തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെയും മലയാളത്തിന്റെയും പ്രിയ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സിനിമ ലോകം .
കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർ ചികിത്സയിലായിരുന്നു വിദ്യാസാഗർ. ശ്വാസകോശത്തിൽ അണുബാധ രൂക്ഷമായതിനെതുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവ ദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.
2009 ൽ ജൂലായ് 12 നായിരുന്നു മീനയുടെയും വിദ്യാസാഗറിന്റെയും വിവാഹം. അടുത്തമാസം 12ന് പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് വിദ്യാസാഗർ അപ്രതീക്ഷിതമായി വിട പറയുന്നത്. 12 വർഷത്തെ കൂട്ടുകെട്ട് എന്നായിരുന്നു കഴിഞ്ഞ വിവാഹവാർഷികത്തിൽ മീന സമൂഹ മാധ്യമത്തിൽ കുറിച്ചത്.
വിദ്യാസാഗറിനും മകൾക്കും ഒപ്പമുള്ള ചിത്രവും താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാഗറിന്റെയും മീനയുടെയും വിവാഹം .ബംഗ്ളൂരുവിൽ സോഫ്ട് വെയർ എൻജിനിയറായിരുന്നു വിദ്യാസാഗർ. വിജയ് ചിത്രം തെരിയിലൂടെ മകൾ നൈനിയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. വിജയ്യുടെ മകളുടെ വേഷമാണ് അവതരിപ്പിച്ചത്.ശരത് കുമാർ, ഖുശ്ബു ഉൾപ്പെടെ നിരവധി താരങ്ങൾ സമൂഹ മാധ്യമത്തിലൂടെ ആദരാഞ്ജലികൾ നേർന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഖുശ്ബു ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |