മെക്സിക്കൻ സിറ്റി : വെള്ളഗൗൺ ധരിച്ച്, ശിരസിൽ പൂക്കൾ ചൂടി നമ്രമുഖിയായി വരന്റെ കൈയിൽ അവൾ കുണുങ്ങിയിരുന്നു... ബാൻഡ് മേളം മുഴങ്ങവെ നാട്ടുകാരെ സാക്ഷിയാക്കി മെക്സിക്കൻ മേയറായ വരൻ, തന്റെ മണവാട്ടിയെ കൈയിലേന്തി നഗരത്തിൽ പ്രദക്ഷിണം വച്ചു. ദേവാലയത്തിലെത്തി ആചാരപ്രകാരം വിവാഹം കഴിച്ചു. പ്രിയതമയെ ചുംബിക്കാനാഞ്ഞ വരനോട് ചുറ്റുമുള്ളവർ പറഞ്ഞു. 'സൂക്ഷിക്കണേ... അവൾ കടിക്കും'.
മെക്സിക്കോയിലാണ് ഈ വിചിത്ര വിവാഹം നടന്നത്.
മേയറുടെ വധു ചീങ്കണ്ണിയാണ്. നാടിന്റെയും സമുദായത്തിന്റെയും അഭിവൃദ്ധിക്കായുള്ള പരമ്പരാഗത ആചാരം പാലിക്കാനാണ് സാൻ പെഡ്രോ ഹുവാമെലുല നഗരത്തിന്റെ മേയർ വിക്ടർ ഹ്യൂഗോ സോസ പെൺചീങ്കണ്ണിയെ വിവാഹം കഴിച്ചത്. വാമൂടിക്കെട്ടിയ കുഞ്ഞു ചീങ്കണ്ണിയെ വളരെ പണിപ്പെട്ടാണ് വിവാഹവസ്ത്രം ധരിപ്പിച്ചത്.
ഒക്സാക്ക സംസ്ഥാനത്തെ ചോണ്ടൽ, ഹുവേ വിഭാഗക്കാരുടെ നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. അവർക്ക് ഏഴു വയസ് പ്രായമായ പെൺചീങ്കണ്ണി സൃഷ്ടിയുടെ മാതാവായ ദേവതയാണ്. ഇതിനെ മേയർ വിവാഹം ചെയ്യുന്നതിലൂടെ മനുഷ്യൻ ദൈവവുമായി ചേരുന്നുവെന്നും ഇവർ വിശ്വസിക്കുന്നു.