കൊച്ചി: യുവ വിംഗർ സൗരവ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയിൽ കളത്തിലിറങ്ങും. വെളിപ്പെടുത്താത്ത തുകയ്ക്ക് മൾട്ടി കരാറിലൂടെയാണ് താരത്തെ മഞ്ഞപ്പട സ്വന്തമാക്കിയത്. ചർച്ചിൽ ബ്രദേഴ്സ് എഫ്.സിയിൽ നിന്നാണ് സൗരവ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 21കാരനായ താരം 2025വരെയുള്ള കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.
റെയിൻബോ എഫ്.സിയിലൂടെയാണ് സൗരവ് പ്രൊഫഷണൽ കരിയർ തുടങ്ങിയത്. എ.ടി.കെയുടെ റിസർവ് ടീമിൽ ചെറിയകാലം കളിച്ചശേഷം 2020ൽ ചർച്ചിൽ ബ്രദേഴ്സിലെത്തി. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദേഴ്സിനായി 14 മത്സരങ്ങൾ കളിച്ചു; ഒരു ഗോളും സ്വന്തമാക്കിയിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് സൗരവ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നത് സ്വപ്നസാക്ഷാത്കാരമാണ്. രാജ്യത്തെ മികച്ച കളിക്കാരുമായി ഡ്രസിംഗ്റൂം പങ്കിടാനാകും. അവരിൽ നിന്ന് പഠിക്കാൻ താത്പര്യമുണ്ടെന്നും സൗരവ് പറഞ്ഞു. സമ്മർ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ സൈനിംഗാണിത്. കഴിഞ്ഞയാഴ്ച ബ്രൈസ് മിറാൻഡയെ ടീമിലെത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |