഓമന മധു, സാഹിദ സുലൈമാൻ, കവിത അരുൺ, കെ.പി.രാജേഷ് കുമാർ, അജീബ ഷമീൽ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY