SignIn
Kerala Kaumudi Online
Friday, 22 May 2026 6.29 PM IST

നെഹ്റു  കാത്തുവച്ചത്  ജനുവരി 26, എന്നിട്ടും ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി  ഓഗസ്റ്റ് 15 വന്നത് എന്തുകൊണ്ടാണ്, കാരണം ജപ്പാൻ

independence-

രാജ്യം സ്വാതന്ത്ര്യലബ്ദിയുടെ 75ാം വാർഷികം ആഘോഷിക്കാൻ ആരംഭിച്ചു കഴിഞ്ഞു. ഈ വേളയിൽ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സർക്കാർ സംവിധാനങ്ങളും ഒരുക്കങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. 200 വർഷത്തെ പോരാട്ടത്തിനൊടുവിൽ രാജ്യം നേടിയ സ്വാതന്ത്ര്യത്തിന് ഏറെ മാധുര്യമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗവും ധൈര്യവുമാണ് ഈ നേട്ടത്തിന് സഹായകമായതെന്ന് നാം എല്ലാ പേർക്കും അറിയാം. എന്നാൽ എന്തുകൊണ്ടാണ് സ്വാതന്ത്ര്യദിനമായി ഓഗസ്റ്റ് 15 തെരഞ്ഞെടുത്തത് എന്ന് എത്ര പേർക്കറിയാം.

കാത്തുവച്ചത് ജനുവരി 26

1929ൽ ജവഹർലാൽ നെഹ്റു കോൺഗ്രസ് അദ്ധ്യക്ഷനായിരിക്കെ 'പൂർണ്ണ സ്വരാജി'ന് ആഹ്വാനം ചെയ്യുകയും ജനുവരി 26 ആദ്യത്തെ 'സ്വാതന്ത്ര്യദിനം' ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നും സമ്പൂർണ സ്വാതന്ത്ര്യമായിരുന്നു കോൺഗ്രസ് പ്രഖ്യാപിച്ചത്. ഈ സംഭവത്തിന് പിന്നാലെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ജനുവരി 26 സ്വാതന്ത്ര്യദിനമായി കോൺഗ്രസ് പാർട്ടി ആചരിക്കുകയും ചെയ്തു. എന്നാൽ 1947ൽ ഇന്ത്യയ്ക്ക് ഭരണം കൈമാറാൻ ബ്രിട്ടീഷുകാർ തയ്യാറായത് ഓഗസ്റ്റ് 15നായിരുന്നു, ഇതിന് കാരണം ജപ്പാനും.


വർഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിൽ ബ്രിട്ടീഷുകാരെ രാജ്യത്തിന്റെ അധികാരം ഇന്ത്യാക്കാർക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതരായി. 1948 ജൂൺ 30നകം ഇന്ത്യയിലേക്ക് അധികാരം കൈമാറാൻ ബ്രിട്ടീഷ് പാർലമെന്റ് മൗണ്ട് ബാറ്റൺ പ്രഭുവിനെ ചുമതലപ്പെടുത്തി അയച്ചു. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു മൗണ്ട് ബാറ്റൺ. എന്നാൽ 1948 ജൂൺ 30 വരെ കാത്തിരിക്കാൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം അനുവദിക്കാൻ മൗണ്ട്ബാറ്റൻ തീരുമാനിച്ചു. രക്തച്ചൊരിച്ചിലോ കലാപമോ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിന്റെ രണ്ടാം വാർഷികമായതിനാലാണ് ഓഗസ്റ്റ് 15നെ അധികാര കൈമാറ്റത്തിനായി മൗണ്ട്ബാറ്റൻ തിരഞ്ഞെടുത്തത്.

1945 ഓഗസ്റ്റ് 15നാണ് ജപ്പാന്റെ ചക്രവർത്തി ഹിരോഹിതോ തന്റെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കീഴടങ്ങൽ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 6, 9 തീയതികളിൽ യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന് പിന്നാലെയാണ് ജപ്പാൻ കീഴടങ്ങിയത്. കീഴടങ്ങിയ അച്ചുതണ്ട് ശക്തികളിൽ അവസാനത്തെ രാജ്യമായിരുന്നു ജപ്പാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FREEDOM, INDEPENDENCE, INDIAN INDEPENDENCE, AUGUST 15
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360