കൊച്ചി: കേന്ദ്രവും സംസഥാനങ്ങളും ചേർന്ന് ജൂണിൽ ജി.എസ്.ടിയായി സമാഹരിച്ചത് 1.44 ലക്ഷം കോടി രൂപ. 2021 ജൂണിലേക്കാൾ 56 ശതമാനമാണ് വളർച്ച. ജി.എസ്.ടി നടപ്പാക്കിയശേഷം ഇത് അഞ്ചാംതവണയാണ് ഒരുമാസത്തെ സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. കേരളത്തിന്റെ വരുമാനം കഴിഞ്ഞമാസം 116 ശതമാനം വർദ്ധിച്ച് 2,161 കോടി രൂപയായി. 2021 ജൂണിൽ വരുമാനം 998 കോടി രൂപയായിരുന്നു.
കഴിഞ്ഞമാസത്തെ മൊത്തം ദേശീയതല വരുമാനത്തിൽ 25,306 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,406 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 75,887 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 11,018 കോടി രൂപ ലഭിച്ചു.
118%
കഴിഞ്ഞമാസത്തെ വളർച്ചാക്കണക്കിൽ ലഡാക്ക് (118%) കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് കേരളം (116%). മഹാരാഷ്‌ട്രയാണ് വരുമാനത്തിൽ ഒന്നാമത് (22,341 കോടി രൂപ).
2
ജി.എസ്.ടിയായ ഒരുമാസം ലഭിക്കുന്ന രണ്ടാമത്തെ വലിയ വരുമാനമാണ് കഴിഞ്ഞമാസത്തെ 1,44,616 കോടി രൂപ. ഈവർഷം ഏപ്രിലിൽ സമാഹരിച്ച 1,67,540 കോടി രൂപയാണ് എക്കാലത്തെയും ഉയരം.
5
ജി.എസ്.ടി പ്രാബല്യത്തിൽ വന്നശേഷം ഒരുമാസത്തെ വരുമാനം 1.40 ലക്ഷം കോടി രൂപ കടക്കുന്നത് ഇത് അഞ്ചാംതവണയാണ്. തുടർച്ചയായ നാലാംമാസമാണ് 1.40 ലക്ഷം കോടി രൂപ കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
7.3 കോടി
ജി.എസ്.ടി വരുമാന വളർച്ചാനിർണയത്തിലെ മുഖ്യഘടകമായ ഇ-വേ ബില്ലുകൾ കഴിഞ്ഞമാസം 7.3 കോടിയാണ്. ഏപ്രിലിൽ 7.4 കോടിയായിരുന്നു.
തളരാതെ മുന്നോട്ട്
ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തളരാതെ മുന്നേറുന്നതിന്റെ സൂചനയായാണ് ഉയർന്ന ജി.എസ്.ടി വരുമാനത്തെ കേന്ദ്രം കാണുന്നത്. കഴിഞ്ഞ 4 മാസത്തെ ജി.എസ്.ടി സമാഹരണം: (ലക്ഷം കോടിയിൽ)
മാർച്ച് : ₹1.42
ഏപ്രിൽ : ₹1.68
മേയ് : ₹1.41
ജൂൺ : ₹1.44