SignIn
Kerala Kaumudi Online
Thursday, 19 September 2024 10.05 PM IST

തലച്ചുമട്

Increase Font Size Decrease Font Size Print Page

thala

സൂര്യന്റെ തീക്ഷ്‌ണകിരണങ്ങളെ വകവയ്‌ക്കാതെ തേഞ്ഞ ചെരിപ്പുകളും, നിറംമങ്ങിയ കറുത്തബ്ളൗസും, പിഞ്ഞിയ മുണ്ടും, തോർത്തും, നെറ്റിയിൽ ഭസ്‌മക്കുറിയുമണിഞ്ഞ് മെലിഞ്ഞ വൃദ്ധയായ ഒരമ്മ അതിദ്രുതം നടക്കുകയാണ്. അമ്മയുടെ പാച്ചിലിൽ വഴിവക്കിൽ തലയെടുപ്പോടെനിന്ന തൊട്ടാവാടിക്കൂട്ടങ്ങൾ കൂമ്പിയടഞ്ഞു. കൈയിൽ പൊതിഞ്ഞുകെട്ടിയ പ്ളാസ്റ്റിക് ചാക്കും, മറുകൈയിൽ നെഞ്ചോട് അമർത്തിപ്പിടിച്ച വശങ്ങൾപൊട്ടി വർഷങ്ങളുടെ പഴക്കമുള്ള തൂക്കുപാത്രവുമുണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ ചോറ്റുപാത്രമായിരുന്നു അത്. കൊടുംചൂടിൽ മുഖത്ത് വിയർപ്പ് ചാലിട്ടൊഴുകി. പടിക്കെട്ടുകൾ കയറിയാൽ മുരുകൻ കോവിലിലെത്താം. ഉത്സവമായതിനാൽ അന്നദാനമുണ്ട്. പടിക്കെട്ടുകൾക്ക് മുകളിലേക്ക് അവർ ആർത്തിയോടെ നോക്കി. എല്ലാവർക്കും വിളമ്പിക്കഴിഞ്ഞാൽ ചിലപ്പോൾ വീട്ടിൽ കൊണ്ടുപോവാൻ ചോറ് കിട്ടും.

സ്വകാര്യസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് മരിച്ചിട്ട് നാലഞ്ചുമാസമേ ആയിരുന്നുള്ളൂ. വിവാഹപ്രായം കഴിഞ്ഞ് നില്‌ക്കുന്ന രണ്ട് പെൺമക്കളിൽ ഇളയവൾക്ക് അർബുദമാണ്. ആകെ സമ്പാദ്യമായ രണ്ട് സെന്റ് പുരയിടവും വീടും ബാങ്ക് പണയത്തിലാക്കി. വീട്ടിൽ ദാരിദ്ര്യം കൊടികുത്തി.

ഉത്സവക്കാലമായതിനാൽ എല്ലാ അമ്പലങ്ങളിലും അന്നദാനമുണ്ടായിരുന്നു. റേഷനരി തികയാതെ വരുമ്പോൾ അമ്പലങ്ങളിലെ അന്നദാനത്തിന് ചോറ് വാങ്ങാൻ ആ അമ്മ പോകുമായിരുന്നു.

'' ഇവരെ എല്ലാ അമ്പലങ്ങളിലും കാണാം; ചോറ് വാങ്ങി വീട്ടിൽ കൊണ്ടുപോവാൻ കൊടുക്കരുത്, ഇവിടെവച്ച് തിന്നാൽമതി " എന്ന് പലരും ശകാരി​ക്കാറുണ്ട്. ചിലരാകട്ടെ; ''മാറിനിന്നാൽ വിളമ്പിക്കഴിഞ്ഞ് അവസാനം തരാമെന്ന് " പറയും. പലപ്പോഴും അവസാനം വരെ നിന്നാലും വീട്ടിലേക്ക് ചോറ് കിട്ടാറില്ലായിരുന്നു.

വേച്ചുപോയ കാലുകളെ നീട്ടിവലിച്ച് ആ അമ്മ പടികളിൽ ഉറപ്പിച്ചു. 'വീട്ടിലേക്ക് ചോറ് കിട്ടണേ" എന്ന പ്രാർത്ഥനയായിരുന്നു, അമ്മയുടെ മനസുനിറയെ. പടികൾകയറി മുകളിലെത്തിയപ്പോൾ അവർ തളർന്നു.

ഒരു യുവാവ് ഓടിവന്ന് അവരുടെ കൈപിടിച്ച് ഒരിടത്തിരുത്തി ഒരു പ്ളേറ്റിൽ, ചോറും കറികളും, ഒരു കപ്പിൽ വെള്ളവും നൽകിക്കൊണ്ട് അമ്മ കഴിക്കണമെന്നു പറഞ്ഞു. '' വീട്ടിൽ തന്നുവിട്ടാൽ മതി മോനെ, ഞാനവിടെപ്പോയി കഴിച്ചോളാം" - അമ്മ പറഞ്ഞു.

''അമ്മ കഴിക്കണം, വീട്ടിൽക്കൊണ്ടു പോകാൻ തരാം" എന്നു പറഞ്ഞുകൊണ്ട് അയാൾ ചാക്ക് വാങ്ങി. അതിൽനിറയെ ചോറും, തൂക്കുപാത്രത്തിൽ കറിയും നിറച്ചു.

''ഇതെങ്ങനെ കൊണ്ടുപോവും" - അയാൾ ചോദിച്ചു.

''ഇതെന്റെ തലയിൽ വച്ചുതന്നാൽ മതി " - ആ അമ്മ പറഞ്ഞു.

'തലയിലോ" - അയാൾ ആശ്ചര്യപ്പെട്ടു .

''എനിക്ക് കഴിയും മോനേ" - അവരുടെ നിശ്ചയദാർഢ്യം അയാളെ അമ്പരപ്പിച്ചു.

തലച്ചുമടായി ചോറും തൂക്കുപാത്രത്തിലെ തിളച്ചകറിയുമായി കത്തിപ്പടരുന്ന പൊരിവെയിലത്ത് പടവുകളിറങ്ങുമ്പോൾ അവരുടെ കണ്ണീർ നെഞ്ചിലെ വിയർപ്പിൽ ലയിച്ചുചേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RED NOVEL, KADHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.