SignIn
Kerala Kaumudi Online
Thursday, 11 August 2022 1.19 PM IST

ഈ പ്രളയകാലവും കടന്നുതന്നെ തീരണം

photo

തീരാദുരിതം വിതച്ച് മഴയും പ്രളയവും തുടരവെ സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ ആശങ്കയോടെ കഴിയുകയാണ്. നാലഞ്ചുദിവസം കൊണ്ട് വെള്ളം ഇറങ്ങുമായിരിക്കും. അതിനു ശേഷമെന്തെന്നാണ് പല കുടുംബങ്ങളുടെയും ചോദ്യം. 2018-ലെ മഹാപ്രളയത്തിന്റെയത്ര കെടുതികൾ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ജീവിതം വഴിമുട്ടിക്കുന്ന തരത്തിലാണ് പല ജില്ലകളിലെയും അവസ്ഥ. മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലുകളിലുമായി ഇതിനകം 22 വിലപ്പെട്ട ജീവനുകൾ നഷ്ടമായി. അനവധി പേർക്ക് കിടപ്പാടമില്ലാതായി. റോഡുകൾ വ്യാപകമായി തകർന്നിട്ടുണ്ട്. തീവ്രമഴ ചൊവ്വാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ അഞ്ച് ജില്ലകൾക്കു നിത്യഭീഷണിയായ മുല്ലപ്പെരിയാർ അണക്കെട്ട് ഉൾപ്പെടെ രണ്ടുഡസനോളം അണക്കെട്ടുകളാണ് തുറന്നുവച്ചിരിക്കുന്നത്. നദികൾ കരകവിഞ്ഞ് നാശം വിതയ്ക്കാൻ ഇതും ഒരു കാരണമാണ്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജലവകുപ്പും വൈദ്യുതി വകുപ്പും പരമാവധി മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നുള്ളത് ആശ്വാസകരം തന്നെ.

ഇപ്പോഴത്തെ ദുരിതപെയ്‌ത്തിനും കൊടിയ നാശനഷ്ടങ്ങൾക്കും കാലാവസ്ഥാ മാറ്റത്തെയാണ് വിദഗ്ദ്ധർ പഴിക്കുന്നത്. ഇവിടെ മാത്രമല്ല ലോകത്തൊട്ടാകെ ഈ പ്രതിഭാസം നേരിടുന്നുണ്ടെന്നാണ് പറയുന്നത്. എങ്കിൽത്തന്നെയും പ്രകൃതിയുടെ നിലനില്പും സന്തുലിതാവസ്ഥയും മറന്നുകൊണ്ടുള്ള മനുഷ്യരുടെ പ്രവൃത്തികളും ഈ ദുരിതങ്ങൾക്ക് കാരണമാകുന്നുണ്ടെന്നുള്ളത് നിഷേധിക്കാനാവില്ല. പേമാരി കോരിച്ചൊരിയുന്നതിനിടയിലും മലമുകളിൽ വരെ നിർബാധം പാറപൊട്ടിക്കലും അനുബന്ധ പ്രവൃത്തികളും നടക്കുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സ്റ്റോപ്പ് മെമ്മോയ്ക്ക് കടലാസിന്റെ വിലപോലും കല്പിക്കാതെ ക്വാറി ഉടമകൾ തേർവാഴ്ച നടത്തുന്ന കാഴ്ച സംസ്ഥാനത്തെവിടെയും കാണാം. ഓരോ മഴക്കാലത്തും സംസ്ഥാനത്ത് ഉരുൾപൊട്ടലുകൾ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴുവർഷത്തിനിടെ 2239 ഉരുൾപൊട്ടലിനും മലയിടിച്ചിലിനും സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവന്നുവെന്ന കണക്ക് ഈ വിഷയത്തിൽ നാം തുടരുന്ന നിസംഗ മനോഭാവത്തിന്റെ പേടിപ്പെടുത്തുന്ന തെളിവാണ്. മറ്റൊരു സംസ്ഥാനത്തും ഈ കാലയളവിൽ ഇത്രയധികം പ്രകൃതിദുരന്തം നേരിടേണ്ടിവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാന സർക്കാരിനു മുമ്പിൽ 2018-ലെ പ്പോലെ ഈ പ്രളയകാലവും ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. പ്രളയജലം ഒഴുകിപ്പോകുമ്പോഴാകും നാശനഷ്ടങ്ങൾ എത്രവരുമെന്ന് തിട്ടപ്പെടുത്താനാകുക. ഈ പ്രളയകാല ദുരിതവും നേരിട്ടേ മതിയാവൂ. ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനാകണം പ്രഥമ പരിഗണന. അതുപോലെ കിടപ്പാടം ഭാഗികമായി തകർന്നവർക്കും എത്രയും വേഗം ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്. മഴയിൽ തകർന്ന റോഡുകളും പാലങ്ങളും ശരിയാക്കാൻ വലിയ തുക തന്നെ വേണ്ടിവരും. ഇതൊന്നുമില്ലാതെ തന്നെ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടുഴലുന്ന സംസ്ഥാന സർക്കാരിന് ഓർക്കാപ്പുറത്തുണ്ടായ ഈ പ്രളയകാലവും വലിയ പരീക്ഷണം തന്നെയാകും. 2018-ലെപ്പോലെ ഇത്തവണയും ഉദാരമതികളുടെ സഹായ സഹകരണം സർക്കാരിന് ആവശ്യമായി വന്നിരിക്കുകയാണ്. പ്രതിസന്ധികാലം കരുത്തോടെ നേരിട്ടിട്ടുള്ള സംസ്ഥാനം ഈ ഘട്ടവും വിജയപൂർവം തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.