SignIn
Kerala Kaumudi Online
Friday, 03 May 2024 2.43 PM IST

കൈരളിയുടെ അപൂർവത

mt-vasudevan-nair

എന്താണ് അഥവാ എന്തായിരുന്നു തൊട്ടതെല്ലാം പൊന്നാക്കുന്ന കൈരളിയുടെ അപൂർവതയാക്കി എം.ടിയെ മാറ്റിയത്? ഇതിന് ഉത്തരം കാണണമെങ്കിൽ എം.ടി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സൃഷ്ടിയും വളർന്നു വികസിച്ച കാലത്തെ ചരിത്രപരമായി വിലയിരുത്തണം.

ഫ്യൂഡലിസത്തിന്റെ പൊട്ടിയ നാലുകെട്ടിൽ നിന്ന് മുതലാളിത്തത്തിന്റെ കുഞ്ഞുങ്ങൾ വെളിയിലേക്കു വിരിയുന്ന സന്ദർഭം. കൂട്ടുകുടുംബത്തിന്റെ സംരക്ഷണം നഷ്ടപ്പെടുന്നവർക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കാണ് തങ്ങളുടെ ജീവിതം കരുപിടിപ്പിക്കേണ്ടിയിരുന്നത്. അങ്ങേയറ്റം ജാഗ്രതയും മിടുക്കും രൂപപരിണാമ ശേഷിയും കാട്ടിയില്ലെങ്കിൽ നിലനില്പുതന്നെ അപകടത്തിലായെന്നു വരാം. അതുകൊണ്ടാണ് നാലുകെട്ടിലെ അപ്പുണ്ണി പിതൃഘാതകനെങ്കിലും സെയ്താലിക്കുട്ടിയുടെ സഹായത്തോടെ വയനാട്ടിൽ ജോലി തേടിയതും കാലത്തിലെ സേതു ഒടുവിൽ കുറ്റബോധപ്പെട്ടെങ്കിലും സുമിത്രയെ ഉപേക്ഷിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടിയതും.

കൂടല്ലൂർ എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്ന എം.ടി അവനവനെ ചെത്തി മിനുക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയ വഴികൾ അദ്ദേഹത്തിന്റെ വിജയ വ്യക്തിത്വത്തെ വിശകലനം ചെയ്താലറിയാം. ഏതൊരു മനുഷ്യനും അവന്റെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും അതിന്റെ ഫലങ്ങൾ അനുഭവിക്കുന്നതും സമൂഹത്തിൽ വച്ചാണല്ലോ. സമൂഹത്തിന്റെ അടിസ്ഥാന ഘടകം വ്യക്തികളായതിനാൽ ഒരാളുടെ കർമ്മങ്ങൾ ആദ്യമായും അവസാനമായും ഏൽക്കുന്നതും പ്രതികരണങ്ങൾ ഉണ്ടാക്കുന്നതും സഹജീവികളിലാണ്. ആളെ മനസ്സിലാക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള എം.ടി എല്ലായിടത്തും വിജയിക്കുന്നതിന്റെ രഹസ്യം വേറെ ഒരിടത്തും തിരയേണ്ടതില്ല.

കാണാൻ സമ്മതം ചോദിച്ച് തുഞ്ചൻ സ്മാരകത്തിന്റെ ഓഫീസ് വരാന്തയിൽ പ്രത്യക്ഷപ്പെടുന്നവരുടെ സ്വഭാവ വിശേഷങ്ങളും ഉള്ളിലിരിപ്പും നിമിഷാർദ്ധത്തിൽ അദ്ദേഹം അത്ഭുതകരമാംവണ്ണം പിടിച്ചെടുക്കും. അയാൾ ശരിയാവില്ല, അയാൾക്ക് ഇന്ന കുഴപ്പമുണ്ടെങ്കിലും ഇന്ന കഴിവുകളുണ്ട് എന്നെല്ലാമുള്ള എം.ടിയുടെ കണ്ടെത്തലുകൾ പലപ്പോഴും സത്യത്തിൽ കലാശിക്കും. ഈ പരഹൃദയജ്ഞാനവല സമൂഹത്തിൽ മൊത്തം വിരിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ സൃഷ്ടികൾ സകലർക്കും ഒരുപോലെ ആസ്വാദ്യമാകുന്നത്.

തുഞ്ചൻസ്മാരകത്തിൽ പിന്നിട്ട പതിനഞ്ചു വർഷത്തെ അഡ്മിനിട്രേറ്റർ ജോലിക്കിടയിൽ ഒരുകാര്യത്തിനും അദ്ദേഹം എന്നോട് കല്പിച്ചിട്ടില്ല. ഇങ്ങനെയൊക്കയല്ലേ സംഗതികൾ വേണ്ടതെന്ന് ധ്വനിപ്പിക്കും. അപ്പോൾ അതിനുവേണ്ട പണികൾ കൈയും മെയ്യും മറന്ന് ഞാനങ്ങ് ചെയ്തുപോകും! എഴുത്തിൽ മാത്രമല്ല, വ്യക്തിത്വത്തിലും എം.ടിയെ മലയാളത്തിന്റെ നിത്യയൗവനമായി നിലനിർത്തുന്നത് ജാഗരൂകമായ ഇന്ദ്രിയക്ഷമതയും അതിന്റെ ദൃഷ്ടാന്തമായ കേൾക്കാനുള്ള സന്നദ്ധതയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MT VASUDEVAN NAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.