SignIn
Kerala Kaumudi Online
Saturday, 27 April 2024 12.32 AM IST

തല്ല് കൊണ്ടും കൊടുത്തും അവർ ആറാടുകയാണ്,​ തല്ലുമാല റിവ്യൂ

thallumala

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് തല്ലുമാല. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ ടൊവിനോ തോമസ് എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസിന് മുൻപ് പുറത്തിറക്കിയ ഗാനങ്ങളും ട്രെയിലറുമെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ടെെറ്റിൽ പോലെ തന്നെ ആദ്യം മുതൽ അവസാനം വരെ തല്ലാണ്. കഥയും കഥാപാത്രങ്ങളും എല്ലാം ഒത്തുചേരുന്നതും തല്ലുകളിൽ നിന്നാണ്. തല്ലിനെ ചിത്രത്തിലെ ഒരു കഥാപാത്രമായി തന്നെ വേണമെങ്കിൽ പറയാം. പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാതെ നടക്കുന്ന പൊന്നാനിയിലെ ഒരു കൂട്ടം ഫ്രീക്കന്മാരായ യുവാക്കളുടെ കഥയാണ് തല്ലുമാല.

thallumala

മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. വസീമും കൂട്ടുകാരും ചേർന്നുണ്ടാക്കുന്ന പ്രശ്നങ്ങളും ഇവരുടെ ജീവിതത്തിലെ തല്ലുകളുമാണ് ചിത്രം. വസീമും ഫാത്തിമ ബീവി എന്ന വ്ളോഗർ ബീപാത്തുവിന്റെ പ്രണയവും ചിത്രത്തിലുണ്ട്. കല്യാണിയാണ് ഫാത്തിമയായി എത്തുന്നത്. എസ്.ഐ റജിയായി ഷെെൻ ടോം ചാക്കോയും എത്തുന്നു.

നേർ രേഖയിലല്ലാത്ത കഥ പറച്ചിലായതിനാൽ തന്നെ ആദ്യ പകുതിയെന്നോ രണ്ടാം പകുതിയെന്നോ വേർതിരിവ് ആവശ്യമില്ലാത്ത തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ ഒരിടത്തും മുഷിപ്പിക്കാതെ ആദ്യാവസാനം എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. എന്നാൽ കഥാസന്ദർഭം മനസിലാക്കുന്നതിൽ പ്രേക്ഷകന് ഇടയ്ക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്.

മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ആഖ്യാനരീതിയാണ് ചിത്രത്തിന്റേത്. മേക്കിംഗ് സ്റ്റെെലിൽ കൊണ്ടുവന്നിരിക്കുന്ന പുതുമ പക്ഷേ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാകുമോ എന്നത് സംശയമാണ്.

തല്ലിന് പുറമെ സാഹചര്യത്തിന് അനുയോജ്യമായ തമാശകളും ഗാനങ്ങളുമാണ് തല്ലുമാലയിലുള്ളത്. സംഗീതത്തിന്റെയും എഡിറ്റിംഗിന്റെയും സാദ്ധ്യതകൾ ഇത്രത്തോളം പരീക്ഷിച്ച ഒരു മലയാള സിനിമ സമീപ ഭാവിയിൽ പുറത്തിറങ്ങിയിട്ടില്ല. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്. വിഷ്‌ണു വിജയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ഗംഭീരമായി.

ചിത്രത്തിലുടനീളമുള്ള തല്ലുകൾ ഗംഭീരമായി ഒരുക്കിയതിൽ ആക്ഷൻ കൊറിയോഗ്രാഫർ പ്രത്യേക കെെയടി അർഹിക്കുന്നുണ്ട്. ടൊവിനോ ഉൾപ്പടെയുള്ള കഥാപാത്രങ്ങളുടെ ആക്ഷൻ രംഗങ്ങളിലെ പ്രകടനവും ചിത്രത്തിന് ഗുണം ചെയ്‌തു.

thallumala


വസീമിനെ ടൊവിനോ ഗംഭീരമാക്കിയിട്ടുണ്ട്. നടൻ എന്ന നിലയിൽ നിന്ന് സൂപ്പർസ്റ്റാർ പദവിയിലേയ്ക്കുള്ള യാത്രയിൽ ടൊവിനോയ്ക്ക് തല്ലുമാലയിലെ കഥാപാത്രം ഗുണം ചെയ്യും. യുവതാരത്തിന്റെ മെയ്‌വഴക്കവും ചിത്രത്തിന് വേണ്ടിയെടുത്ത പ്രയത്‌നവും കഥാപാത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്.

സ്റ്റെെലിഷായ വ്ളോഗറെ കല്ല്യാണിയും മികച്ചതാക്കി. ഇരുവരും തമ്മിലുള്ള കോംബിനേഷൻ സീനുകൾ രസകരമാണ്. ലുക്‌മാൻ, ജോണി ആന്റണി, ബിനു പപ്പു, നീന കുറുപ്പ്, ചെമ്പൻ വിനോദ്, അസിം ജമാൽ, സലീം കുമാർ എന്നിവരാണ് മറ്റു താരങ്ങൾ.

thallumala

കെെയടി നേടുന്ന മറ്റ് താരങ്ങൾ ലുക്മാനും ഷെെൻ ടോം ചാക്കോയുമാണ്. പൊലീസുകാരന്റെ കർക്കശവും ആരെയും കൂസാതെയുള്ള മാനറിസങ്ങളുമുള്ള റെജിയെ ഷെെൻ ഗംഭീരമാക്കി.

ആക്ഷൻ രംഗങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചു. വസീമിന്റെ കൂട്ടുകാരന്റെ കഥാപാത്രത്തെയാണ് ലുക്‌മാൻ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിലേത്.

thallumala

പുതുമയൊന്നുമില്ലാത്ത കഥയെ മേക്കിംഗ് സ്റ്റെെലിലെ പരീക്ഷണം കൊണ്ട് ഗംഭീരമാക്കാനുള്ള ശ്രമമാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഒരു കളർഫുൾ ഫൺ റെെഡാണ് ചിത്രം. എന്നാൽ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്‌തിപ്പെടുത്താൻ സാധിക്കുന്നില്ല. ടൊവിനോ ആരാധകർക്കും മേക്കിംഗ് സ്റ്റെെലിൽ പരീക്ഷണം ഇഷ്ടപ്പെടുന്നവർക്കും ആഘോഷമാക്കാനാകുന്ന ചിത്രമാണ് തല്ലുമാല.

thallumala

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALLUMALA, THALLUMALA MOVIE, THALLUMALA FILM, REVIEW, THALLUMALA MOVIE REVIEW, TOVINO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.