മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എം.ടി യുടെ 90-ാം ജന്മദിനാഘോഷം
മലയാളത്തിന്റെ മഹാകഥാകാരൻ എം.ടി. വാസുദേവൻനായരുടെ 90-ാം ജന്മദിനാഘോഷം ഓളവും തീരവും എന്ന ചിത്രത്തിന്റെ തൊടുപുഴ കാഞ്ഞാറിലെ ലൊക്കേഷനിൽ ആഘോഷിച്ചു. മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, എം.ടിയുടെ മകൾ അശ്വതി, താരങ്ങളായ ദുർഗകൃഷ്ണ, ശ്രീകാന്ത് മുരളി, ഹരീഷ് പേരടി, സുരഭി ലക്ഷ്മി എന്നിവരുടെയും ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ എം.ടി കേക്ക് മുറിച്ചു.ഒരു കഷണം മകൾ അശ്വതി എം.ടിയുടെ വായിൽവച്ചു കൊടുത്തു. തുടർന്ന് കേക്കിന്റെ ആദ്യ മധുരം മോഹൻലാലിന് കൊടുത്തു. മോഹൻ ലാൽ എം.ടിക്കും മധുരം കൈമാറി.
മോഹൻലാൽ, പ്രിയദർശൻ ,സന്തോഷ് ശിവൻ, അശ്വതി എന്നിവരോടൊപ്പം എം.ടി പിറന്നാൾ സദ്യ കഴിച്ചു.സിനിമയുടെ ലൊക്കേഷനിൽ എം.ടിയുടെ ജന്മദിനാഘോഷം ആദ്യമാണത്രേ.
പിറന്നാൾ ആഘോഷിക്കുന്ന പതിവ് എം.ടിയ്ക്കില്ല. എന്നാൽ ഇക്കുറി അതിനു മാറ്റം വരുത്തി കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.എം.ടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും.മോഹൻലാൽ ബാപ്പൂട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നബീസ എന്ന നായിക വേഷത്തിൽ ദുർഗ കൃഷ്ണയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |