SignIn
Kerala Kaumudi Online
Friday, 26 April 2024 9.59 AM IST

തീപ്പന്ത്

rishabh-panth

കഴിഞ്ഞവാരം ഇംഗ്ളണ്ടിനെതിരായ അവസാന ഏകദിനത്തിൽ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ ഏവരും പ്രശംസിച്ചത് ഋഷഭ് പന്ത് എന്ന ഇന്ത്യൻ യുവ വിക്കറ്റ് കീപ്പറെയായിരുന്നു. പന്തിനെ സ്ഥിരമായി ഇന്ത്യൻ ടീമിലെടുക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ശബ്ദങ്ങൾ ഉയർന്നുവന്നുകൊണ്ടിരുന്ന സമയത്താണ് അവസാന ഏകദിനത്തിൽ ഏറെക്കുറെ അപ്രാപ്യമായ ഒരു ലക്ഷ്യം ചേസ് ചെയ്ത് ജയിപ്പിക്കാൻ പന്തിന് കഴിഞ്ഞത്. മത്സരത്തിൽ 113 പന്തിൽ നിന്ന് 16 ഫോറും രണ്ട് സിക്‌സുമടക്കം 125 റൺസോടെ പുറത്താകാതെ നിന്ന പന്ത് കളിയിലെ താരമാകുകയും ചെയ്തു. അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം പന്ത് കൂട്ടിച്ചേർത്ത 133 റൺസാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 71 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച പന്തിന് പിന്നീട് മൂന്നക്കത്തിലെത്താൻ വേണ്ടിവന്നത് വെറും 35 പന്തുകൾ മാത്രമായിരുന്നു.

ഈ ഒരൊറ്റ ഇന്നിംഗ്സ് മതിയായിരുന്നു വിമർശകരുടെ വായ അടപ്പിക്കാൻ. സോഷ്യൽ മീഡിയയിലെ വിമർശകരെക്കാൾ കൂടുതൽ ഋഷഭ് പന്തിനെ ഇന്ത്യൻ ടീം മാനേജ്മെന്റിനും സെലക്‌ടർമാർക്കും അറിയാം എന്നതുകൊണ്ടാണ് മറ്റ് പലരെയും തഴഞ്ഞ് അദ്ദേഹത്തിന് മൂന്ന് ഫോർമാറ്റിലും സ്ഥിരമായൊരു സ്ഥാനം ലഭിക്കുന്നത്. ടീമിന് ആവശ്യമായ സമയത്ത് ഏറ്റവും മികച്ച ഇന്നിംഗ്സുകൾ പുറത്തെ‌ടുക്കാൻ പന്തിന് കഴിയുന്നുണ്ട്.മുമ്പും ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലുമൊക്കെ ടെസ്റ്റുകളിൽ സമാനമായ രീതിയിൽ പന്ത് തന്റെ മികവ് പുറത്തെടുത്തിട്ടുണ്ട്.

ഓൾഡ് ട്രാഫോഡിൽ ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച ഇന്നിംഗ്സിനു പിന്നാലെ ഋഷഭ് പന്ത് റെക്കാഡ് നേട്ടവും സ്വന്തമാക്കി. തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ച പന്ത് ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പറെന്ന റെക്കാഡാണ് സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്ടൻ എം.എസ് ധോണി, മുൻ ശ്രീലങ്കൻ ക്യാപ്ടൻ കുമാർ സംഗക്കാര എന്നിവർക്ക് പോലും നേടാൻ സാധിക്കാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

ഷാംപെയ്ന്‍ ബോട്ടിൽ ശാസ്ത്രിക്ക്

മൂന്നാം ഏകദിനത്തിൽ മാൻ ഒഫ് ദ മാച്ചായ മത്സരശേഷമുള്ള ഋഷഭ് പന്തിന്റെ ഒരു പ്രവൃത്തി ആരാധകരുടെ ശ്രദ്ധനേടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പന്ത് തനിക്ക് ലഭിച്ച ഷാംപെയ്ന്‍ ബോട്ടിൽ മുൻ പരിശീലകൻ രവി ശാസ്ത്രിക്ക് സമ്മാനിക്കുകയായിരുന്നു. സമ്മാനദാന ചടങ്ങിന് ശേഷമായിരുന്നു ഇത്. പോഡിയത്തിനടുത്ത് നിന്ന് ശാസ്ത്രിക്കടുത്തേക്ക് വന്ന പന്ത് അദ്ദേഹത്തെ കെട്ടിപ്പിടിച്ച ശേഷം കൈയിലുണ്ടായിരുന്ന ബോട്ടിൽ അദ്ദേഹത്തിന് കൈമാറുകയായിരുന്നു. രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരിക്കുമ്പോൾ ടീമിലുണ്ടായിരുന്നയാളാണ് പന്ത്. രാഹുൽ ദ്രാവിഡിന് വഴിമാറിക്കൊടുത്തെങ്കിലും ഇപ്പോൾ ഇന്ത്യൻ താരങ്ങളുമായി മികച്ച ബന്ധം ശാസ്ത്രി കാത്തുസൂക്ഷിക്കുന്നുണ്ട്

പ്രശംസയും ഉപദേശവുമായി അക്തർ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തർ രംഗത്തെത്തി. ഭയമില്ലാതെയാണ് ഋഷഭ് പന്ത് കളിക്കുന്നതെന്ന് അക്തർ പറഞ്ഞു. ‘‘ ഋഷഭ് കട്ട് ഷോട്ട്, പുൾ ഷോട്ട്, റിവേഴ്സ് സ്വീപ് എല്ലാം കളിക്കുന്നു, ഒരു ഭയവുമില്ല. ഋഷഭ് ഓസ്ട്രേലിയയിൽ കളി ജയിപ്പിച്ചു. ഇപ്പോഴിതാ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ടിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു’’– അക്തർ യുട്യൂബ് ചാനലിലിട്ട വിഡിയോയിൽ പറഞ്ഞു. ഋഷഭ് പന്തിന് ഒരു ഉപദേശം നൽകാനും അക്തർ മറന്നില്ല. ‘‘ഋഷഭ് പന്ത് അദ്ദേഹത്തിന്റെ ഭാരം കുറയ്ക്കാൻ തയാറാകണം. അദ്ദേഹത്തിന് കുറച്ച് ഭാരക്കൂടുതലുണ്ട്. അക്കാര്യം കൂടി ശ്രദ്ധിക്കണം. – അക്തർ പറഞ്ഞു.

ഇംഗ്ളണ്ടിലെ വിജയമന്ത്രം

ന്യൂബോളർമാരെല്ലാം മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ടിലും അയർലൻഡിലുമായി കാഴ്ചവച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം മുഹമ്മദ് സിറാജും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി. ഇടംകൈ പേസറെന്ന സവിശേഷതയുമായി അർഷ്ദീപ് സിംഗ് ബാക്കപ്പ് പേസർമാരായി ആവേശ്ഖാനും പ്രസിദ്ധ് കൃഷ്ണയും തയാർ. ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കരുത്തുറ്റ പേസ് ബൗളിംഗും ഹർഷൽ പട്ടേലിന്റെ നിഗൂഢ പന്തുകളുമൊക്കെ ടീം മാനേജ്മെന്റിന് ആത്മവിശ്വാസം നൽകുന്നു. വരവറിയിച്ച് മധ്യനിര മുൻനിര തകർന്നാൽ മത്സരം കൈവിടുന്ന അവസ്ഥയിൽനിന്ന് ഇന്ത്യ കരകയറിയെന്നതാണ് ഈ പരമ്പരയിലെ വലിയ നേട്ടം. ട്വന്റിപരമ്പരകളിൽ അയർലൻഡിനെതിരെ ശതകം നേടിയ ദീപക് ഹൂഡയും ഇംഗ്ലണ്ടിനെതിരെ സെഞ്ചറി നേടിയ സൂര്യകുമാർ യാദവും കരഘോഷം ഏറ്റുവാങ്ങിയാണ് മടങ്ങുന്നത്. ഏകദിനത്തിൽ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും പുറത്തെടുത്ത പക്വതയാർന്ന പ്രകടനവും പ്രതീക്ഷാജനകമാണ്.

ആദ്യ പന്തു മുതൽ സിക്സർ പറത്താൻ ശേഷിയുള്ള ഹൂഡയും ഏതു നമ്പറിലും ബാറ്റ് ചെയ്ത് സ്വന്തമായി കളി ജയിപ്പിച്ചു കാട്ടുന്ന ഋഷഭും ഇതു വരെ പലരും കാണാത്ത ഷോട്ടുകൾ പോലും പുറത്തെടുക്കുന്ന സൂര്യകുമാറുമൊക്കെ ഇന്ത്യയുടെ വൈറ്റ്ബോൾ ടീമിലെ അസാധാരണ താരങ്ങളാണ്. ഇംഗ്ലണ്ട് പര്യടനത്തിൽ വൈറ്റ്ബോൾ മത്സരങ്ങളിൽ രോഹിത് നായകനായി തിരിച്ചെത്തിയതോടെ ടോസിലടക്കം ഇന്ത്യയ്ക്കു ‘ഭാഗ്യം’ വന്നു തുടങ്ങി. നേരത്തേ മുതൽ ബൗളർമാരുടെ ക്യാപ്ടനായി അറിയപ്പെടുന്ന ഹിറ്റ്മാന്റെ ഫീൽഡിലെ തന്ത്രജ്ഞതയും ടീമിന്റെ പ്രകടനത്തിൽ നിർണായകമായി. തുടരെ രണ്ട് ലോകകപ്പുകൾ വരുന്ന സാഹചര്യത്തിൽ രോഹിതിന്റെ നായക മികവും ഇന്ത്യയ്ക്ക് നിർണായകമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RISHABH PANTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.