യു.എ.ഇയുടെ പ്രഥമ ഡിജിറ്റൽ ബാങ്ക്
മുഹമ്മദ് അൽ ജബ്ബാർ ചെയർമാൻ
ദുബായ്: യു.എ.ഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡിന്റെ ഡയറക്ടർ ബോർഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ.യൂസഫലി. ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാർ ഗ്രൂപ്പിന്റെയും മിഡിൽ ഈസ്റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെ ചെയർമാൻ മുഹമ്മദ് അൽ ജബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.
അബുദാബി രാജകുടുബാംഗങ്ങൾക്കും നിക്ഷേപമുള്ള ബാങ്കിൽ എം.എ.യൂസഫലിക്ക് പുറമേ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയും നിക്ഷേപകരാണ്. ഗൾഫ് രാജ്യങ്ങൾ സമ്പദ്രംഗത്ത് കൂടുതൽ വൈവിദ്ധ്യവത്കരണത്തിലേക്ക് കടക്കവേയാണ് ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് യൂസഫലിയും ബിർളയും സാന്നിദ്ധ്യമറിയിക്കുന്നത്.
ആഗോള നിക്ഷേപസ്ഥാപനമായ ഫ്രാങ്ക്ളിൻ ടെമ്പിൾടൺ ചെയർമാൻ ഗ്രിഗറി ജോൺസൺ, അബുദാബി അൽ-ഹെയിൽ ഹോൾഡിംഗ്സ് സി.ഇ.ഒ ഹമദ് ജാസിം അൽ ദാർവിഷ്, എമിറേറ്റ്സ് എയർലൈൻ സി.ഇ.ഒ അദ്നാൻ കാസിം, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് രാജ അൽ മസ്രോയ് എന്നിവരും ബാങ്കിന്റെ പ്രഥമ ബോർഡിലുണ്ട്.
₹5,000 കോടി
പൂർണമായും ഡിജിറ്റലായി റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന സാൻഡ് ബാങ്ക് ഉടൻ പ്രവർത്തനം തുടങ്ങും. 5,000 കോടി രൂപയുടെ വിറ്റുവരവാണ് ബാങ്കിന്റെ പ്രതീക്ഷ.
ഇനി വരുന്നത് ഡിജിറ്റൽ
യുഗം: എം.എ.യൂസഫലി
ഇനി വരുന്നത് ഡിജിറ്റൽ ബാങ്കിംഗ് യുഗമാണെന്നും തടസമില്ലാത്തതും കൂടുതൽ എളുപ്പവുമായ സേവനങ്ങളാണ് സാൻഡ് ബാങ്ക് നൽകുകയെന്നും എം.എ.യൂസഫലി പറഞ്ഞു. ഉയർന്ന ഇന്റർനെറ്റ് ഉപഭോഗം, ഐ.ടിരംഗത്തെ വളർച്ച എന്നിവ ഡിജിറ്റൽ ബാങ്കിംഗിന്റെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. ഏറെ സവിശേഷതകളുള്ള സേവനങ്ങളാകും സാൻഡ് ബാങ്ക് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയിലും എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |