SignIn
Kerala Kaumudi Online
Sunday, 25 September 2022 7.24 PM IST

ആശ്വാസമേകുന്ന സുപ്രീംകോടതി വിധി

supreme-court

ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും വിചാരണ രഹസ്യമായിരിക്കണം എന്നതുൾപ്പെടെ സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച സുപ്രീംകോടതി സ്‌ത്രീസമൂഹത്തോട് വലിയൊരു സാമൂഹ്യബാദ്ധ്യത നിറവേറ്റിയിരിക്കുകയാണ്. പൈശാചികതയ്ക്ക് ഇരയാകുന്ന ബാലികമാർ ഉൾപ്പെടെയുള്ള സ്‌ത്രീജനങ്ങൾ വിചാരണക്കാലത്ത് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾ വിവരണാതീതമാണ്. മാനഭംഗത്തേക്കാൾ വലിയ ക്രൂരതകളാണ് വിചാരണയെന്ന പേരിൽ നടപടികളിലുടനീളം അരങ്ങേറുന്നത്. അതിക്രമങ്ങൾക്കിരയായ നിർഭാഗ്യവതികളെ നിയമനടത്തിപ്പിന്റെ പേരിൽ പച്ചയ്ക്ക് കുത്തിക്കീറുന്നവരുടെ പൈശാചികത നീതിയുടെ കാവലാളുകൾ പോലും നിശബ്ദം കണ്ടുംകേട്ടും ഇരിക്കേണ്ട നിർഭാഗ്യകരമായ അവസ്ഥയാണുള്ളത്. അവിടെയാണ് പരമോന്നത നീതിപീഠം സ്‌‌ത്രീകളുടെ രക്ഷയ്ക്കെത്തിയിരിക്കുന്നത്. പീഡനത്തിനിരയാകുന്നവരെ ഇരകൾ എന്നാണ് കുറച്ചുനാൾ മുമ്പുവരെ വിശേഷിപ്പിച്ചിരുന്നത്. ഇരയുടെ സ്ഥാനത്തുനിന്ന് അതിജീവിത എന്ന കുറച്ചുകൂടി മാന്യമായ നിലയിലേക്ക് അവൾ ഉയർത്തപ്പെട്ടിരുന്നു. പുരുഷക്രൂരതയെ അതിജീവിച്ചവൾ എന്ന അർത്ഥത്തിലാകാം ഈ സ്ഥാനക്കയറ്റം. അതിജീവിതയുടെയും മാന്യതയും സ്വകാര്യതയും സംരക്ഷിക്കപ്പെടുകതന്നെ വേണമെന്ന ഉന്നതനീതിപീഠത്തിന്റെ കർക്കശ നിലപാട് അഭിനന്ദനാർഹം തന്നെ. മാനഭംഗകേസുകളുടെ വിചാരണമാത്രമാണ് നിലവിൽ വിചാരണ കോടതികളിൽ രഹസ്യസ്വഭാവത്തോടെ നടത്തിയിരുന്നത്. കുറെക്കാലത്തിനു മുമ്പ് വരെ തുറന്ന കോടതിമുറികളിൽ ഇരയെന്നോ അതിജീവിതയെന്നോ പേരുചാർത്തപ്പെട്ടവളെ പ്രതിഭാഗം അഭിഭാഷകർ മാനംകെടുത്തുന്ന കാഴ്ചകണ്ട് കോടതിയുടെ ചുവരുകൾ പോലും ലജ്ജിച്ചിരിക്കണം. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇനിമുതൽ രഹസ്യ വിചാരണയേ പാടുള്ളൂവെന്നാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദ്ദിവാല എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. പീഡനത്തിനിരയായ സ്‌ത്രീയുടെ വിചാരണ ഒറ്റദിവസംകൊണ്ടു തീർക്കണമെന്നും കീഴ്‌‌കോടതികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ വിചാരണ ഒരു ദിവസത്തിനപ്പുറം കടക്കാവൂ. പ്രതിയുടെയോ പ്രതികളുടെയോ അസാന്നിദ്ധ്യത്തിൽ വേണം അതിജീവിതയുടെ വിചാരണ. ക്രോസ് വിസ്താരം വളരെ മാന്യമായിരിക്കണം. അതിജീവിതയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാകരുത്. തളർന്ന മനസുമായിട്ടാകും ഇവർ കോടതികളിലെത്തുന്നത്. കൂടുതൽ തളർത്തുന്ന നിലയിലാകരുത് നടപടികൾ. അതിജീവിതയുടെ മാന്യത തകർക്കും വിധത്തിലാകരുത് ക്രോസ് വിസ്താരം. കോടതിവേണം അതൊക്കെ ഉറപ്പാക്കാൻ. വിചാരണയുടെ പേരിൽ അതിജീവിതയെ അപമാനിക്കുന്നതും കുഴയ്‌ക്കുന്നതുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതു തടയാനും അതിജീവിതയ്ക്ക് പരമാവധി സംരക്ഷണം നൽകാനും കോടതിക്കു ഉത്തരവാദിത്വമുണ്ട്. ഇത്തരം കേസുകളിലെ വിചാരണ പലപ്പോഴും അതിജീവിതയ്ക്ക് മറ്റൊരു പീഡനമാകാതിരിക്കാൻ എല്ലാ കരുതലുകളും കോടതിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. പീഡനക്കേസുകളിൽ പൊലീസ് ഇടപെടാൻ മടിക്കുന്ന സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. പ്രതികൾ സമ്പന്നരും ഉന്നതപദവികൾ വഹിക്കുന്നവരും ആകുമ്പോൾ സാധാരണയായി കാണുന്ന ദുരനുഭവങ്ങളാണിത്. സുപ്രീംകോടതി ഇപ്പോൾ പരിഗണിച്ച് നിർദ്ദേശങ്ങൾ നൽകിയ കേസ് പോലും അത്തരത്തിലുള്ളതാണ്. മദ്ധ്യപ്രദേശിലെ ഒരു വൈസ് ചാൻസലർ പ്രതിയായ പീഡനക്കേസാണിത്. കേസെടുക്കാൻ പൊലീസ് മടിച്ച സാഹചര്യത്തിൽ പീഡനത്തിനിരയായ യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പീഡനകേസുകൾ സമയബന്ധിതമായി തീർക്കുന്നതു സംബന്ധിച്ചും സുപ്രീംകോടതിയിൽ നിന്ന് ഉത്തരവുണ്ടാകേണ്ടതായിരുന്നു. വർഷങ്ങൾ നീണ്ടുപോകുന്ന പീഡനക്കേസുകൾ അതിജീവിതകളെ സംബന്ധിച്ച് എത്രമേൽ ഭയാനകമാണെന്ന് പറയേണ്ടതില്ല. പ്രതികൾ പ്രബലരായതുകൊണ്ടുമാത്രം അഞ്ചുവർഷമായിട്ടും വിചാരണ തുടങ്ങാതെ നീളുന്ന നടി ആക്രമിക്കപ്പെട്ട കേസ് ഉദാഹരണമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.