ലക്നൗ: കാണാതായ ഭർത്താവിന്റെ മൃതശരീരം കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ഖമരിയ സ്വദേശിയായ ഗോവിന്ദ് സിംഗ് (30) ആണ് മരിച്ചത്. കർഷകനായ ഗോവിന്ദ് സിംഗ് ഭാര്യ ശിൽപ്പി (27)യ്ക്കും മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഓഗസ്റ്റ് ഏഴിന് ഭർത്താവുമായി വഴക്കിട്ടെന്നും തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് ശിൽപ്പി പൊലീസിനോട് പറഞ്ഞത് . വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഗോവിന്ദിന്റെ സഹോദരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഭർത്താവ് തൂങ്ങിനിൽക്കുന്നത് കണ്ട് ഭയപ്പെട്ട ഇവർ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കുഴിച്ചിടുകയായിരുന്നെന്നാണ് മൊഴി നൽകിയത്. ഭർത്താവിന്റെ മരണത്തെക്കുറിച്ച് മക്കൾക്ക് അറിവില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവദിവസം മാതാപിതാക്കൾ വഴക്കിടുന്നത് കണ്ടുവെന്ന് ദമ്പതികളുടെ ആറുവയസുകാരിയായ മൂത്തമകൾ പൊലീസിനോട് പറഞ്ഞു. മൃതദേഹം മറവുചെയ്യാൻ യുവതിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |