തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞുവെങ്കിലും ജാഗ്രത തുടരുകയാണ്. അടുത്ത രണ്ട് മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ ഇന്ന് പത്ത് മണിയോടെ തുറക്കും. വയനാട് ബാണാസുര സാഗർ ഡാം തുറക്കാനും സാദ്ധ്യതയുണ്ട്.
കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി ചെറുതോണി ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകി. എറണാകുളത്ത് ഇതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ നടത്തി. എൺപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ അവലോകന യോഗം ചേർന്നു.
ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. ജലനിരപ്പ് 773.50 മീറ്റർ എത്തി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് ശേഷമാണ് ഡാം തുറക്കാൻ സാദ്ധ്യത. പുഴയിലെ ജലനിരപ്പ് പത്ത് മുതൽ പതിനഞ്ച് സെന്റിമീറ്റർ വരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |