SignIn
Kerala Kaumudi Online
Saturday, 21 September 2024 1.50 AM IST

മന്ത്രിയെ കുരുക്കിയത് വിഭാഗീയതയോ?

Increase Font Size Decrease Font Size Print Page

sajic

ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗം ആളിക്കത്തുന്ന വിവാദമായി . ഒടുവിൽ മന്ത്രി രാജിവയ്‌ക്കേണ്ടി വന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതും ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ളതുമാണ് ഇന്ത്യൻ ഭരണഘടനയെന്ന മന്ത്രിയുടെ മല്ലപ്പള്ളിയിലെ പരാമർശം രാഷ്ട്രീയ, നിയമ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചു. സി.പി.എം ഏരിയ കമ്മറ്റി നടത്തിയ പൊതുപരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത്. ഏരിയ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജിൽ നിന്നാണ് പ്രസംഗത്തിന്റെ വീഡിയോ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവാദമായതിനെ തുടർന്ന് പ്രസംഗം നീക്കം ചെയ്യുകയുണ്ടായി.

ഞായറാഴ്ച വൈകിട്ട് മന്ത്രി നടത്തിയ പ്രസംഗം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് ചൊവ്വാഴ്ച രാവിലെയാണ്. ഏരിയ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജിൽ കിടന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിലേക്കെത്തിച്ചത് ആരെന്ന ചോദ്യമാണ് ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ പാർട്ടിക്കുള്ളിലെ ചർച്ച. ഏറെക്കാലമായി വിഭാഗീയത നിലനിൽക്കുന്ന മല്ലപ്പള്ളി ഏരിയയിൽ നിന്ന് തന്നെയാകും കോളിളക്കമുണ്ടാക്കിയ വിവാദങ്ങളുടെ തീപ്പൊരി ചിതറിയതെന്നാണ് അണിയറ വർത്തമാനം. പ്രശ്നങ്ങളെല്ലാം ചർച്ചചെയ്ത് പരിഹരിച്ച് പുതിയ ഏരിയാ കമ്മറ്റിയെ തിരഞ്ഞെട‌ുത്ത് വിഭാഗീയതയ്ക്ക് ഇടംകൊടുക്കാത്ത പ്രവർത്തനം നടന്നു വരുമ്പോഴാണ് അസംതൃപ്തർ അവസരത്തിനൊത്ത് ഉയർന്നതെന്ന് സംസാരമുണ്ട്. വീഡിയോ മാദ്ധ്യമങ്ങൾക്ക് അയച്ചുകൊടുത്ത് വിവാദമാക്കിയത് ആരെന്ന അന്വേഷണം പാർട്ടി ആരംഭിച്ചതായാണ് അറിവ്. മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗം ദേശീയ തലത്തിൽ വിവാദമായപ്പോൾ അതിന്റെ കാരണഭൂതരെ തിരയേണ്ട ജോലികൂടി ഇനി പാർട്ടി നടത്തേണ്ടി വരും.

റിട്ട. ജില്ലാ ലേബർ ഒാഫീസറും സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മറ്റിയംഗവുമായ കെ.പി രാധാകൃഷ്ണൻ ഫേസ് ബുക്ക് പേജിൽ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണത്തിന്റെ നൂറാം എപ്പിസോഡിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സജി ചെറിയാൻ ഭരണഘടയ്ക്കെതിരെ സംസാരിച്ചത്. എം.എൽ.എമാരായ മാത്യു ടി. തോമസ്, അഡ്വ. പ്രമോദ് നാരായണൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ രാജു ഏബ്രഹാം, എ. പദ്മകുമാർ, ആർ. സനൽകുമാർ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.

സി.പി.എം ഭരണഘടനയിലെ ഇരുപതാംവകുപ്പിലും ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തണമെന്ന് പറയുന്നുണ്ട്. മന്ത്രിയുടെ പ്രസംഗത്തിൽ ഭരണഘടനയ്ക്കെതിരായ വാക്കുകൾ ആവർത്തിക്കുകയും വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. അത് വെറും നാക്കുപിഴയെന്ന ന്യായീകരണവുമായി സജി ചെറിയാന് രക്ഷാകവചം തീർത്ത പാർട്ടി മൊത്തത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്.

കുന്തവും കുടച്ചക്രവും

മന്ത്രിയുടെ പ്രസംഗം ഇങ്ങനെ : മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഞാൻ പറയുന്നത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതി വച്ചിരിക്കുന്നു. അത് ഇൗ രാജ്യത്ത് എഴുപത്തഞ്ച് വർഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഇൗ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ, ഏറ്റവും മനോഹരമായ ഒരു ഭരണഘടനയെന്ന് ഞാൻ പറയും. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെ ഗുണങ്ങളിട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നുവച്ചാൽ മതേതരത്വം, ജനാധിപത്യം, കുന്തം കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്നതാണത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ലെ ഗവൺമെന്റ് തീരുമാനിച്ച കാര്യം തൊഴിൽനിയമം നടപ്പാക്കണം എന്നാണ്. അന്ന് കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരൻമാരും ഇന്ത്യയിൽ വളർന്നുവരുന്നത്. ഇൗ പണമെല്ലാം എവിടുന്നാണ്. പാവപ്പെട്ടവന്റെ അദ്ധ്വാനത്തിൽ നിന്ന് ലഭിക്കുന്ന മിച്ചമൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് പാവങ്ങളെ ചൂഷണം ചെയ്ത്, അവന് ശമ്പളം കൊടുക്കാതെ,

എട്ട് മണിക്കൂർ ജോലിയെന്ന് പറഞ്ഞിട്ട് നമ്മുടെ നാട്ടിൽ പതിന്നാറും പതിനെട്ടും മണിക്കൂർ ജോലി ചെയ്യുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏതു പ്രശ്നങ്ങളുടെയും കാരണക്കാർ തൊഴിലാളി സംഘടനകളാണന്നല്ലേ ആക്ഷേപിക്കുന്നത്. ജുഡീഷ്യറി അവരുടെ കൂടെയുണ്ടോ? ഉടനെ കോടതി ചോദിക്കും എന്തിനാണ് തൊഴിലാളികൾ സമരം ചെയ്തതെന്ന്?

മാദ്ധ്യമങ്ങൾ വളച്ചൊടിച്ചോ?

വിവാദ പ്രസംഗത്തിലൂടെ വെട്ടിലായ മന്ത്രിയെ പാർട്ടി പത്തനംതിട്ട ജില്ലാ നേതൃത്വം ന്യായീകരിച്ചു. മന്ത്രിയുടെ പ്രസംഗത്തിലെ വാചകങ്ങൾ അതേപട‌ി കാണിക്കുകയായിരുന്നു ചാനലുകൾ. എന്നാൽ, വാർത്ത വളച്ചൊടിച്ചെന്ന് സി.പി.എം പഴിക്കുന്നു. മനാേഹരമായ ഭരണഘടനയുണ്ടായിട്ടും നമ്മുടെ രാജ്യത്തെ ജനങ്ങൾ വലിയ തോതിൽ ചൂഷണത്തിനരയാകുന്നുവെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ പ്രതികരണം. വാക്കുകൾ മാത്രമല്ല, ദൃശ്യങ്ങൾ അതേപടി റിപ്പോർട്ടു ചെയ്യുകയായിരുന്നു മാദ്ധ്യമങ്ങൾ. ഇവിടെ വളച്ചൊടിക്കൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രിയുടെ പ്രസംഗം വ്യക്തമാക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAJI CHERIAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.