SignIn
Kerala Kaumudi Online
Saturday, 27 April 2024 10.55 PM IST

ലഹരിയിൽ ചീറിപ്പാഞ്ഞ് ചോരക്കളം തീർക്കുന്നവർ

photo

മദ്യലഹരിയിൽ ആഡംബരകാറുകൾ മത്സരയോട്ടം നടത്തി ചീറിപ്പാഞ്ഞപ്പോൾ തൃശൂരിലെ കൊട്ടക്കോട് പൊലിഞ്ഞത് നിരപരാധിയായ വൃദ്ധന്റെ ജീവൻ അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഒരു കുഞ്ഞും ഡ്രൈവറുമെല്ലാം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായി. രാത്രി പത്തുമണിയോടെ, ഒരു പഞ്ചായത്ത് റോഡിലൂടെയായിരുന്നു നൂറ്റിരുപത് കിലോമീറ്ററിലേറെ വേഗതയിൽ ബി.എം.ഡബ്ള്യുവും താറും ചീറിപ്പാഞ്ഞതെന്ന് ഓർക്കണം. താർ ഇടിച്ചാണ് മറ്റൊരു ടാക്സി കാറിലുണ്ടായിരുന്ന വൃദ്ധൻ മരിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പലയിടങ്ങളിലും അമിതവേഗതയും അപകടകരമായ ഡ്രൈവിംഗും മദ്യവും മയക്കുമരുന്നും കഞ്ചാവും ഉപയോഗിച്ചുളള ഡ്രൈവിംഗും കൂടിവരികയാണ്. ബസ് ഡ്രൈവറിൽനിന്ന് അടക്കം കഴിഞ്ഞദിവസം എം.ഡി.എം.എ എന്ന മാരക ലഹരിവസ്തു പിടിച്ചെടുത്തു.

ഇതോടെ, ലഹരി ഉപയോഗിച്ച ശേഷമുള്ള അപകടകരമായ ഡ്രൈവിംഗും മത്സരയോട്ടങ്ങളും പരിശോധിക്കാൻ രാത്രികാല സ്‌ക്വാഡുകളെ മോട്ടോർ വാഹനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. അപകടകരമായി വാഹനങ്ങൾ ഓടിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ച്, എൻഫോഴ്‌സമെന്റ് വിഭാഗമാണ് വാഹനപരിശോധന നടത്തുന്നത്. മത്സരയോട്ടങ്ങൾക്കും ഇതുപോലുള്ള അപകടങ്ങൾക്കും മദ്യവും മയക്കുമരുന്നും കഞ്ചാവുമെല്ലാമാണ് പ്രധാനകാരണമെന്നാണ് പൊലീസിന്റേയും മോട്ടോർ വാഹനവകുപ്പിന്റേയും നിഗമനം. ചെറിയ അളവിലെങ്കിലും എം.ഡി.എം.എ പിടികൂടാത്ത ദിവസങ്ങൾ തന്നെയില്ല. അതിനാൽ പൊതുജനങ്ങളുടെ സഹായത്തോടെ പരിശോധനയും നടപടികളും ബോധവത്കരണവും ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസും എക്സൈസും.

നിർമ്മിതബുദ്ധി

കാമറകൾ എന്നു വരും?

ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ്, റോഡുകളിൽ സ്ഥാപിക്കാനിരിക്കുന്ന നിർമ്മിതബുദ്ധി കാമറകൾ. എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ഭൂരിഭാഗം ജില്ലകളിലും സജ്ജമായിട്ടില്ല. മേട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ഫീൽഡ് വർക്കിന്റെ ഭാഗമായി കാമറകൾ സജ്ജമാക്കുന്നത്. എല്ലാ ജില്ലകളിലും കാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നിയമലംഘകർക്ക് നോട്ടീസ് അയയ്‌ക്കുന്നത് അടക്കമുളള നടപടികൾ അതിന്റെ തുടർച്ചയായി ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കെൽട്രോൺ ആണ് കാമറകൾ നിർമ്മിച്ച് കൈമാറുന്നത്. മോട്ടോർ വാഹനവകുപ്പിന് കെൽട്രോൺ കൈമാറുന്നതിലാണ് താമസമുള്ളതെന്ന് പറയുന്നു.

കാമറകളിൽ തെളിയുന്ന നിയമലംഘനങ്ങൾക്ക് തപാൽ വഴി നോട്ടീസ് നൽകിയശേഷം പിഴ അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരും. 18 വയസിന് താഴെയുള്ള കുട്ടികൾ വാഹനമോടിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളിലും ശിക്ഷ ഉറപ്പാക്കും. ചില ജില്ലകളിൽ ശിക്ഷാനടപടികളിലേക്കും കടന്നിട്ടുണ്ട്. കാമറകൾ അപകടമേഖലകളിലും നിയമലംഘനം കൂടുതൽ നടക്കുന്ന റോഡുകളിലുമാകും സ്ഥാപിക്കുക. വാഹനത്തിനുള്ളിലെ ദൃശ്യം വരെ ഒപ്പിയെടുക്കാൻ കാമറയ്ക്കാകും. വാഹനങ്ങൾ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതിതീവ്രശബ്ദം പുറപ്പെടുവിക്കുക, പൊതുനിരത്തുകളിൽ അഭ്യാസപ്രകടനം, മത്സരയോട്ടം എന്നിവ നടത്തുക, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവ പിടികൂടാനും കഴിയും.

വൈദ്യുതി മുടക്കം ബാധിക്കില്ലെന്നതാണ് മറ്റൊരു സവിശേഷത. കാമറകൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതിനാലാണിത്. പോസ്റ്റിൽ സോളാർ പാനലുണ്ടാകും. ട്രാഫിക് സിഗ്‌നലുകൾ, എൽ.ഇ.ഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവയുമുണ്ടാകും. വയർലെസ് ആയതിനാൽ കാമറകൾ മറ്റ് സ്ഥലങ്ങളിൽ മാറ്റിസ്ഥാപിക്കാം.

ബൈക്ക് മോഷണം കൂടുന്ന സാഹചര്യത്തിൽ മോഷ്ടാക്കളെ കുടുക്കാനും കാമറ ഉപകാരപ്രദമാകും.

കാമറകൾ മാത്രമല്ല, റോഡിലെ അഭ്യാസവും മത്സരയോട്ടവും കണ്ടാൽ ചിത്രങ്ങളും വീഡിയോയും സഹിതം പരാതി അറിയിക്കാനുള്ള സംവിധാനവും മോട്ടോർ വാഹനവകുപ്പ് ഏർപ്പാടാക്കിയിരുന്നു. ഇതിനായി 14 ജില്ലകൾക്കായി വ്യത്യസ്ത നമ്പറുകളാണ് നൽകിയത്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഫോട്ടോ, വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നിവയും ഉൾപ്പെടുത്തണം. എന്നാൽ ഈ നിർദ്ദേശവും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് വിവരം.

വെളിച്ചവും

കാമറകളുമില്ലാത്ത

പാതകൾ

മതിയായ വെളിച്ചവും കാമറകളുമില്ലാത്ത ദേശീയപാതകളേറെയുണ്ട്. സംസ്ഥാനപാതകളും അതുപാേലെ തന്നെ. കോടികൾ മുടക്കി പണിത് ദേശീയ ശ്രദ്ധയാകർഷിച്ച കുതിരാൻ ടണലിൽ ടിപ്പർ ലോറിയിടിച്ച് നശിച്ച സി.സി.ടി.വി കാമറകളും ലൈറ്റുകളും ഇനിയും പുനഃസ്ഥാപിച്ചില്ല. ടണലിന്റെ പ്രവേശനകവാടത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ കാമറകളും ലൈറ്റുകളും ഇല്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ആധുനികലൈറ്റുകൾ ലഭിക്കാൻ മാസങ്ങൾ എടുക്കുമെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം. രാത്രികാലങ്ങളിൽ അടക്കം ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായും ദൂരെനിന്നും കിട്ടുന്ന കാമറകളാണ് ഇവിടെ സ്ഥാപിക്കേണ്ടത്. ടിപ്പർലോറി ഇടിച്ചുണ്ടായ അപകടത്തിൽ 12 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി കണക്കാക്കിയത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ യാത്രാവാഹനങ്ങളുടെ എണ്ണം കൂടുകയാണ്. രാത്രികാലങ്ങളിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. പാലക്കാട് നിന്നും തൃശൂരിലേക്കുളള ടണലിന്റെ മുഖത്തായിരും ടിപ്പർ ഇടിച്ച് അപകടമുണ്ടായത്. പിൻഭാഗം ഉയർത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ലൈറ്റുകളും കാമറയും തകർക്കുകയായിരുന്നു. സുരക്ഷാ കാമറകളും സെൻസറുകളും നശിച്ചു. കാമറാ ദൃശ്യങ്ങളിൽ നിന്നാണ് ലോറി പ്രദേശവാസിയുടേതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ലോറി പിടിച്ചെടുത്തത്. അന്ന്

തകർന്നത് 104 എൽ. ഇ. ഡി ലൈറ്റുകളായിരുന്നു. വെളിച്ചമില്ലാതായത് 90 മീറ്ററോളം ദൂരവും. ദേശീയ-സംസ്ഥാനപാതകളിലെ നിർമ്മാണം അശാസ്ത്രീയമാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ അപകടം.

ഡ്രൈവിംഗ്

രീതികളും

ശ്രദ്ധിക്കണം

മദ്യം അടക്കമുളള ലഹരിമാത്രമല്ല, തെറ്റായ ഡ്രൈവിംഗ് രീതികളും ഒഴിവാക്കണമെന്ന് മോട്ടോർവാഹനവകുപ്പ് നിർദ്ദേശിക്കുന്നു.

തുടർച്ചയായി നാലുമണിക്കൂർ ഡ്രൈവ് ചെയ്തശേഷം നിർബന്ധമായും 10 മിനിറ്റ് വിശ്രമിക്കണം. വയറുനിറച്ച് ഭക്ഷണം കഴിച്ചശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാനും പാടില്ല. രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. മരുന്നുകൾ കഴിച്ച് ആറ് മണിക്കൂറുകൾക്കു ശേഷമേ വാഹനം ഓടിക്കാവൂ. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.