SignIn
Kerala Kaumudi Online
Thursday, 19 September 2024 3.44 PM IST

അയ്യായിരം അവർക്ക് ചെറിയ തുകയല്ല

Increase Font Size Decrease Font Size Print Page

covid-relief

കൊവിഡ് എന്ന മഹാമാരി കാരണം കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന വ്യക്തി ഇല്ലാതായതോടെ ജീവിതം ഇരുട്ടിലായ കുടുംബങ്ങൾക്ക് മൂന്നു വർഷത്തേക്ക് പ്രതിമാസം 5000 രൂപ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിൽ നിന്ന് കേരളം കേട്ടത് സഹജീവി സ്‌നേഹത്തിന്റെ മുഴക്കമായിരുന്നു. എന്നാൽ എട്ടുമാസം കഴിഞ്ഞിട്ടും പ്രഖ്യാപനമല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകാതെ വന്നപ്പോൾ നിരാശരായി ഫലം. എന്നാലിപ്പോൾ ആ ജീവിതങ്ങൾ വീണ്ടും പ്രതീക്ഷയിലാണ്. കേരളകൗമുദി വിഷയത്തിൽ ഇടപെട്ട് തിങ്കളാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചൊവ്വാഴ്ച 474 പേർക്ക് പണം ലഭിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് പണം നൽകാനുള്ള നടപടികൾക്ക് വേഗം കൂടുമെന്നാണ് അറിയുന്നത്. ഈ നടപടിയ്‌ക്ക് ഒരർത്ഥമേയുള്ളൂ വേണമെന്ന് വിചാരിച്ചാൽ എത്ര കടുംകെട്ട് വീണ ചുവപ്പുനാടയും അഴിയും.
സഹായ വിതരണം എട്ടുമാസം നീട്ടിക്കൊണ്ടു പോയതിന് എന്ത് ന്യായീകരമണമാകും അധികൃതർക്ക് പറയാനുണ്ടാകുക. പ്രഖ്യാപിച്ച പണമല്ലേ അത് ഉറപ്പായും കിട്ടും അഞ്ചുമാസം വൈകിയാലും ഒന്നിച്ച് കൊടുക്കും, എന്നിങ്ങനെ വാദങ്ങൾ നിരത്തുന്നവർ ഒരുകാര്യം ഓർക്കുക,. പട്ടിണിയിലായിപ്പോയ കുറേ ജീവിതങ്ങൾക്ക് അന്നത്തിനുള്ള പണമാണ് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ. അല്ലാതെ കിട്ടാനുള്ളത് ഒരുമിച്ച് വാങ്ങി കീശതടവി സന്തോഷിക്കാവുന്ന സ്ഥിതിയിലുള്ളവരല്ല അവരാരും. ഒരുമിച്ചുകൊടുത്ത് സർക്കാർ അവരെ സമ്പന്നരാക്കേണ്ട, ഈ സാധുക്കളുടെ അന്നത്തിനുള്ള വഴി അടയ്‌ക്കാതിരുന്നാൽ മതി.

അത്യാവശ്യകാര്യങ്ങൾ നടക്കുമല്ലോ എന്ന പ്രതീക്ഷ മാത്രമാണ് ഈ സഹായം കാത്തിരിക്കുന്നവർക്കുള്ളത്. പക്ഷേ കാര്യങ്ങൾ ഇപ്പോഴും അത്ര സുഗമമല്ല. പല വില്ലേജ് ഓഫീസർമാർക്കും ഇതേക്കുറിച്ച് ധാരണയില്ല, അതിന് അവരെ കുറ്റം പറയാനുമാകില്ല. റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ഇക്കാര്യത്തിൽ വലിയ തിട്ടമില്ല. ആർക്കാണ് ഇതിന്റെ ചുമലതയെന്ന് പോലും വ്യക്തമല്ല. സംസ്ഥാന തലത്തിൽ ലാൻഡ് റവന്യു കമ്മിഷണറേറ്റിനും ജില്ലാതലത്തിൽ കളക്ടറേറ്റിലെ ദുരന്തനിവാരണ വകുപ്പിനുമാണ് ഏകോപന ചുമതല. എന്നാൽ കൃത്യമായി നിയന്ത്രിക്കാനും പുരോഗതി വിലയിരുത്താനും നോഡൽ ഓഫീസറായി ആരെയും നിശ്ചയിച്ചിട്ടില്ല. ഇത് റവന്യൂ വകുപ്പ് മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പ്രതിമാസ സഹായം നൽകേണ്ടത്. അതിനാൽ ധനകാര്യവകുപ്പും ഫയൽ കാണണം. ഓരോ മാസവും ഗുണഭോക്താക്കളുടെ പട്ടിക സഹിതം കളക്ട്രേറ്റിൽ നിന്ന് ദുരന്തനിവാരണ വകുപ്പിലേക്കും അവിടെ നിന്ന് ധനകാര്യവകുപ്പിലേക്കും പോയ ശേഷമാണ് അനുമതി ലഭിക്കുക. ഗുണഭോക്താക്കളുടെ വിവരശേഖരണം പൂർത്തിയാക്കി അതനുസരിച്ച് ഓരോ ജില്ലയ്ക്കും തുക അനുവദിച്ചു നൽകിയാൽ ഗുണഭോക്താവിന് സഹായം വേഗത്തിൽ ലഭിക്കാൻ സഹായകരമാകും. അതിന് ധനകാര്യവകുപ്പിന്റെ ഇടപെടൽ വേണം. ധനകാര്യവകുപ്പ് ഇതിനായി പ്രത്യേക ഹെഡ് ഒഫ് അക്കൗണ്ട് അനുവദിച്ചാൽ ഈ നൂലാമാല ഒഴിവാക്കി കളക്ടറേറ്റുകളിൽ നിന്ന് തുക അനുവദിക്കാനാകും. ഇത്തരം സങ്കീർണമായ പ്രശ്നങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥൻ ഇല്ലെന്നത് അധികാരികൾ ഈ വിഷയത്തെ എത്രമാത്രം നിസാരമായി കാണുന്നു എന്നതിന് തെളിവാണ്. ഈ മനോഭാവം മാറിയാൽ മാത്രമേ പാവങ്ങൾക്ക് വേഗത്തിൽ പണം ലഭിക്കൂ. ഈ പണം പ്രതിമാസം കിട്ടുമെന്ന് കരുതി പല പ്രതീക്ഷളോടെ കാത്തിരിക്കുന്നരെ നൂലാമാലകൾ പറഞ്ഞ് ഇനിയെങ്കിലും വട്ടം ചുറ്റിക്കരുത്. ഇത് പൊതുസമൂഹത്തിന് വേണ്ടി ചെയ്യുന്ന സത്കർമ്മമാണ്. സഹജീവികളുടെ വേദനയിൽ കൈത്താങ്ങാവാൻ ഇങ്ങനെയങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിയണം.
2021 ഒക്ടോബർ 13ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സഹായം പ്രഖ്യാപിച്ചത്. അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ആയി തുക ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല നടന്നത്. സാമൂഹ്യക്ഷേമ /ക്ഷേമനിധി/ മറ്റു പെൻഷനുകൾ ലഭിക്കുന്നത് കൊവിഡ് മരണാനന്തര സഹായത്തിന് അയോഗ്യതയല്ലെന്നും അപേക്ഷ തീർപ്പാക്കാൻ ആരെയും ഓഫീസിൽ വിളിച്ചുവരുത്തരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. നവംബർ ഒന്നു മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഇതുവരെ ലഭിച്ച 20038 അപേക്ഷകളിൽ 5983 എണ്ണം മാത്രമാണ് അംഗീകരിച്ചത്. മതിയായ രേഖകൾ ഇല്ലെന്ന കാരണത്താൽ 4519 അപേക്ഷകൾ നിരസിച്ചു. ഇവരിൽ 2773 പേർ ആവശ്യപ്പെട്ട രേഖകൾ കൂടി നൽകിയെങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50,000 രൂപ ധനസഹായം നൽകുന്നതിലും കേരളത്തിൽ സമാനമായ മെല്ലപ്പോക്കായിരുന്നു . കഴിഞ്ഞ ജനുവരി 19ന് കേസ് പരിഗണിച്ച സുപ്രീംകോടതി, 14 ദിവസത്തിനകം പണം നൽകി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. പിന്നാലെ 27ന് ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിറക്കി രണ്ടു ദിവസത്തിനുള്ളിൽ അപേക്ഷകൾ തീർപ്പാക്കി. 66,646 അപേക്ഷകരിൽ 62,385 പേർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണം നൽകി. കേന്ദ്രസഹായം ഈ ഫണ്ടിലാണ് എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COVID RELIEF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.