SignIn
Kerala Kaumudi Online
Monday, 05 October 2026 12.25 PM IST

നേമം ടെർമിനൽ ഉപേക്ഷിക്കരുത് : മുഖ്യമന്ത്രി

train

തിരുവനന്തപുരം:നേമം കോച്ചിംഗ് ടെർമിനൽ ഉപേക്ഷിക്കാനുളള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്നും ഇതിനായി കേരള എം.പി.മാർ പാർലമെന്റിൽ ശക്തമായി വാദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് റെയിൽവേ പ്രഖ്യാപിക്കുന്ന പല പദ്ധതികളും നടപ്പാക്കുന്നില്ല.സമഗ്രമായ റെയിൽവേ വികസനത്തിന് കേന്ദ്രത്തിൽ എം.പി.മാർ സമ്മർദ്ദം ചെലുത്തണം.

അറ്റോമിക് ധാതുക്കൾ ഖനനം ചെയ്യാനുള്ള അധികാരം സർക്കാർ സ്ഥാപനങ്ങൾക്കാണ്. ഈ വ്യവസ്ഥ മാറ്റാൻ മൈൻസ് ആൻഡ് മിനറൽസ് നിയമത്തിൽ ഭേദഗതി വരുത്തുകയാണ്. ഇത് രാജ്യസുരക്ഷയ്ക്കും പരിസ്ഥിതിക്കും പ്രത്യാഘാതമുണ്ടാക്കും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി മേഖല വിഷയത്തിൽ ഉദ്യോഗസ്ഥതലത്തിലും നിയമപരമായും സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ചു വർഷം കൂടി നീട്ടണം.

സംസ്ഥാനത്തിന്റെ അധികാരങ്ങൾ കുറയ്ക്കാനുള്ള നടപടികളാണ് കേന്ദ്രം എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്ക് നാട്ടിൽ വരേണ്ടപ്പോഴൊക്കെ വലിയ തോതിൽ വിമാന കൂലി വർദ്ധിപ്പിക്കുന്നു.

ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളിലെ വിമാനനിരക്ക് കുറക്കാൻ അടിയന്തിര നടപടിയെടുക്കണം.തിരുവനന്തപുരം വിമാനത്താവളം അദാനിക്കു നൽകുമ്പോൾ വലിയമാറ്റം വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
സംസ്ഥാനത്തിന്റെ റേഷൻ വിഹിതവും വെട്ടിക്കുറച്ച മണ്ണെണ്ണയും പുനഃസ്ഥാപിക്കാൻ എം.പിമാർ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാർ, എം.പിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

യു.ഡി.എഫ്. എം.പി.മാർ ബഹിഷ്ക്കരിച്ചു

മുഖ്യമന്ത്രി ഒാൺലൈനായി വിളിച്ച എം.പി.മാരുടെ യോഗം യു.ഡി.എഫ്. എം.പി.മാർ ബഹിഷ്ക്കരിച്ചു. എല്ലാ പരിപാടികളും നേരിട്ട് നടത്തുമ്പോൾ എം.പി.മാരുടെ യോഗം മാത്രം ഒാൺലൈനായി നടത്തുന്നത് അവരെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രിക്ക് മടിയുള്ളതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ലോക്സഭയിൽ 19 പേരും രാജ്യസഭയിൽ രണ്ട് എം.പി.മാരുമാണ് യു.ഡി.എഫിനുളളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA