SignIn
Kerala Kaumudi Online
Friday, 26 April 2024 4.50 PM IST

മഴയുടെ താണ്ഡവം; ജില്ല വെള്ളക്കെട്ടിൽ

vazhakkad
വാഴക്കാട് മേഖലയിൽ വെള്ളം കയറി നശിച്ച വാഴ കൃഷി

മലപ്പുറം: ഇടമുറിയാതെ പെയ്ത കനത്ത മഴ ജില്ലയിലെ വിവിധ പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. മുൻവർഷങ്ങളിലെ പ്രളയ സാഹചര്യം ഓർമ്മപ്പെടുത്തും വിധത്തിലായിരുന്നു മഴയുടെ താണ്ഡവം. ദേശീയ,​ സംസ്ഥാന പാതകളിൽ പലയിടങ്ങളിലും വെള്ളം കയറിയെങ്കിലും ഗതാഗതം തടസ്സപ്പെടുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തിയില്ല. തമിഴ്നാട്ടെ നീലഗിരി മേഖലയിൽ മഴ കുറഞ്ഞതോടെ ചാലിയാർ പുഴയിലെ കുത്തൊഴുക്ക് ഇന്നലെ കുറഞ്ഞിട്ടുണ്ട്. ഗൂഡല്ലൂർ ബസാ‌ർ,​ അപ്പർ ഗൂഡല്ലൂർ,​ അപ്പർ ഭവാനി,​ ദേവാല മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ തുടർന്നിരുന്നത് പ്രളയ ഭീഷണി ഉയർത്തിയിരുന്നു.

ശക്തമായ മഴയും മലമ്പുഴ ഡാം തുറന്നതും മൂലം ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നുണ്ട്. പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നത് ഭാരതപ്പുഴയിലെ നീരൊഴുക്ക് കൂട്ടുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ ചമ്രവട്ടം പാലത്തിന് സമീപത്തുള്ള അയ്യപ്പ ക്ഷേത്രത്തിലേക്കും വെള്ളം കയറും. പുഴയോരത്തെ നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കനത്ത മഴയിൽ തിരുരങ്ങാടി പതിനൊന്നാം ഡിവിഷൻ പുളിഞ്ഞിലത്ത് 20ഓളം വീടുകളുടെ മുറ്റവും സ്റ്റെപ്പുകളും വെള്ളത്തിനടിയിലായി. ഇതോടെ വീടുകളിൽ നിന്ന് സാധനങ്ങൾ മാറ്റി. അടുത്തിടെ നഗരസഭ പുളിഞ്ഞിലം തോട്ടിൽ ഷട്ടർ സ്ഥാപിച്ചത് വെള്ളം വലിയതോതിൽ എത്തുന്നത് തടയുമെന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. പുഴയിൽ നിന്ന് തോട്ടിലേക്കുള്ള ശക്തമായ ഒഴുക്കിനെ ഷട്ടർ തടയുന്നുണ്ട്. നേരത്തെ പ്രദേശം സ്ഥിരമായി പ്രളയഭീഷണി നേരിട്ടിരുന്നു.

നിലമ്പൂരിലെ മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിലെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. കവളപ്പാറയിൽ മലയിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ച ക്യാമ്പ് തുടരുന്ന കാര്യത്തിൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ തീരുമാനമാവുമെന്നും ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും എം.എൽ.എ പറഞ്ഞു. അപകടസാധ്യതയുള്ളയിടങ്ങളിൽ നിന്നും മാറി താമസിക്കുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. മലയിൽ വിള്ളൽ കണ്ട പ്രദേശത്ത് പരിശോധന നടത്തിയ റിപ്പോർട്ട് ലഭിച്ച ശേഷം പൂളപ്പാടത്തെ ക്യാമ്പിന്റെ കാര്യത്തിലും തീരുമാനമുണ്ടാവുമെന്നും എം.എൽ.എ പറഞ്ഞു.

തിരൂർ മുനിസിപ്പാലിറ്റിയിലെ വിഷുപ്പാടം മേഖലയിലെ എട്ടോളം വീടുകൾ ഏത് നിമിഷവും വെള്ളം കയറുന്ന അവസ്ഥയിലാണ്. രണ്ടു പ്രളയ സമയത്തും ഇവിടെ വെള്ളം കയറിയിരുന്നു. മലമ്പുഴ ഡാം തുറന്നിരിക്കെ ഭാരതപ്പുഴയിൽ വെള്ളം കൂടിയാൽ കട്ടച്ചിറ പുഴ വഴി സമീപപ്രദേശങ്ങളിൽ വെള്ളം കയറും. ഇത് വിഷുപ്പാടത്തേക്ക് കൂടുതൽ വെള്ളമെത്താനിടയാക്കും. പല ഓവുചാലുകളും പാടങ്ങളും മണ്ണിട്ട് തൂർത്തതും വെള്ളം കെട്ടികിടക്കാൻ കാരണമാണ്. മലമ്പുഴ ഡാം തുറന്നതും നിറുത്താതെ പെയ്യുന്ന മഴയും പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

വാഴക്കാട് പഞ്ചായത്തിലെ തിരിവാലൂർ, മതിയംകല്ലിങ്ങൽ, എടശ്ശേരിക്കുന്ന്, മണിയോട്ട് മൂല, വാഴയൂർ പഞ്ചായത്തിലെ കുഞ്ചപ്പാടം, പൊന്നപ്പാടം തുടങ്ങിയ റോഡുകളും പൂർണമായും വെള്ളത്തിൽ മുങ്ങി. മഴയെ തുടർന്ന് മഞ്ചേരി സി.എച്ച് ബൈപാസിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങളടക്കം ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ കടന്നുപോവുന്നത്. മഞ്ചേരിയിലെ മെയിൻ റോഡിലുള്ള വലിയ കുഴികളും യാത്രക്കാർക്ക് പ്രതിസന്ധിയാവുന്നുണ്ട്. കൊണ്ടോട്ടി 17ലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശമിക്കുന്ന ഇടവേളകളിൽ വലിയ ഗതാഗത തിരക്കും അനുഭവപ്പെടുന്നുണ്ട്. മാവൂർ ഭാഗത്ത് വെള്ളം കയറിയതിനാൽ ഇതുവഴി കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രകളും തടസ്സപ്പെട്ടു.

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴയോരത്ത് ജാഗ്രതാ നിർദേശം നൽകുന്നതിന്

എ.ഡി.എം എൻ.എം മെഹ്റലിയുടെ നേതൃത്വത്തിൽ ചേർന്ന പൊന്നാനി താലൂക്ക് തല ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം (ഐ.ആർ.എസ്) യോഗം തീരുമാനിച്ചു. അനാവശ്യമായി പുഴകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് തടയുന്നതിനാവശ്യമായ മുന്നറിയിപ്പുകൾ നൽകും. കടൽ ക്ഷോഭം രൂക്ഷമായ മേഖലകളിലെയും വെള്ളം കയറാൻ സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.