SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

ചൈനയിൽ നിന്ന് കോടീശ്വരന്മാർ പലായനം ചെയ്യുന്നു, സമ്പത്തുമായി കുടിയേറാൻ ലക്ഷ്യം വയ‌്ക്കുന്ന രാജ്യങ്ങൾ ഇവ

Increase Font Size Decrease Font Size Print Page
china

ബീജിംഗ്: ചൈനയിലെ ശതകോടീശ്വരന്മാർ രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്. മാറ്റമില്ലാതെ തുടരുന്ന കൊവിഡ് സാഹചര്യവും, അതിനെ തുടർന്ന് കമ്മ്യൂണിസ്‌റ്റ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള തീരുമാനങ്ങളുമാണ് രാജ്യം വിടാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ചൈനയിലെ പ്രശസ്‌ത ഗെയിമിംഗ് കമ്പനിയായ എക്‌സ് ഡിയുടെ സിഇഒയും കോടീശ്വരനുമായ യീമെഗ് ഹുവാങ് അറിയിച്ചത്, കുടുംബത്തോടൊപ്പം താൻ ചൈനയിൽ നിന്ന് താമസം മാറുന്നുവെന്നാണ്.

കർശനമായ ലോക്ക്ഡൗണുകളും ഇതിനെ തുടർന്നുള്ള ചൈനീസ് ഭരണകൂടത്തിന്റെ പരിശോധനകളുമാണ് ജനങ്ങളെ വലിഞ്ഞുമുറുക്കുന്നത്. ബാങ്ക് ജീവനക്കാർ അവരുടെ ഓഫീസുകളിൽ ദിവസങ്ങളോളം കുടുങ്ങിയതും, ഇലക്‌ട്രിക്ക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ തൊഴിലാളികൾക്ക് കമ്പനിയിൽ നിന്ന് പുറംലോകം കാണാൻ കഴിയാതെ കിടന്നുറങ്ങേണ്ടിവന്നതും, ഡിസ്‌നി ലാൻഡ് കാണാൻ എത്തിയ വിനോദ സഞ്ചാരികൾ ദിവസങ്ങളോളം കുടുങ്ങിയതും ചില ഉദാഹരണങ്ങൾ. അക്ഷരാർത്ഥത്തിൽ സാമ്പത്തികമായി തകർന്ന ജനത കൈയിൽ അവശേഷിച്ചത് കൊടുത്ത് ആവശ്യമുള്ളത് വാങ്ങുകയായിരുന്നു.

ഏകദേശം പതിനായിരത്തോളം സമ്പന്നരാണ് ചൈനയിൽ നിന്നും പലായനം ചെയ്യാൻ ഒരുങ്ങുന്നത്. എന്നാൽ വെറുംകൈയോടെ എല്ലാം ഉപേക്ഷിച്ചല്ല അവരുടെ രക്ഷപ്പെടൽ. 48 ബില്യൺ ഡോളറിന്റെ സമ്പത്തും തങ്ങൾക്കൊപ്പം അന്യരാജ്യത്തേക്ക് ഇവർ കൊണ്ടുപോകുന്നുണ്ട്. മൈഗ്രേഷൻ കൺസൽട്ടന്റുമാരെയും അഭിഭാഷകരെയുമെല്ലാം തേടിയെത്തുന്ന ഫോൺകോളുകൾ വിദേശ രാജ്യത്തേക്ക് എങ്ങനെ കുടിയേറാം എന്നത് സംബന്ധിച്ചാണ്. ചൈനയിലെ തങ്ങളുടെ സ്വത്തുക്കളും മറ്റു രാജ്യങ്ങളിലേക്ക് മാറ്റാൻ ഇവർ ശ്രമിക്കുന്നു. ഓസ്ട്രേലിയ , അമേരിക്ക, ഇംഗ്ളണ്ട്, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് ചൈനീസ് സമ്പന്നരുടെ നോട്ടം. സാമ്പത്തിക സർവേയുടെ രണ്ടാംപാദത്തിൽ 0.4% മാത്രമാണ് ചൈനയുടെ വളർച്ച. തൊഴിലില്ലായ്‌മ നിരക്കാകട്ടെ 18 ശതമാനവും.

എന്നാൽ അത്ര എളുപ്പത്തിലൊന്നും രാജ്യം വിട്ട് മറ്റൊരിടത്തേക്ക് കുടിയേറാൻ ചൈനയിൽ കഴിയില്ല. അത്യാവശ്യമല്ലാതെ രാജ്യത്തിന് പുറത്തു കടക്കുന്നതുപോലും അധികൃതർ തടഞ്ഞിരിക്കുകയാണ്. 2021ന് ശേഷം അടിയന്തരഘട്ടങ്ങളിലല്ലാതെ പാസ്പോർട്ട് പുതുക്കി നൽകാൻ പോലും ഭരണകൂടം തയ്യാറാകുന്നില്ല. എന്തിനേറെ പറയുന്നു, വിസാ കാര്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റോ, വിവാഹ സർട്ടിഫിക്കറ്റോ പോലും അറ്റസ്‌റ്റ് ചെയ‌്തു നൽകാൻ സർക്കാർ ഒരുക്കമല്ല.

TAGS: NEWS 360, WORLD, WORLD NEWS, CHINA, BILLIONAIRE, MIGRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY