ഹൈദരാബാദ് : അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാന പിടിക്കാനും 2024ൽ കേന്ദ്രത്തിൽ ഹാട്രിക്ക് തികയ‌്ക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുന്ന ത്രിദിന ബി.ജെ.പി ദേശീയ നിർവാഹക സമിതിയോഗത്തിന് ഹൈദരാബാദിൽ തുടക്കം. ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
ഇതിന് മുന്നോടിയായി ഇന്നലെ രാത്രി ദേശീയ ഭാരവാഹികൾ യോഗം ചേർന്നു. ഹൈദരാബാദിലെത്തിയ ജെ.പി. നദ്ദ വിമാനത്താവളത്തിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോയിൽ പങ്കെടുത്തു.ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു. യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹൈദരാബാദിലെത്തും. മോദിയുടെ വരവ് പാർട്ടിയുടെ ശക്തി പ്രകടന പരിപാടിയാക്കി മാറ്റാനാണ് ബി.ജെ.പിയുടെ പദ്ധതി.
അമിത് ഷാ, രാജ്‌നാഥ്‌സിംഗ്, നിതിൻ ഗഡ്കരി, നിർമ്മലാ സീതാരാമൻ തുടങ്ങിയ കേന്ദ്രമന്ത്രിമാർ, പാർട്ടി എം.പിമാർ, ദേശീയഭാരവാഹികൾ, ബി.ജെ.പി ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും.