SignIn
Kerala Kaumudi Online
Sunday, 02 October 2022 6.28 AM IST

ന.മോ.ജിയുടെ ഉൾവിളികൾ

varavisesham

വെളുത്തതാടിയും വെളുത്ത് നീണ്ട കുർത്തയും പരമശിവന്റെ കഴുത്തിലെ പാമ്പ് കണക്കെ ബഹുവർണക്കളർ ഷാളും ഇട്ട ന.മോ.ജി ഒരു കാഴ്ചയാണ്. വെളുത്ത് തുടുത്ത കൈകളാൽ ഇടയ്ക്കിടെ ന.മോ.ജി ആ നീണ്ടതാടി ഉഴിയാറുണ്ട്. താടി ഉഴിഞ്ഞാൽ എന്തോ അനർത്ഥം വരാനിരിക്കുന്നു എന്നല്ല സങ്കല്പിക്കേണ്ടത്. മൻകീബാത്ത് ഒരു അനർത്ഥവും വരുത്തിവയ്ക്കുന്നതാകണമെന്ന് ന.മോ.ജി ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അനർത്ഥം വന്നിട്ടുണ്ടെങ്കിൽ ന.മോ.ജി എന്ത് പിഴച്ചു?

മൻകീബാത്തിൽ ന.മോ.ജി പങ്കജാക്ഷീ എന്ന് നീട്ടിവിളിച്ചാൽ താമരക്കണ്ണുകൾ ചുറ്റിലും വിരിഞ്ഞ് നിൽക്കും. ന.മോ.ജി അങ്ങനെ വിളിക്കാറുണ്ടെന്നല്ല. ആൾ ബഹുവ്രീഹി സമാസത്തിന്റെ ആളാണ്. ബഹുവ്രീഹിയിലാണ് ന.മോ.ജി എല്ലാം പറയാറുള്ളത്. പങ്കജാക്ഷി എന്നാൽ താമരക്കണ്ണിയാണ്. താമരയുടെ കണ്ണുള്ളവളാണ്. താമരയും കണ്ണുമല്ല അവിടെ പ്രധാനം. ആ ആളാണ് ഉന്നം. നോട്ട്നിരോധനം എന്നുപറഞ്ഞാൽ നോട്ടും നിരോധനവുമല്ല ഉന്നം. ആ വിധി ഏറ്റുവാങ്ങുന്ന ആളുകളാണ്.

ന.മോ.ജിക്ക് മൻകീബാത്തിലെത്തുമ്പോൾ ഉൾവിളി തോന്നാറുണ്ട്. ഉണ്ടിരിക്കുന്ന നായർക്ക് തോന്നുന്നത് പോലെയാണ് അതും. അങ്ങനെയിരിക്കുമ്പോൾ തോന്നിയ ചില ഉൾവിളികൾ നാട്ടുകാർക്ക് കുരിശായി മാറിയിട്ടുണ്ടെന്ന് ആളുകൾ പറയാറുണ്ട്. അങ്ങനെ കുരിശ് ചുമന്ന ആളുകളിപ്പോൾ മൻകീബാത്ത് വരുന്നുണ്ടെന്ന് സ്വപ്നം കണ്ടിട്ട് പോലും ഞെട്ടിയുണരാറുണ്ടത്രെ. അതെന്തുകൊണ്ടാണ് അങ്ങനെ എന്ന് ന.മോ.ജിയോട് ചോദിച്ചാൽ അദ്ദേഹം ആ നീണ്ട താടിയൊന്നുഴിയും. അത്ര മാത്രമേ ചെയ്യൂ.

ഒരുൾവിളിക്കാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ രായ്ക്കുരാമാനം മൻകീബാത്തിൽ ന.മോ.ജി നിരോധിച്ചത്. നാട്ടുകാർക്കെല്ലാം നല്ലകാലം വരുന്നത് ആരെയും സന്തോഷിപ്പിക്കുന്ന കാര്യമാണല്ലോ. ന.മോ.ജി അങ്ങനെയൊരു നല്ല കാലം നാട്ടുകാർക്ക് ഉണ്ടാക്കിക്കൊടുക്കാമെന്നാണ് വിചാരിച്ചത്. നാട്ടുകാർക്ക് കുരിശ് ചുമക്കാനാണ് യോഗമുണ്ടായത്. നല്ലകാലം വന്നത് ന.മോ.ജിക്കാണ്. വച്ചടിവച്ചടി കയറ്റമാണ്.

കൊറോണ വൈറസ് വന്നപ്പോൾ ജനതാ കർഫ്യൂ എന്ന് ന.മോ.ജി നീട്ടിപ്പറഞ്ഞത് നാട്ടുകാർ ഉടുതുണിക്ക് മറുതുണിയില്ലാതെ പരക്കം പായുന്നതിനെ ഉദ്ദേശിച്ചായിരുന്നു. കൊറോണ ഈ ദുരിതം കണ്ട് കരളലിഞ്ഞ് നാടുവിട്ട് പൊയ്ക്കൊള്ളുമെന്ന് ന.മോ.ജിക്കുണ്ടായ ഉൾവിളിയായിരുന്നു. കൊറോണക്കാലത്ത് അതിനെ പെട്ടെന്നുള്ള ലോക്ക്ഡൗൺ എന്ന് പറഞ്ഞാൽ മതിയായിരുന്നു. അതേത് പത്മലോചനനും പങ്കജാക്ഷിക്കും പറയാവുന്നതാണ്. ന.മോ.ജി പക്ഷേ ലോക്ക് ഡൗൺ എന്ന് പറഞ്ഞാൽ ശരിയാവില്ല. ന.മോ.ജിയുടെ വില പോകുന്ന ഏർപ്പാടാണത്. ആളുകൾക്ക് നാടും റോഡും സകലതും അടച്ചിടുമ്പോൾ എന്തെങ്കിലുമൊക്കെ ഒരു തയാറെടുക്കൽ വേണമല്ലോ. ഇന്ത്യാക്കാരാണ്. പരമദരിദ്രരും ഉള്ളതാണ്. ന.മോ.ജിക്കുണ്ടായത് പക്ഷേ ഉൾവിളിയാണ്. പരമദരിദ്രർ അതൊക്കെ മനസ്സിലാക്കും. അതുകൊണ്ട് കുഴപ്പമില്ല.

കൊറോണ വൈറസ് വന്നപ്പോൾ ന.മോ.ജി കിണ്ണം കൊട്ടാൻ പറഞ്ഞത് കേട്ട് ഓണാംതുരുത്തിലും ചക്യാലമുക്കിലും തൊക്കിലങ്ങാടിയിലും കപ്പലണ്ടിമുക്കിലും കണ്ടക്കോരൻമുക്കിലും എന്നുവേണ്ട സകല ദിക്കിലും ആളുകൾ കിണ്ണംകൊട്ടി നടക്കുന്നത് കണ്ടിട്ടുണ്ട്. കൊറോണ പേടിച്ചരണ്ടുപോയി. പിന്നെ ആ വഴിക്കേ വന്നിട്ടില്ലെന്ന് വിചാരിക്കരുത്. കൊറോണ നാണമോ മാനമോ ആത്മാഭിമാനമോ ഇല്ലാത്ത കക്ഷിയാണ്. ന.മോ.ജിയെ പോലെയല്ല. അതുകൊണ്ട് കൊറോണ പിന്നെയും വന്നു. ന.മോ.ജി അന്നത്തെയൊരു ഉൾവിളിയിൽ പറഞ്ഞതായിരുന്നു കിണ്ണം മുട്ടിക്കോളാൻ.

കൊറോണ കൊന്ന പോരാളികൾക്ക് വേണ്ടി മെഴുകുതിരി കത്തിക്കുന്നതും മെഴുകുതിരി കത്തിജ്വലിക്കുന്നത് കണ്ടുകൊണ്ട് കൊറോണ ജീവനും കൊണ്ട് ഓടിക്കളയുന്നതും ന.മോ.ജി സ്വപ്നം കണ്ടിട്ടുണ്ട്. അങ്ങനെയാണ് ന.മോ.ജി മെഴുകുതിരി കത്തിച്ച് പിടിക്കാൻ നാട്ടുകാരോട് പറഞ്ഞത്. എല്ലാം കേൾക്കേണ്ടത് നാട്ടുകാരായത് കൊണ്ട് അവരതും കേട്ടിട്ടുണ്ട്. ലൈറ്റെല്ലാം അണച്ചിട്ട് കത്തിക്കാനാണ് പറഞ്ഞത്. എന്തിനധികം പറയുന്നു,​ നമ്മുടെ പിണറായി സഖാവ് വരെ ആ ധീരസാഹസത്തിന് മുതിർന്നു. കൊറോണ അന്നും പേടിച്ചോടി. ന.മോ.ജിയെ കണ്ടാൽ പിന്നീട് കൊറോണ നിന്നനില്പിൽ നിന്ന് പറന്ന് കളയുമായിരുന്നു.

ന.മോ.ജിക്ക് വീണ്ടും പുതിയ ഉൾവിളി വന്നു. ആഗസ്റ്റ് പതിനഞ്ച് വരെ എല്ലാവരും നമ്മുടെ ദേശീയപതാകയെ പ്രൊഫൈൽ ചിത്രമാക്കുന്നത് കണ്ടുകൊണ്ട് സന്തോഷിക്കണമെന്നാണ് ന.മോ.ജിയുടെ ഉള്ളിൽ ഉറവ പൊട്ടിയ ആഗ്രഹം. അത് അദ്ദേഹം മൻകീബാത്തിൽ കയറി പറഞ്ഞത് വരുംവരായ്കകൾ ചിന്തിക്കാതെയാണ്. വരുംവരായ്കകൾ അദ്ദേഹം ചിന്തിക്കണമായിരുന്നു. അത് ആ ഉൾവിളിയുടെ കുഴപ്പമാണ്.

സംഗതി എന്തായെന്ന് വച്ചാൽ നമ്മുടെ നാഗപൂരിൽ നിന്നുള്ള ജീമാർക്ക് ദേശീയപതാക ശരിയാവില്ല. അവർക്ക് 'ധ്വജം' ആണ് ഇഷ്ടം. ധ്വജപ്രണാം,​ ഏക്,​ ദോ,​ തീൻ എന്നൊക്കെ പണ്ട് ന.മോ.ജിയും ധ്വജത്തെ നോക്കി വന്ദിച്ചിട്ടുണ്ട്. ന.മോ.ജി കിണ്ണം കൊട്ടാൻ പറഞ്ഞത് ഏറ്റിട്ടുണ്ട്. നോട്ടുകൾ നിരോധിച്ചത് ഏറ്റിട്ടുണ്ട്. മെഴുകുതിരി കത്തിക്കാൻ പറഞ്ഞത് ഏറ്റിട്ടുണ്ട്. പക്ഷേ,​ ഈ പതാക. അതൊരു പുലിവാലാകുന്ന ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. അതുകൊണ്ട് ഇനി മുതൽ ഉൾവിളിയുണ്ടാകുമ്പോഴും ഒരു ജാഗ്രത ന.മോ.ജി പാലിക്കാൻ തീരുമാനിച്ചിട്ടുള്ളതായാണ് ഏറ്റവും ഒടുവിൽ കിട്ടിയ വിവരം.

ഇ-മെയിൽ: dronar.keralakaumudi@gmail.com

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NAMOJI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.