തിരുവനന്തപുരം: നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
2011-12-ലെ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതി പൂർത്തിയായാൽ കോച്ചുകളുടെ മെയിന്റനൻസ് പൂർണമായി ഇങ്ങോട്ടു മാറ്റുമെന്ന് 2019-ൽ തറക്കല്ലിടുന്ന ഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി വിട്ടുനൽകിയവർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ഊർജ്ജം നൽകുന്ന പദ്ധതി സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.