തിരുവനന്തപുരം: നഗരസഭയുടെയും വനിതാക്ഷേമ പദ്ധതിയുടെയും കീഴിൽ പേട്ടയിൽ ഒരുങ്ങുന്ന സ്ത്രീസൗഹൃദ
കേന്ദ്രം ഈ മാസം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പേട്ട റെയിൽവേ സ്റ്റേഷന് സമീപമുള്ള കെ. പങ്കജാക്ഷൻ മെമ്മോറിയൽ ഓപ്പൺ എയർ ഓഡിറ്റോറിയം കോമ്പൗണ്ടിലാണ് കേന്ദ്രം ഒരുങ്ങുന്നത്.
നഗരസഭയുടെ കീഴിലുള്ള ഈ പദ്ധതി നഗരസഭാ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് യാഥാർത്ഥ്യമാക്കുന്നത്. മുലയൂട്ടൽ കേന്ദ്രവും ടോയ്ലെറ്റും ഉൾപ്പെടുന്ന വിശ്രമമുറിയിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അതും തികച്ചും സൗജന്യം.
അഞ്ഞൂറ് സ്ക്വയർഫീറ്റിൽ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ആകെ ചെലവ് 25 ലക്ഷം രൂപയാണ്. വിശ്രമകേന്ദ്രത്തിനൊപ്പം കരാറടിസ്ഥാനത്തിൽ ഒരു കഫറ്റീരിയയും ഉണ്ടാവും. ശരിയായ നടത്തിപ്പിനും ശുചീകരണത്തിനും വേണ്ടിയാണ് ഇത്തരത്തിൽ കരാർ ഏർപ്പെടുത്തി കഫ്റ്റീരിയ പ്രവർത്തിപ്പിക്കുന്നത്. വിശ്രമകേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് കഫ്റ്റീരിയ നടത്തിപ്പുകാരാണ്. കഫ്റ്റീരിയയിൽ ലിംഗഭേദമെന്യേ ആർക്കും പ്രവേശിക്കാം.
പേട്ട റെയിൽവേ സ്റ്റേഷനിൽ വരുന്നവർക്കും, സമീപ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും, പാർക്കിൽ വരുന്നവർക്കും, ഈ പ്രദേശത്ത് മറ്റ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നവർക്കും വിശ്രമമുറിയുടെയും കഫ്റ്റീരിയയുടെയും സേവനങ്ങൾ ആസ്വദിക്കാം. ഓപ്പൺ ഓഡിറ്റോറിയത്തിന് യാതൊരു മാറ്റവും വരാത്ത രീതിയിലാണ് നിർമ്മാണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |