SignIn
Kerala Kaumudi Online
Saturday, 27 April 2024 10.36 AM IST

തോരാമഴ, മലയോരം വെള്ളത്തിൽ; വള്ളം മറിഞ്ഞ് ഒരു മരണം

ff

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് ഒരു മരണം കല്ലാർ പൊന്മുടി റോഡിൽ മണ്ണിടിച്ചിൽ

വെള്ളറടയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വിതുരയിൽ മലവെള്ളപ്പാച്ചിൽ

മൂന്നിടത്ത് മണ്ണിടിച്ചിൽ

തിരുവനന്തപുരം:ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമില്ല.ശക്തമായ കടലാക്രമണത്തിൽ വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് തിരയിൽ പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.തമിഴ്നാട് കന്യാകുമാരി ഇനയം പുത്തൻതുറ സെന്റ് പ്രൈമറി സ്കൂളിനു സമീപം ഗിൽബർട്ടിന്റെയും കെലന്റെയും മകൻ കിൽസൺ (20) ആണ് ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ അപകടത്തിൽ മരിച്ചത്.

ഇനയം പുത്തൻതുറ സ്വദേശികളായ യേശുപാലൻ(58), ജോൺഡെൻസൺ(55), രമേശ്(34), വിജയൻ(29) എന്നിവരെ രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്നു വാഹനത്തിൽ വിഴിഞ്ഞത്തെത്തിയ 5 അംഗസംഘം രാവിലെ നാലിന് കടലിൽ പോയി. ഉൾക്കടലിൽ ശക്തമായ കാറ്റും തിരയും കാരണം ഇവർ മടങ്ങുകയായിരുന്നു. ഹാർബർ മൗത്തിനു സമീപത്തേക്ക് വരുന്നതിനിടെയുണ്ടായ വൻ തിരയിൽ വള്ളം മറിഞ്ഞ് അഞ്ച് പേരും കടലിലേക്ക് തെറിച്ചുവീണു

കടലിൽ വീണ മറ്റ് നാല് പേരും നീന്തിക്കയറിയെങ്കിലും കിൽസന് കയറാൻ സാധിച്ചില്ല.

കിൽസൻ താഴ്ന്നു പോകുന്നതു കണ്ട് രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിഫലമായി.ഇതിനിടെ അവിടെയെത്തിയ വള്ളക്കാരാണ് നാല് പേരെയും രക്ഷപ്പെടുത്തിയത്.തുടർന്ന് കിൽസണെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മറിഞ്ഞപ്പോൾ വള്ളം ശരീരത്തിൽ ഇടിച്ചതിനാലാവണം കിൽസന് ഉയർന്നു വരാൻ കഴിയാത്തതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. കരയ്ക്കെത്തിച്ച് കിൽസണെ ഉടൻ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപ്രതി മോർച്ചറിയിൽ. സഹോദരങ്ങൾ: കെൽസ്നി, രേഷ്മ. സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.

മലയോര മേഖലകളിൽ കനത്ത മഴ;​ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ

ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.ഉരുൾപൊട്ടൽ മിന്നൽ പ്രളയം പോലുള്ളവ സംഭവിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇവിടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.മലയോര മേഖലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളും സംഭവിച്ചത്.

പൊന്മുടി കല്ലാറിൽ 22ാം വളവിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.ജെ.സി.ബി ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് മണ്ണുമാറ്റി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. വിതുരയിൽ ശക്തമായ മഴയിൽ മലവെള്ളമിറങ്ങി.തുടർന്ന് തോടുകൾ കരകവിഞ്ഞ് വെള്ളം വീടുകളിൽ കയറി.

കനത്ത മഴയെത്തുടർന്ന് മരുതാമല മക്കിയിൽ 50 വീടുകളിൽ വെള്ളംകയറി.ഇവിടെ ഇരുന്നൂറോളം പേർ കുടുങ്ങി.ഫയർഫോഴ്സും മറ്റുമെത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ഇവിടെ ഒരാൾപ്പൊക്കത്തിലാണ് വെള്ളം കയറിയത്.കല്ലാർ,പേപ്പാറ,ചാത്തൻകോട് ആദിവാസിമേഖലകളിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു.ആദിവാസി മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്.വാമനപുരം നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നദീതീരങ്ങൾ വ്യാപകമായി ഇടിഞ്ഞു.പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയുൾപ്പെടെയുള്ള റോഡുകൾ താറുമാറായി.

വെള്ളറടയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് കാറിന് മുകളിൽ വീണ് കാർ തകർന്നു.അഞ്ച് വീടുകൾ ഭാഗികമായി തകർന്നു.നെടുമങ്ങാട് താലൂക്കിൽ രണ്ടും,നെയ്യാറ്റിൻകര താലൂക്ക്,ചിറയിൻകീഴ് താലൂക്ക് ,വർക്കല താലൂക്ക് എന്നിവിടങ്ങിളൽ ഓരോ വീടുകളുമാണ് ഭാഗികമായി തകർന്നത്.ജില്ലയിൽ പലയിടത്തും മരം വീണ് വൈദ്യുതി തടസമുണ്ടായി.

നഗരപ്രദേശത്ത് ആശ്വാസം

സാധാരണ ഗതിയിൽ മഴ പെയ്താൽ വെള്ളത്തിലാകുന്ന തലസ്ഥാന നഗരത്തിന് കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല.കരമനയാറിന്റെ തീരത്തെ ചില വീടകളുടെ പരിസരത്ത് വെള്ളം കയറിയതല്ലാതെ വേറെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതുമായി കിഴക്കേകോട്ടയിൽ തോടിന്റെ ഒരുവശത്തെ സംരക്ഷണ ഭിത്തി പൊളിച്ചതുകാരണം അതുവഴി വെള്ളമിറങ്ങി കിഴക്കേകോട്ട ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ടുണ്ടാക്കി.

നദികളിലെ ജലനിരപ്പ് കൂടുന്നു

കനത്തമഴയെ തുടർന്ന് പേപ്പാറ,​ നെയ്യാർ,​ അരുവിക്കര ഡാമുകൾ തുറന്നതോടെ കരമനയാർ, ​വാമനപുരം,​കിള്ളിയാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. അരുവിക്കര,​പേപ്പാറ,​നെയ്യാർ ഡാമുകളിലെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

ജില്ലയിലെ അലർട്ട്

വെള്ളിയാഴ്ച വരെ ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ട്.ഇന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കും.നാളെ ഓറഞ്ച് അലർട്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത.24 മണിക്കൂറിൽ 115.6 മില്ലി മീറ്ററിൽ മുതൽ 204.4 മില്ലി മീറ്ററിൽ വരെ മഴ ലഭിക്കും.

കനത്ത മഴ:ക്വാറിയിംഗ്,മൈനിംഗ് നിരോധിച്ചു

ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കടലോര,കായലോര,മലയോര മേഖലയിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതം,ക്വാറിയിംഗ്,മൈനിംഗ് പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടർ ജെറോമിക് ജോർജ്ജ് അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതാണെന്നും മേഖലയിലെ നാശ നഷ്ടങ്ങൾ കർഷകർ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിലോ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 9446105778 എന്ന ഫോൺ നമ്പറിലോ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.