SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

ഐ.ടിയിൽ ആഗോളനേട്ടവുമായി ഐ.ബി.എസിന് രജതജൂബിലി

Increase Font Size Decrease Font Size Print Page
ibs

കൊച്ചി: തിരുവനന്തപുരത്ത് ചെറിയതോതിൽ ആരംഭിച്ച ഐ.ബി.എസ് സോഫ്‌റ്റ്‌വെയർ 25 വർഷം പിന്നിടുമ്പോൾ നേടിയത് വ്യോമയാന, സഞ്ചാര, ചരക്കുനീക്കമേഖലകളിലെ ആഗോള പ്രമുഖരെന്ന അംഗീകാരം. 55 എൻജിനിയർമാരുമായി ആരംഭിച്ച ഐ.ബി.എസിൽ ഇപ്പോഴുള്ളത് 26 രാജ്യങ്ങളിലെ 3,400 ഐ.ടി വിദഗ്ദ്ധർ.

ജന്മനാടായ കേരളത്തിൽ തുടക്കംകുറിച്ച് 14 രാജ്യങ്ങളിലേക്ക് വളർന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് ഐ.ബി.എസ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയർമാനുമായ വി.കെ.മാത്യൂസ് പറഞ്ഞു. എറണാകുളം കിഴക്കമ്പലം സ്വദേശിയായ മാത്യൂസ് എൻജിനിയറിംഗ് ബി.ടെക്കും കാൺപൂർ ഐ.ഐ.ടിയിൽനിന്ന് എം.ടെക്കും അമേരിക്കയിൽനിന്ന് മാനേജ്മെന്റ് പഠനവും പൂർത്തിയാക്കി ഇന്ത്യൻ കരസേനയിലാണ് ജോലിക്ക് കയറിയത്. പിന്നാലെ എയർ ഇന്ത്യയുടെ ഐ.ടി വിഭാഗത്തിലെത്തി. പിന്നീട് ദുബായിലെ എമിറേറ്റ്സ് ഗ്രൂപ്പിൽ 15വർഷം പ്രവർത്തിച്ചു.

ദുബായിൽ വൻ ശമ്പളമുള്ള ജോലി രാജിവച്ച് മാത്യൂസ് നാട്ടിലെത്തി. വ്യോമയാനമേഖലയ്ക്ക് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1997സെപ്തംബറിൽ 55 എൻജിനിയർമാരുമായി തുടക്കം. സ്വന്തംസമ്പാദ്യമായ 1.76 കോടി രൂപയും കാനറബാങ്ക് വായ്പയായ 2.50 കോടി രൂപയുമായിരുന്നു മൂലധനം.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടെ പാപ്പരായ പങ്കാളി സ്വസ് എയർ പിന്മാറിയതോടെ പ്രതിസന്ധിയായി. 350 ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥാപനം അടച്ചുപൂട്ടാൻ ഉപദേശം ലഭിച്ചിട്ടും മാത്യൂസ് തയ്യാറായില്ല. എയർലൈൻ റിസർവേഷൻ സംവിധാനം വികസിപ്പിച്ച് പിടിച്ചുനിന്നു. വിമാനക്കമ്പനികൾക്ക് ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിച്ച് വിപണി കൈവശമാക്കി. പിന്നാലെ എണ്ണപ്രകൃതിവാതക നീക്കം, കപ്പൽയാത്ര, ഹോട്ടൽ എന്നിവയ്ക്ക് സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിച്ചു. ആഗോളതലത്തിൽ അംഗീകാരം ലഭിച്ചതോടെ ഐ.ബി.എസ് വളർച്ചയുടെ പടവുകൾ കയറി. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഏഴ് ഐ.ടി കമ്പനികളെ ഏറ്റെടുത്തു.

വളർച്ചയുടെ ആകാശം

വ്യോമഗതാഗത മേഖലയിലെ ഏറ്റവും വലിയ ഐ.ടി സേവനദാതാവുമാണ് ഐ.ബി.എസ്. ലോകമെങ്ങുമായി 150 ഇടപാടുകാർക്ക് സേവനങ്ങൾ നൽകുന്നു. 3,400 ജീവനക്കാരുണ്ട്. ലോകത്തെ 20 മുൻനിര എയർലൈനുകളിൽ പതിന്നാലും അഞ്ച് എണ്ണക്കമ്പനികളിൽ നാലും അഞ്ചുകപ്പൽ സർവീസുകളിൽ രണ്ടും 15 ഹോട്ടൽ ശൃംഖലകളിൽ അഞ്ചും ഉപയോഗിക്കുന്നത് ഐ.ബി.എസിന്റെ സോഫ്‌റ്റ്‌വെയറാണ്. രണ്ടായിരംകോടി ഡോളർ ആസ്തിയോടെ കേരളത്തിലെ ഏറ്റവും വലിയ യുണീകോൺ കമ്പനിയാണ്.

TAGS: BUSINESS, IBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY