SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 AM IST

തെരുവുനായ്ക്കളെ പേടിച്ച് എത്രനാൾ ഓടണം?

Increase Font Size Decrease Font Size Print Page

street-dog

കൊവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഉയരുന്ന മാലിന്യക്കൂമ്പാരം തെരുവ് നായ്‌ക്കളുടെ എണ്ണം കൂടാനിടയാക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് വ്യാപകമായി ശുചീകരണ പ്രവർത്തനം നടന്നിരുന്നതിനാലും ആൾക്കൂട്ടം കുറഞ്ഞതിനാലും മാലിന്യപ്രശ്‌നം കുറവായിരുന്നു. മാലിന്യം നിറഞ്ഞതോടെ, ഭക്ഷണം തേടിയെത്തുന്ന നായ്ക്കളുടെ എണ്ണം കൂടിയതായി മൃഗഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ട് മങ്കര സ്വദേശിനിയായ വിദ്യാർത്ഥിനി ശ്രീലക്ഷ്മി വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചതോടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അടുത്ത വീട്ടിലെ നായയുടെ കടിയേറ്റായിരുന്നു വിദ്യാർത്ഥിനിയുടെ മരണം. തെരുവുനായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങളും കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ.

പലപ്പോഴും നായ്ക്കളുടെ കടിയോ നഖങ്ങളുടെ പോറലോ തിരിച്ചറിയാതിരിക്കുന്നതും അശ്രദ്ധയും കാരണം വാക്സിനെടുക്കാത്ത നിരവധി പേരുണ്ട്. ഉഷ്ണരക്തം ശരീരത്തിലുളള മൃഗങ്ങളെയെല്ലാം രോഗബാധിതനാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തലോ അല്ലെങ്കിൽ അവയുടെ ഉമിനീർ മുറിവുകളിൽ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മനുഷ്യശരീരത്തിൽ കയറിക്കൂടുന്ന റാബീസ് വൈറസുകളെ അടിയന്തര ചികിത്സയിലൂടെയും കൃത്യമായ ഇടവേളകളിൽ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും നൂറു ശതമാനം ഫലപ്രദമായി പ്രതിരോധിക്കണമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയാൽ പിന്നെ മരണമെന്ന് ഓർക്കണം. ഭൂരിഭാഗം പേർക്കും രോഗബാധയേൽക്കുന്നത് വൈറസ് ബാധിച്ച നായ്ക്കളുടെ കടിയിൽ നിന്നുമാണ്. പൂച്ച, കീരി, കുറുക്കൻ, ചെന്നായ, മറ്റ് വന്യമൃഗങ്ങൾ എന്നിവയുടെ കടിയിലൂടെയും പകരാം. മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏൽക്കുകയോ ഉമിനീർ മുറിവിൽ പുരളുകയോ ചെയ്യുന്ന സാഹചര്യത്തിൽ മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ കഴുകി വൃത്തിയാക്കി, മുറിവിൽ സോപ്പ് പതപ്പിച്ച് വീണ്ടും കഴുകി വൃത്തിയാക്കണം. കടിച്ച മൃഗങ്ങളെ നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്‌സിൻ എടുക്കാം എന്ന മനോഭാവം അത്യന്തം അപകടകരമാണ്.

ആശ്രയം

തദ്ദേശസ്ഥാപനങ്ങൾ

അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള സംഘടനകൾക്ക് നായ്ക്കളുടെ വന്ധ്യംകരണം ചെയ്യാനാവും. എന്നാൽ അത്തരം സംഘടനകൾ കേരളത്തിലില്ല. അതുകൊണ്ടു തന്നെ തദ്ദേശസ്ഥാപനങ്ങളെ മാത്രമാണ് വന്ധ്യംകരണത്തിന് ആശ്രയിക്കാൻ കഴിയുക. അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ലാത്തതിനാൽ കുടുംബശ്രീ വഴി പഞ്ചായത്തുകളുടെ കീഴിൽ നടത്തിയിരുന്ന വന്ധ്യംകരണ പ്രവർത്തനങ്ങൾ നിറുത്തിവെച്ചതാണ് പ്രതിസന്ധിയായത്. മാലിന്യസംസ്‌കരണം നടക്കാത്ത പഞ്ചായത്തുകളിൽ തെരുവ് നായ് ശല്യം കൂടി. ഇത്തരം കേന്ദ്രങ്ങൾ മികച്ചരീതിയിൽ പല പഞ്ചായത്തുകളിലും പ്രവർത്തിച്ചിരുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനം വഴി വന്ധ്യംകരണം നടത്താനുള്ള പദ്ധതികൾ തയ്യാറായിക്കഴിഞ്ഞാലും കെട്ടിടവും ജീവനക്കാരും ഓപ്പറേഷൻ തിയേറ്ററും അനുബന്ധ ഉപകരണങ്ങളുമെല്ലാം പെട്ടെന്ന് സജ്ജമാക്കാനാവില്ല. ബ്‌ളോക്ക് തലത്തിൽ നടപ്പാക്കുമ്പോൾ ബ്‌ളോക്കിന് കീഴിലല്ലാത്ത പഞ്ചായത്തുകളിൽനിന്നുള്ള നായ്ക്കളെ കൊണ്ടുവരാനും തടസമുണ്ടാകും.

പിടിച്ചുകൊണ്ടുവരുന്ന നായ്ക്കളെ ആദ്യം സുരക്ഷിതകേന്ദ്രത്തിലാക്കും. പിറ്റേന്ന് ശസ്ത്രക്രിയ നടത്തും. മൂന്ന് ദിവസം ആന്റിബയോട്ടിക് നൽകിയ ശേഷം സുഖപ്പെടുത്തി, പിടിച്ചെടുത്ത സ്ഥലത്തേക്ക് തിരികെവിടും. കാര്യങ്ങൾ ലളിതമാണെങ്കിലും ഇതിനുളള സംവിധാനങ്ങൾ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ ഒരുക്കിയില്ലെന്നതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. മാലിന്യം കൂടുന്തോറും തെരുവുനായ്ക്കളുടെ ശല്യം കൂടുമെന്ന് ഡോക്ടർമാരും മറ്റ് ആരോഗ്യവിദഗ്ദ്ധരും ആവർത്തിച്ചിട്ടും മാലിന്യസംസ്‌കരണം പാളുന്നതാണ് മറ്റൊരു പ്രധാനകാരണം.

വിശദാന്വേഷണത്തിന്

ആരോഗ്യവകുപ്പ്

പേവിഷ ബാധയേറ്റ ശേഷം റാബീസ് വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് അത്യപൂർവമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി മരിക്കാനിടയായ സാഹചര്യം വിശദമായി ആരോഗ്യവകുപ്പ് അന്വേഷിക്കും. മരണം സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം തുടർനടപടിയുണ്ടാകും. പാലക്കാട്ടെ സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നും ശ്രീലക്ഷ്മി വാക്‌സിനെടുത്തിരുന്നു. വാക്‌സിൻ സംഭരിച്ചതിൽ അപാകതകളുണ്ടോയെന്നും പരിശോധിക്കും. മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷമുള്ള ചികിത്സ ഫലപ്രദമായി നടത്തിയിട്ടുണ്ടെന്നാണ് സർക്കാരിന് നൽകിയ റിപ്പോർട്ടിലുള്ളത്.

മുറിവേറ്റ ശരീരഭാഗങ്ങളുടെ പ്രത്യേകതയും ആഴവും പേവിഷബാധയുടെ തീവ്രതയുമെല്ലാം അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള വാക്‌സിനുകളാണ് നൽകാറുളളത്. വിരലിലോ മുഖത്തോ മറ്റോ കടിയേറ്റാൽ അപകടസാദ്ധ്യത കൂടുതലാണ്. ശ്രീലക്ഷ്മിയുടെ ഇടത് കൈയ്ക്കാണ് നായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ടായിരുന്നു. കൂടുതൽ ചോരയും വന്നിരുന്നു. പേവിഷബാധ മാരകമാകാൻ ഇതാകാം കാരണമെന്നായിരുന്നു പ്രാഥമികനിഗമനം.

വാക്‌സിൻ നൂറുശതമാനവും ഫലപ്രദമാണെന്നും വാക്‌സിനെടുത്തിട്ടും മരിക്കുന്നത് അപൂർവമായി മാത്രം സംഭവിക്കാവുന്നതുമാണെന്നുമാണ് ആരോഗ്യവകുപ്പ് ഉറപ്പിച്ച് പറയുന്നത്. വാക്സിൻ സ്വീകരിക്കാത്തവരിൽ മരണം കൂടുന്നുമുണ്ട്. വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച് ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തിയാൽ മാത്രമേ ആധികാരികമായി പറയാൻ കഴിയൂവെന്നും വിദഗ്ധർ പറയുന്നു.

പ്രതിരോധ വാക്‌സിനെടുത്തിട്ടും മരിച്ച വിദ്യാർത്ഥിനിയുടെ മരണകാരണം പേവിഷബാധയാണെന്ന് സാമ്പിൾ പരിശോധനയിലും തെളിഞ്ഞിരുന്നു. തിരുവനന്തപുരത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ശ്രീലക്ഷ്മിയുടെ മരണകാരണം സ്ഥിരീകരിച്ചത്.
എല്ലാ പ്രതിരോധവാക്‌സിനുകളും കൃത്യമായെടുത്തിട്ടും മരണം സംഭവിച്ച സാഹചര്യത്തിലാണ് സംശയദുരീകരണത്തിനായി ശരീരത്തിൽ നിന്നെടുത്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.

നായ്ക്കളെ വളർത്തുമ്പോൾ

ജാഗ്രത വേണം

നായ്ക്കളെ വളർത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും പേവിഷബാധ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം കൃത്യമായും യഥാസമയത്തും സ്വീകരിക്കുന്നില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ വർഷവും പുതുക്കേണ്ട ലൈസൻസ് അടക്കം, നായ്ക്കളെ വളർത്തുന്നതിന് കൃത്യമായ മാർഗനിർദേശമുണ്ട്. നായ്ക്കൾക്ക് ഓരോ വർഷവും പേവിഷ വാക്‌സിനെടുക്കണം. ഇതെല്ലാം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. ലൈസൻസില്ലാതെ വളർത്തിയാൽ തടവും പിഴയുമാണ് ശിക്ഷ. വളർത്തുനായയെ മറ്റു മൃഗങ്ങൾ കടിച്ചാലും വാക്‌സിനെടുക്കണം. പേവിഷബാധ ലക്ഷണം ശ്രദ്ധിക്കണം. കടിയേറ്റാൽ ഉടൻ ചികിത്സ തേടുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: STREET DOGS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.