SignIn
Kerala Kaumudi Online
Monday, 05 October 2026 11.05 AM IST

ഗർഭിണിയായിരുന്നെന്നും പ്രസവിച്ചെന്നും നാടകം; നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത പാലക്കാട് സ്വദേശിനി അറസ്റ്റിൽ

shabna

പാലക്കാട്: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പാലക്കാട് സ്വദേശിനി അറസ്റ്റിൽ. ഞായറാഴ്ച രാവിലെ പൊള്ളാച്ചിയിലെ സർക്കാ‌ർ ആശുപത്രിയിൽ നിന്ന് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തതിന് പാലക്കാട് കൊടുവായൂർ സ്വദേശി ശബ്‌‌നയാണ് അറസ്റ്റിലായത്.

കൊടുവായൂർ സ്വദേശിയായ മണികണ്ഠനാണ് ശബ്‌നയുടെ ഭർത്താവ്. യുവതിയുടെ രണ്ടാം വിവാഹമാണിത്. ഭർതൃവീട്ടിലും നാട്ടിലും താൻ ഗർഭിണിയായിരുന്നെന്നും പ്രസവിച്ചെന്നും പറഞ്ഞത് തെളിയിക്കാനായിരുന്നു ശബ്‌ന കുഞ്ഞിനെ തട്ടിയെടുത്തത്. ഏപ്രിൽ 22ന് പ്രസവിച്ചുവെന്നും കുഞ്ഞ് ഐസിയുവിലാണെന്നുമാണ് ശബ്‌ന ഭർത്താവിനെയും വീട്ടുകാരെയും ധരിപ്പിച്ചിരുന്നത്. എന്നാൽ പ്രദേശത്തെ ആശാവർക്കർ വിവരങ്ങൾ തിരക്കിയപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത് സംശയത്തിനിടയാക്കിയിരുന്നു. പിടിക്കപ്പെടുമെന്നായപ്പോഴാണ് ശബ്‌ന കുട്ടിയെ തട്ടിയെടുക്കാൻ തീരുമാനിച്ചത്. പിന്നാലെ ഞായറാഴ്ച രാവിലെ ആശുപത്രിയിലെത്തി കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു.

ശബ്‌നയോടൊപ്പം മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇത് യുവതിയുടെ ആദ്യവിവാഹത്തിനെ മകളാണെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിനെ കാണാതായതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് രണ്ട് പേർ കുഞ്ഞുമായി കടന്നതിന് സൂചന ലഭിച്ചത്. യുവതി ആശുപത്രിയിൽ നിന്ന് പൊള്ളാച്ചി ബസ് സ്റ്റാൻഡിലും തുടർന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തി. തുടർന്ന് പാലക്കാട് പൊലീസും പൊള്ളാച്ചി പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെ കൊടുവായൂരിലെ വീട്ടിൽ നിന്ന് ശബ്‌ന അറസ്റ്റിലാവുകയായിരുന്നു. കുഞ്ഞിനെ കുമാരൻ നഗർ സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SHABNA, PALAKKAD, POLLACHI, KIDNAPPING, NEWBORN, BABY, ARRRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY