തൃശൂർ : രാഹുൽഗാന്ധിയുടെ വയനാട്ടിലെ ക്യാമ്പ് ഓഫീസ് തകർത്ത എസ്.എഫ്.ഐക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ഉപരോധിച്ചു.
ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത അക്രമസംഭവമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അരങ്ങേറിയത്. പിണറായി വിജയന്റെ ഒത്താശയോടെ, കേരളത്തിലുടനീളം കോൺഗ്രസ് ഓഫീസുകൾ തകർക്കപ്പെട്ടുവെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. കൈയും കെട്ടി നോക്കി നിൽക്കാൻ കോൺഗ്രസിനാവില്ലെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും ജോസ് വള്ളൂർ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഒ.ജെ.ജെനീഷ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്.ശ്രീനിവാസൻ, സി.സി.ശ്രീകുമാർ, കെ.ബി.ശശികുമാർ, ഐ.പി.പോൾ, നിജി ജസ്റ്റിൻ, കെ.ഗോപാലകൃഷ്ണൻ , കെ.എച്ച്.ഉസ്മാൻ ഖാൻ, കെ.കെ.ബാബു, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ, ടി.എം.രാജീവ്, ബൈജു വർഗീസ്, വൈശാഖ് എന്നിവർ സംസാരിച്ചു.
പൊലീസ് പിടികൂടിയ മയക്കുമരുന്ന് നശിപ്പിച്ചു
തൃശൂർ : സിറ്റി പൊലീസിന് കീഴിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു. 62.229 കിലോ കഞ്ചാവ്, 1.865 കിലോ ഹാഷിഷ് ഓയിൽ, 13.18 ഗ്രാം അതിമാരക സിന്തറ്റിക് ഇനത്തിൽപെട്ട എം.ഡി.എം.എ എന്നിവയാണ് നശിപ്പിച്ചത്.
പുതുക്കാട് ചിറ്റിശ്ശേരി കൈലാസ് ക്ലേ കമ്പനി വക ഫർണസിലാണ് ഇവ കത്തിച്ചു കളഞ്ഞത്. തൃശൂർ ടൗൺ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂർ, കുന്നംകുളം, റെയിൽവേ എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 9 കേസുകളിൽ ഉൾപ്പെട്ടതാണ് നശിപ്പിക്കപ്പെട്ട കഞ്ചാവ്. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. അതിമാരക സിന്തറ്റിക് മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടിയത് കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ്. മയക്കുമരുന്ന് കേസിലുൾപ്പെട്ട 25 പ്രതികളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.തോമസ്, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സുമേഷ്.കെ, ഡെപ്യൂട്ടി കമാൻഡന്റ് (ഇൻചാർജ്ജ്) അജയകുമാർ പി.ജി, ഇൻസ്പെക്ടർ വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |